03:54am 25 June 2026
NEWS
ജതീന്ദ്രനാഥ് ദാസ്: ജീവിതംകൊണ്ടും മരണംകൊണ്ടും സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ച രക്തസാക്ഷി!
31/12/2025  04:21 PM IST
ഇ.വി പ്രകാശ്
ജതീന്ദ്രനാഥ് ദാസ്: ജീവിതംകൊണ്ടും മരണംകൊണ്ടും സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ച രക്തസാക്ഷി!

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം അനേകം ധീരരുടെ ജീവരക്തത്തിൽ കുതിർന്നതാണെന്ന് സുവിദിതമാണ്. അവരിൽതന്നെ സമാനതകളില്ലാത്ത ത്യാഗമനുഷ്ഠിച്ച പോരാളികളിൽ മുൻനിരയിൽ സ്ഥാനം നേടിയിട്ടുള്ള വിപ്ലവകാരിയാണ് ജതിൻ ദാസ് എന്നറിയപ്പെടുന്ന ജതീന്ദ്രനാഥ് ദാസ്. ലാഹോർ ജയിലിൽ 63 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ സ്വജീവൻ മാതൃരാജ്യത്തിന്റെ പോരാട്ടവേദിയിൽ അദ്ദേഹം സമർപ്പിച്ചു. 1929 സെപ്റ്റംബർ 13 ന് രക്തസാക്ഷിയാകുമ്പോൾ ജതിൻദാസിന് 25 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടന്ന ചർച്ചയിൽ, ജതിൻ ദാസിന്റെ രക്തസാക്ഷിത്വത്തെപ്പറ്റി സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായ എം.ആർ ജയ്കർ വേദനയോടെ പറഞ്ഞു:
'ജതീന്ദ്രനാഥ് ദാസ് ഇഞ്ചിഞ്ചായി മരിച്ചു. ഭക്ഷണം കഴിക്കാത്തതിനാൽ ഒരു കൈ പക്ഷാഘാതം മൂലം തളർന്നു. മറ്റേ കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ടു. അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമായി. മനുഷ്യന് ലഭിച്ച ഏറ്റവും വിലപ്പെട്ട വരദാനമായ കാഴ്ചയും നഷ്ടപ്പെട്ടു. കണ്ണുകളിലെ അഗ്‌നി, പതിയെപ്പതിയെ അണഞ്ഞു.'

ജതിൻ ദാസിന്റെ രക്തസാക്ഷിത്വം രാജ്യവ്യാപകമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നിഷ്ഠൂരതയ്‌ക്കെതിരെ പ്രതിഷേധത്തിന്റെ അഗ്‌നിയാളിച്ചു. ലാഹോർ ജയിലിൽ നിന്നും ജന്മനഗരമായ കൽക്കട്ടയിലേയ്ക്ക് ജതിൻ ദാസിന്റെ മൃതദേഹം കൊണ്ടുവരുവാൻ നേതാജി സുഭാഷ് ചന്ദ്രബോസ് 600 രൂപ അയച്ചു കൊടുത്തു. ജതിൻ ദാസിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് ലാഹോറിൽനിന്നും കൽക്കട്ടയിലേയ്ക്ക് പുറപ്പെട്ട ട്രെയിന്റെ വരവും കാത്ത് ആയിരക്കണക്കിന് ദേശസ്‌നേഹികൾ റെയിൽവേ സ്റ്റേഷനുകളിൽ കാത്തുനിന്നു. അവർ ദുഃഖവും അഭിമാനവും നിറഞ്ഞ മനസ്സുമായി ജതിൻ ദാസിന് അന്ത്യാഭിവാദനങ്ങൾ അർപ്പിച്ചു. ട്രെയിൻ ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ കൽക്കട്ട കോർപ്പറേഷൻ മേയർ ജെ.എം സെൻഗുപ്ത, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. പി.സി.റേ തുടങ്ങിയവരുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിനാളുകൾ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. കൽക്കട്ട ടൗൺഹാളിൽ ഒരു ദിവസം പൊതുദർശനത്തിനു വച്ചതിനു ശേഷം അടുത്ത ദിവസം ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ വിലാപയാത്രയ്ക്ക് കൽക്കട്ട നഗരം സാക്ഷ്യം വഹിച്ചു. 

