
മയക്കുമരുന്നിന്റെ മായിക വിഭ്രാന്തിയിൽ സ്വന്തം മാതാവിനെ കഴുത്തറുത്തുകൊന്ന മകൻ, അമ്മയ്ക്കൊപ്പം അച്ഛനേയും കൊല്ലാനുറച്ച് അച്ഛന്റെ വരവും കാത്തിരിക്കുന്ന മകൻ, കണ്ണൂരിലെ ഉൾനാടൻ മലയോരഗ്രാമമായ കേളകത്തെ കൊളക്കാടിൽ അരങ്ങേറിയ കാഴ്ചയാണിത്... കേരളം ഞെട്ടിത്തരിച്ചുപോയ കാഴ്ച. സ്വബോധം തകർക്കുന്ന മാരക രാസലഹരികൾ നമ്മുടെ ഉൾനാടുകളെപ്പോലും പിടികൂടിക്കഴിഞ്ഞുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്. ചോരനനവ് മാറാത്ത ഉടുപ്പുകളും, അമ്മയുടെ ജീവനെടുത്ത കത്തിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ ഈ മകന്റെ ചിത്രം അത്രവേഗമൊന്നും ആർക്കും വിസ്മരിക്കാൻ കഴിയില്ല. കണ്ണൂർ കൊളക്കാട്ടിലെ ഈ ഭീതിദകാഴ്ച നാളെ കേരളത്തിലെ ഏതൊരു കോണിൽ ആവർത്തിച്ചാലും അതിൽ അത്ഭുതപ്പെടാനില്ല. അത്ര വേഗമാണ് മാരക രാസലഹരി യുവത്വത്തെ അപകടകരമാംവിധം പിടിക്കൂടിക്കഴിഞ്ഞിരിക്കുന്നത്.
കൊളക്കാട് താന്നിക്കുന്നിലെ മഠത്തിൽപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയും, മഹിളാമോർച്ചയുടെ കണ്ണൂർ ജില്ലാകമ്മിറ്റിയംഗവുമായ ഗീതമ്മ(50)യാണ് മകന്റെ കൊലക്കത്തിക്കിരയായി ദാരുണമായി കൊല്ലപ്പെട്ടത്. ബി.ജെ.പിയുടെ ജില്ലാനേതാവ് കൂടിയായിരുന്ന ഗീതമ്മ കേളകത്തും, താന്നിക്കുന്നിലും 'മൊണാലിസ' എന്ന പേരിൽ ബ്യൂട്ടിപാർലറും, ടൈലറിംഗ് ഷോപ്പും നടത്തിവരികയായിരുന്നു. സംഭവത്തിനുശേഷം മകൻ ക്രിസ്റ്റി(25) ആയുധവുമായി കേളകം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ബംഗളുരുവിൽ ബി.സി.എ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി അവിടെ വെച്ചാണ് ലഹരിയുടെ പിടിയിൽ അകപ്പെട്ടത്. ലഹരി ഉപയോഗം വർദ്ധിച്ചതോടെ പഠനമുപേക്ഷിച്ച് ക്രിസ്റ്റി നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. മയക്കുമരുന്നിന്റെ ആസക്തിയിൽ നിന്നും മകനെ മോചിപ്പിക്കാനുള്ള കഠിനാദ്ധ്വാനത്തിലായിരുന്നു പിതാവ് തങ്കച്ചനും, മാതാവ് ഗീതമ്മയും. പലവിധം ചികിത്സകളും കൗൺസിലിംഗുമെല്ലാം നടത്തിയെങ്കിലും രാസലഹരിയുടെ ചങ്ങലക്കണ്ണികളിൽ നിന്നും മോചിതനാകാൻ ആ യുവാവിന് കഴിഞ്ഞില്ല. ലഹരി വാങ്ങാനായി പണം ചോദിച്ചുകൊണ്ടുള്ള തർക്കങ്ങൾ പതിവായി. മകനെ നേർവഴിക്ക് നയിക്കാനായി ആ മാതാപിതാക്കൾ നടത്തിയ ശ്രമങ്ങൾ എല്ലാം തനിക്കെതിരായ നീക്കങ്ങളായാണ് ക്രിസ്റ്റി കണ്ടത്. അങ്ങനെയാണ് അവരെ തന്റെ മുഖ്യശത്രുക്കളായി അവൻ കരുതിയത്. സംഭവദിവസം പണമാവശ്യപ്പെട്ട ക്രിസ്റ്റിക്ക് ഗീതമ്മ പണം നൽകാതിരുന്നതാണ് അനിഷ്ടസംഭവങ്ങൾക്ക് വഴിയൊരുക്കിയത്. കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്റ്റി ഗീതമ്മയെ തള്ളിവീഴ്ത്തി, കഴുത്ത് കത്തികൊണ്ട് അറുത്തുമാറ്റിയത്. ആ സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. രാസലഹരി ഒരു വ്യക്തിയുടെ ചിന്താശേഷിയെ എങ്ങനെ തകിടം മറിക്കുന്നുവെന്നതിന്റെ അതിഭീകര ദൃശ്യം തന്നെയായിരുന്നു അത്.
ബി.ജെ.പിയുടെ പ്രാദേശിക നേതാവെന്ന നിലയിൽ പൊതുപ്രവർത്തനരംഗത്തും വളരെയധികം സജീവമായിരുന്നു ഗീതമ്മ. നാടിന്റേയും, നാട്ടുകാരുടേയും ക്ഷേമത്തിന് വേണ്ടിയുള്ള ഏത് പ്രവർത്തനത്തിന്റേയും മുൻനിരയിൽ നിറഞ്ഞുനിന്നിരുന്ന ഈ പൊതുപ്രവർത്തകയുടെ വേർപാട് നാടിന് തീരാനോവായി മാറിയിരിക്കുകയാണ്.
പേരാവൂർ ഡി.വൈ.എസ്.പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്. ക്രിസ്റ്റി ഇപ്പോൾ റിമാന്റിലാണ്.
എഫ്.ഐ.ആർ പ്രകാരം കൊലപാതകം നടന്നത് രാത്രി 8 നും 9 നും ഇടയിലാണ്. ഗീതമ്മയുടെ അനുജത്തിയുടെ ഭർത്താവ് ഗോഡ് ഫ്രേയുടെ പരാതി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഫോറൻസിക്ക് വിഭാഗം ഗീതമ്മയുടെ വീട്ടിലെത്തി വിശദപരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം, കൊളക്കാട് സെന്റ് തോമസ് ദേവാലയത്തിലാണ് സംസ്ക്കാരം നടന്നത്.
ഗീതമ്മയ്ക്ക് ഒരു മകളാണുള്ളത് ജിറ്റിമോൾ, അടുത്തിടെ വിവാഹിതയായ അവർ ഭർത്താവ് അഭിലാഷുമൊത്ത് കോഴിക്കോട്ടാണ് താമസം.
അപ്പനേയും കൊല്ലണം; അലറിവിളിച്ച് മകൻ ക്രിസ്റ്റി
'അപ്പനെ കിട്ടിയില്ല, അയാളെക്കൂടി കൊല്ലണം, എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്.' അമ്മയെ കഴുത്തറുത്ത് കൊന്ന മകൻ ക്രിസ്റ്റി ആയുധവും കയ്യിലെടുത്ത് വീട്ടിന്നകത്ത് നിന്ന് വിളിച്ചുപറഞ്ഞത് ഈവിധത്തിലായിരുന്നു. അമ്മയെ കൊലപ്പെടുത്തിയശേഷം അച്ഛനെയും കൊല്ലണമെന്നുറപ്പിച്ച് കുറേനേരം അയാൾ വീട്ടിൽ തന്നെ കാത്തിരിക്കുകയും ചെയ്തു. ബന്ധുക്കൾ ആരും വീട്ടിനകത്തേയ്ക്ക് കയറാൻ ക്രിസ്റ്റി സമ്മതിച്ചതുമില്ല. പിന്നീട് ഏറെ പണിപ്പെട്ടാണ് അയൽക്കാരൻ നിപുൺ ക്രിസ്റ്റിയെ അനുനയിപ്പിച്ചതും വീട്ടിന് പുറത്തേക്ക് കൊണ്ടുവന്നതും.