നേതാജി സുഭാഷ് ചന്ദ്രബോസ് ചീഫ് കമാന്റന്റായിട്ടുള്ള നാഷണൽ കോൺഗ്രസിന്റെ കീഴിലുള്ള ബംഗാൾ വോളണ്ടിയേഴ്‌സിലെ ഒരു ലക്ഷം പേർ യൂണിഫോമിൽ മൃതദേഹത്തിന്റെ മുന്നിൽ മാർച്ച് ചെയ്തു. ഹൗറ സ്റ്റേഷൻ മുതൽ കേവഡതല്ല ശ്മശാനം വരെയുള്ള വിലാപയാത്രയിൽ 6 ലക്ഷം പേർ പങ്കെടുത്തു. ജതിൻദാസിന്റെ പിതാവ് ബങ്കിംചന്ദ്രദാസ് പറഞ്ഞു: ''എന്റെ മകനെക്കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട്, ഇന്നത്തെ ദിനത്തിൽ ഏറ്റവും ഭാഗ്യവാനായ പിതാവാണ് ഞാനെന്ന് കരുതുന്നു. എന്റെ മകന്റെ ഈ ശ്രദ്ധേയമായ സ്വയംത്യാഗം, അദ്ദേഹം സ്വപ്നം കണ്ടിരുന്ന പുതുകാലത്തിന് തുടക്കം കുറിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ആ ആശ്വാസത്തോടെയാണ് ഞാൻ എന്റെ മഹത്തായ നഷ്ടം സഹിച്ചുകൊണ്ടിരിക്കുന്നത്.

അല്ലയോ ഭാരത സന്താനങ്ങളേ, ഏതൊരു രാജ്യദ്രോഹികളാണോ മാതൃഭൂമിയെ വിദേശിയരുടെ കരങ്ങളിൽ സമർപ്പിച്ചത്, അവരുടെ പാപത്തിന്റെ പ്രായ്ശ്ചിത്തമെന്ന നിലയ്ക്ക് ഞാനെന്റെ പുത്രനെ കണ്ണീരോടെ നിങ്ങളുടെ പാദങ്ങളിൽ സമർപ്പിക്കുന്നു!

മാതൃരാജ്യത്തിനുവേണ്ടി  രക്തസാക്ഷികളായ അനേകം യുവതി-യുവാക്കളുടെ മാതാപിതാക്കൾ അത്യഗാധമായ ദുഃഖത്തിലും അഭിമാനത്തോടെ ശിരസ്സുയർത്തി നിന്നു. അവരുടെ രാജ്യസ്‌നേഹവും ആത്മധൈര്യവും ദേശാഭിമാനികളുടെ രണവീര്യത്തെ ജ്വലിപ്പിക്കുവാൻ പോന്നതായിരുന്നു.
ബ്രിട്ടീഷ് ജയിലിൽ 74 ദിവസം നിരാഹാരമനുഷ്ഠിച്ചതിനെ തുടർന്ന് രക്തസാക്ഷിയായ ഐറിഷ് വിപ്ലവകാരി ടെറൻസ് മാക്‌സ്വിനിയുടെ ജീവിതപങ്കാളി മേരി മക്‌സ്വിനി ജതിൻദാസിന്റെ രക്തസാക്ഷിത്വമറിഞ്ഞ് മേയർ ജെ.എം സെൻഗുപ്തയ്ക്ക് അയച്ച കത്തിൽ പറയുന്നു: ' ടെറൻസ് മക്‌സ്വിനിയുടെ കുടുംബം, ശോകത്തിലും അഭിമാനത്തിലും ജതിൻദാസിന്റെ ആത്മദാനത്തിൽ ഇന്ത്യൻ ജനതയോടൊപ്പമുണ്ട്.'
ഡബ്ലിനിൽനിന്നും ഐറിഷ് റിപ്പബ്ലിക്കൻ അസോസിയേഷൻ നേതാവ് ഒ'കെല്ലി മേയർക്കെഴുതി:'ജതിൻ ദാസിന്റെ രക്തസാക്ഷിത്വം ഇന്ത്യക്ക് അദ്ദേഹം ആഗ്രഹിച്ച സ്വാതന്ത്ര്യം നേടിത്തരട്ടെ'.

സമുന്നതനായ ഐറിഷ് വിപ്ലവകാരി ഡി.വലേറ പറഞ്ഞു: 'ജതിൻ ദാസ് മരിച്ചിട്ടില്ല. അദ്ദേഹം ഇന്ത്യൻ മക്‌സ്വിനിയാണ്.' ആന്റി ഇംപീരിയലിസ്റ്റ് അസ്സോസിയേഷൻ, ഐറിഷ് റിപ്പബ്ലിക്കൻ ആർമി, വനിതാ തടവുകാരുടെ പ്രതിരോധലീഗ്, സ്റ്റുഡന്റ്‌സ് ലീഗ് തുടങ്ങിയ നിരവധി സംഘടനകൾ അനുശോചനക്കുറിപ്പുകൾ അയച്ചു. ജതിൻദാസിന്റെ രക്തസാക്ഷിത്വം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധപ്പോരാളികളെ പ്രചോദിപ്പിച്ചു.

പ്രതിബന്ധങ്ങളിൽ പതറാത്ത വിപ്ലവജീവിതം

1904 ഒക്ടോബർ 27 ന് കൽക്കട്ടയിലെ ഭവാനിപൂരിൽ, ഒരു ദരിദ്രകുടുംബത്തിലാണ് ജതീന്ദ്രനാഥ് ദാസ് ജനിച്ചത്. എട്ടാമത്തെ വയസ്സിൽ അമ്മ മരിച്ചു. ഏഴ് സഹോദരങ്ങളിൽ 3 സഹോദരരും ഒരു സഹോദരിയും അവരുടെ ബാല്യത്തിൽ തന്നെ മരണപ്പെട്ടു. ജതിൻ നന്നായി പഠിക്കുന്ന വിദ്യാർത്ഥി ആയിരുന്നു. ഭവാനിപൂരിലെ മിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും മെട്രിക്കുലേഷനും സൗത്ത് സബർമൻ കോളേജിൽനിന്നും ഇന്റർമീഡിയറ്റും ജതിൻദാസ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി. 'ഒരു വർഷത്തിനുള്ളിൽ സ്വരാജ്യം' എന്ന മുദ്രാവാക്യമുയത്തി, 1921 ൽ മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത നിസ്സഹകരണ സമരത്തിൽ പങ്കെടുക്കുവാൻ ജതിൻ ദാസ് വിദ്യാഭ്യാസം ഉപേക്ഷിച്ചു. എന്നാൽ, ജതിന്റെ പിതാവ് മകന്റെ നടപടിയെ എതിർത്തു. ജതിൻ വീടുവിട്ട് ഭവാനിപൂരിലെ കോൺഗ്രസ് ഓഫീസിലേയ്ക്ക് താമസം മാറ്റി, പൂർണ്ണസമയവും സ്വാതന്ത്ര്യ സമരത്തിൽ മുഴുകി. 1921 ൽ ബംഗാളിലുണ്ടായ ഭയാനകമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ ജതിൻദാസ് മുന്നിട്ടിറങ്ങി. ജതിന്റെ ത്യാഗസന്നദ്ധതയും സഹാനുഭൂതിയോടെയുള്ള ഇടപെടലും സാധാരണ ജനങ്ങളുടെ സ്‌നേഹാദരങ്ങൾ നേടുന്നതിന് ഇടവരുത്തി. 1921 ൽ ഒരു യോഗത്തിൽ പങ്കെടുത്ത് പ്രസംഗിച്ചതിന് ജതിൻ ദാസിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആദ്യത്തെ ജയിൽവാസം 4 ദിവസമായിരുന്നു. 1922 ഫെബ്രുവരി 5 ന് ഉത്തർപ്രദേശിലെ ചൗരിചൗരയിൽ മദ്യഷാപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിവച്ചു. 3 സ്വാതന്ത്ര്യസമര സേനാനികൾ കൊല്ലപ്പെട്ടു. ജനങ്ങൾ പോലീസിനെതിരെ തിരിഞ്ഞു. ഇൻസ്‌പെക്ടറും മറ്റ് പോലീസുകാരും പിൻതിരിഞ്ഞോടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ജനങ്ങൾ സ്റ്റേഷനു തീയിട്ടു. 22 പോലീസുകാർ കൊല്ലപ്പെട്ടു. ആ സംഭവത്തെ തുടർന്ന് മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം പൊടുന്നനെ നിർത്തിവച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വീറോടെ പൊരുതി വന്ന നേതാക്കൾക്കും ജനങ്ങൾക്കും അത് വലിയൊരാഘാതമായി. ജതിൻദാസും ഗാന്ധിയുടെ നിലപാടിനോട് വിയോജിച്ചു.  1922-ൽ വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. ഒരു മാസത്തെ കഠിന തടവായിരുന്നു ശിക്ഷ. വിദേശവസ്ത്ര ബഹിഷ്‌കരണത്തെ തുടർന്ന്,1922 ഒക്ടോബറിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 3 മാസം കഠിന തടവിന്  വിധിക്കപ്പെട്ടു. 6 മാസത്തിനിടയിൽ ജതിൻദാസ് 3 തവണ ജയിലിലടയ്ക്കപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന് കേവലം 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പഠനം പുനരാരംഭിച്ച ജതിൻ 1924- ൽ കൽക്കട്ട യൂണിവേഴ്‌സിറ്റിയിൽനിന്നും ഫസ്റ്റ് ക്ലാസ്സിൽ ഇന്റർമീഡിയേറ്റ് പാസ്സായി. തുടർന്ന് അദ്ദേഹം ബംഗാബാസി കോളേജിൽ ബി.എയ്ക്ക് ചേർന്നു. 1924 ൽ സൗത്ത് കൽക്കട്ട കോൺഗ്രസ് കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി. 1924 ൽ വടക്കൻ ബംഗാളിലുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജതിൻ നേതൃത്വം നൽകി. ആ വർഷം തന്നെ ജതിൻ ദാസിന്റെ നേതൃത്വത്തിൽ കൽക്കട്ട യൂത്ത് അസ്സോസിയേഷൻ ആരംഭിച്ചു. ദരിദ്രരെ സഹായിക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം. 