കൊല്ലപ്പെട്ട ഗീതമ്മയുടെ വീടിന് സമീപത്തായി, ഇവരുടെ തന്നെ വാടകക്കെട്ടിടത്തിലെ താമസക്കാരനാണ് നിപുൺ. രാത്രിയിൽ ഗീതമ്മയുടെ വീട്ടിൽ നിന്ന് നിലവിളിയും ബഹളവും കേട്ടാണ് നിപുൺ അവിടേക്ക് ഓടിയെത്തിയത്. അപ്പോൾ ക്രിസ്റ്റിയും മറ്റ് രണ്ടുപേരുമായി സംഘട്ടനത്തിലായിരുന്നു. ഗീതമ്മയുടെ സഹോദരൻമാരായിരുന്നു അത്. നിപുൺ അവരെ പിടിച്ചുമാറ്റിയപ്പോഴാണ് 'അവൻ കൊന്നു' എന്നൊരാൾ പറഞ്ഞത്. അകത്ത് കയറിനോക്കുമ്പോൾ ഗീതമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. ആശുപത്രിയിൽ കൊണ്ടുപോകാനായി നിപുൺ കാറ് എടുത്തുവന്നപ്പോഴേക്കും സഹോദരന്മാർ തളർന്ന് വീണ നിലയിലായിരുന്നു. ഒടുവിലാണ് മറ്റൊരു അയൽവാസിയെ ദിലീപിനെ വിളിച്ചുവരുത്തിയത്. ദിലീപാണ് പോലീസിനെ വിവരം അറിയിച്ചതും ആംബുലൻസ് എത്തിച്ചതും.
'അപ്പനേയും കൊല്ലും' എന്ന വാശിയിൽ നിന്ന ക്രിസ്റ്റിയെ അനുനയിപ്പിച്ച നിപുൺ ആണ് അയാളെ കേളകം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഗീതമ്മയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയുമായാണ് ക്രിസ്റ്റി പോലീസ് സ്റ്റേഷനിൽ എത്തിയത്. ശാന്തനായി പെരുമാറിയ അയാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുകയും ചെയ്തു.
അമ്മയെ കഴുത്തറുത്ത് വീഴ്ത്തിയശേഷം ക്രിസ്റ്റി ആദ്യം വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരി ജിറ്റിമോളെയാണ്. വിവരമറിഞ്ഞ് തകർന്നുപോയ അവർ ഉടൻതന്നെ ബന്ധുക്കളെ ഫോൺ ചെയ്ത് വിവരമറിയിച്ചു. അങ്ങനെയാണ് ബന്ധുക്കൾ വീട്ടിലേക്ക് എത്തിയതും രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന ഗീതമ്മയെ കണ്ടതും.
ക്രിസ്റ്റി ഗീതമ്മയെ കൊലപ്പെടുത്തുന്ന സമയത്ത്, പിതാവ് തങ്കച്ചന്റെ വൃദ്ധമാതാവ് ഏലിക്കുട്ടി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഏലിക്കുട്ടിയെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ക്രിസ്റ്റി ഗീതയുമായി വഴക്കിട്ടതും, ഒടുവിൽ കഴുത്തറുത്ത് വീഴ്ത്തിയതും. ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചൻ അയോത്തും ചാലിലെ റിസോർട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങളുമായി പുറത്തായിരുന്നു. അതിനാലാണ് മകന്റെ കൊലവാളിൽ നിന്നും ഈ പിതാവ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ തങ്കച്ചന് വീട്ടിലെത്തിയതോടെ ഹൃദയാഘാതമുണ്ടായി. അദ്ദേഹമിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്
ബോധം നഷ്ടമാകുന്ന രാസലഹരിയിലമർന്നതിനാലാണ് ക്രിസ്റ്റി ഈവിധമൊരു നിഷ്ഠൂര കൃത്യം ചെയ്തതെന്ന് വ്യക്തം. ലഹരിയുടെ ശക്തി അൽപ്പമൊന്ന് കുറഞ്ഞപ്പോഴാണ് അയാളൊന്ന് അയഞ്ഞതും, തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്താൻ സന്നദ്ധനായതും. ക്രിസ്റ്റി ലഹരിക്ക് അടിമയാണെന്ന് അറിയാമായിരുന്നുവെങ്കിലും, ഇത്രത്തോളം ക്രൂരമാംവിധത്തിൽ പെരുമാറുമെന്ന് ആരും കണക്കുകൂട്ടിയിരുന്നില്ല. കണ്ണൂരിലെ മലയോര ഉൾനാടൻ ഗ്രാമമായ കൊളക്കാട്ട് ഈ വിധത്തിൽ രാസലഹരി ഉന്മാദനൃത്തമാടുമെന്ന് ആരും കരുതിയിരുന്നതുപോലുമില്ല. ആ ഞെട്ടലിലാണ് കൊളക്കാട് ഗ്രാമം ഇപ്പോഴും..