1925 ൽ ബംഗാൾ ഓർഡിനൻസ് എന്നറിയപ്പെട്ട ബംഗാൾ ക്രിമിനൽ നിയമഭേദഗതി നിലവിൽ വന്നു. വിപ്ലവ പ്രവർത്തനങ്ങൾക്ക് തടയിടുക എന്നതായിരുന്നു ഓർഡിനൻസിന്റെ ലക്ഷ്യം. നവംബർ 5 ന് ജതിൻദാസ് അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യം പ്രസിഡൻസി ജയിലിലും പിന്നീട് മിഡ്‌നാപ്പൂർ സെൻട്രൽ ജയിലിലും ജതിൻ അടയ്ക്കപ്പെട്ടു. അവിടെവച്ച് സൂര്യാഘാതമേറ്റ് ബോധരഹിതനായതിനെ തുടർന്ന്, ചികിത്സാർത്ഥം ജതിനെ ആലിപ്പൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ആരോഗ്യം അൽപ്പം മെച്ചപ്പെട്ടപ്പോൾ അദ്ദേഹത്തെ ധാക്ക സെൻട്രൽ ജയിലേയ്ക്ക് മാറ്റി. ധാക്ക ജയിലിൽ തികച്ചും മോശം അനുഭവങ്ങളാണ് ജതിന് ഉണ്ടായത്. ലെഫ്റ്റനെന്റ് കേണൽ ഒ' ബ്രയാൻ സെല്ലുകൾ സന്ദർശിക്കുമ്പോൾ തടവുകാർ എഴുന്നേറ്റ് അദ്ദേഹത്തെ വണങ്ങണമായിരുന്നു. എന്നാൽ, ജതിൻ ദാസ് അതിനു തയ്യാറായില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കുമ്പിടുന്നത് അദ്ദേഹത്തിന് അപമാനകരമായിരുന്നു. തന്നെ കണ്ടിട്ടും ജതിൻ ദാസ് എഴുന്നേൽക്കുന്നില്ല എന്നു കണ്ടപ്പോൾ ഒ' ബ്രയാൻ കോപാകുലനായി ആക്രോശിച്ചു: 'ടോ പയ്യൻ, ഞാൻ നിന്റെ തന്തയാണ്. എന്നെക്കാണുമ്പോൾ എഴുന്നേറ്റ് വണങ്ങണം.' അതുകേട്ട് ജതിൻ ദാസ് ഒ' ബ്രയാന്റെ നേർക്ക് ചാടിവീണുകൊണ്ട് പറഞ്ഞു: 'നിന്റെ വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ, തലയോട്ടി അടിച്ച് പൊട്ടിക്കും ഞാൻ.'

ബ്രിട്ടീഷ് ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന കാരണത്താൽ ജതിനെതിരെ കേസെടുത്തു. എന്നാൽ ജതിൻദാസ് എന്ന പോരാളി വിട്ടുകൊടുക്കുവാൻ തയ്യാറായില്ല. അദ്ദേഹം സെല്ലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ചു. ഇരുപത്തിയൊന്നാം ദിവസം ലെഫ്റ്റനെന്റ് കേണൽ ഒ' ബ്രയാൻ മാപ്പ് പറഞ്ഞതിനുശേഷമാണ് ജതിൻ നിരാഹാരസമരം അവസാനിപ്പിച്ചത്. 3 വർഷത്തെ തടവിനുശേഷം 1928 സെപ്റ്റംബർ 29 ന് ജതിൻദാസ് ജയിൽമോചിതനായി.

1928 ൽ ജതിൻ ദാസ് ബംഗാൾ വോളണ്ടിയേഴ്‌സിന്റെ കൽക്കട്ട സൗത്ത് ഓഫീസർ ഇൻ കമാന്റന്റായി. ആയിരക്കണക്കിന് യുവാക്കളുടെ സ്വാഭാവിക നേതൃത്വമായി അദ്ദേഹം മാറി. മുടങ്ങിപ്പോയ ബി.എ പഠനം  പുനരാരംഭിച്ചു. എന്നാൽ, 1929 ജൂൺ 11 ന് ലാഹോർ ഗൂഢാലോചന കേസിൽ ജതിൻ അറസ്റ്റിലായി. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയർന്നുവന്ന ശക്തമായ ജനരോഷത്തെ തണുപ്പിക്കുവാൻ, ഇന്ത്യക്കാർക്ക് സ്വതന്ത്രമായി ഭരിക്കുവാൻ കഴിവുണ്ടോയെന്ന് പരിശോധിക്കുവാനെന്നവണ്ണം രൂപീകരിക്കപ്പെട്ടതാണ് സർ സൈമണിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ. എന്നാൽ ആ കമ്മീഷനിൽ ഇന്ത്യൻ പൗരത്വമുള്ള ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സൈമൺ കമ്മീഷനെ ബഹിഷ്‌ക്കരിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചു. സൈമൺ കമ്മീഷൻ ലാഹോറിൽ എത്തിയപ്പോൾ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ വലിയൊരു ജനക്കൂട്ടം 'സൈമൺ ഗോബാക്ക് ' വിളികളുമായി പ്രതിഷേധിച്ചു. എന്നാൽ, ഡെപ്യൂട്ടി സൂപ്രണ്ട് സ്‌കോട്ടിന്റെയും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ജെ.പി സാൻഡേഴ്‌സന്റെയും ആജ്ഞയനുസരിച്ച് പോലീസ് ലാത്തിച്ചാർജ്ജ് നടത്തി. ലാലാജിയെ ക്രൂരമായി തല്ലിച്ചതച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 1928 നവംബർ 17 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

 ലാലാജിയുടെ രക്തസാക്ഷിത്വത്തിന് പകരം വീട്ടുവാൻ ചന്ദ്രശേഖർ ആസാദിന്റെയും ഭഗത് സിംഗിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവന്ന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ തീരുമാനിച്ചു. 1928 ഡിസംബർ 17 ന്, ലാലാജി കൊല്ലപ്പെട്ട് കൃത്യം ഒരു മാസം തികയുന്ന ദിവസം ഭഗത്‌സിംഗും ആസാദും രാജ്ഗുരുവും സ്‌കോട്ടിന്റെ ഓഫീസിലെത്തി, ജെ.പി സാൻഡേഴ്‌സണെ വെടിവച്ച് കൊന്നു. സ്‌കോട്ടെന്ന് കരുതി തെറ്റിദ്ധരിച്ചാണ് അവർ സാൻഡേഴ്‌സണെ വകവരുത്തിയത്. അത് ലാഹോർ ഗൂഢാലോചന ക്കേസ് എന്നാണ് അറിയപ്പെട്ടത്. അതിനോടകം ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷന്റെ സജീവാംഗമായി മാറിയ ജതിൻ ദാസും മറ്റ് വിപ്ലവകാരികളോടൊപ്പം ആ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. വിപ്ലവകാരികളെ വിചാരണയില്ലാതെ തടവിലിടാനും നാടുകടത്താനും വധിക്കുവാനും ലക്ഷ്യമിട്ട് കൊണ്ടുവന്ന പൊതുസുരക്ഷാ ബില്ലും തൊഴിൽതർക്ക ബില്ലും ഡൽഹി സെൻട്രൽ അസംബ്ലി ഹാളിൽ അവതരിപ്പിക്കുമ്പോൾ അവിടെ ഒരു ബോംബ് പൊട്ടിത്തെറിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ബധിരകർണ്ണങ്ങൾ തുറപ്പിക്കുവാനുള്ള ആ ശബ്ദ ബോംബ് (ആളപായം ഉദ്ദേശിച്ചുള്ള ബോംബായിരുന്നില്ല) എറിഞ്ഞത് ഭഗത്‌സിംഗും ബദുകേശ്വർ ദത്തുമായിരുന്നു. ആ ബോംബ് നിർമ്മിച്ചത് ജതിൻ ദാസ് ആയിരുന്നു.

മഹത്തായ നിരാഹാര സമരം

ലാഹോർ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ജതിൻദാസ് കൽക്കട്ടയിലെ തന്റെ സഹപ്രവർത്തകരോട് പറഞ്ഞു: 'ഒരുപക്ഷേ, ഞാനിനി തിരിച്ചു വരില്ലായിരിക്കാം. പക്ഷേ, വോളണ്ടിയർ സേനയെ സജീവമാക്കി നിലനിർത്തുക, അത് തകരാതെ നോക്കണം.'
ജതിന്റെ വാക്കുകൾ അർത്ഥവത്തായി. കൽക്കട്ടയിലേയ്ക്ക്  തിരിച്ചുവന്നത് ജതിൻ ദാസിന്റെ ജീവനറ്റ ശരീരമായിരുന്നു. ലാഹോർ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ 23 പേരെ രാഷ്ട്രീയത്തടവുകാരായി പരിഗണിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഭഗത്‌സിംഗും ബദുകേശ്വർ ദത്തുമാണ് സെല്ലിൽ നിരാഹാരസമരം ആരംഭിച്ചത്. തുടർന്ന്, 11 വിപ്ലകാരികളും ഒരു മാസത്തിനു ശേഷം ജൂലൈ 13 ന് ജതിൻ ദാസും നിരാഹാര സമരം ആരംഭിച്ചു. നിരാഹാരസമരം തുടങ്ങുന്നതിന് മുൻപ് ജതിൻ ദാസ് പറഞ്ഞു: 'ഞാൻ അവസാന ശ്വാസം വരെ പോരാടും.' പിന്നീട് ലോകം കണ്ടത് അക്ഷരാർത്ഥത്തിൽ അവസാനശ്വാസം വരെ ജതിൻ ദാസ് പോരാടുന്നതാണ്. വിപ്ലവകാരികളെ പാർപ്പിച്ചിരുന്ന സെല്ലുകൾ വൃത്തിഹീ നമായിരുന്നു. ഭക്ഷണമാവട്ടെ, ഏറ്റവും തരംതാണതും പഴയതുമായിരുന്നു. പല ദിവസങ്ങൾ കഴിഞ്ഞാണ് ദിനപ്പത്രങ്ങൾ ലഭ്യമായിരുന്നത്. ഇതു പോലുള്ള നിരവധി പ്രശ്‌നങ്ങൾ ഉയർത്തിയാണ് നിരാഹാരസമരം ആരംഭിച്ചത്. ജൂലൈ 18 ന് സഹോദരൻ കിരൺദാസ് ജതിനെ ഏകാന്തത്തടവിൽനിന്നും മാറ്റുവാൻ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല. ജൂലൈ 20 ന് പുറത്തിറങ്ങിയ വന്ദേമാതരത്തിൽ ജതിന്റെ ആരോഗ്യനിലയെപ്പറ്റി ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. 'ജതിൻ ദാസിന്റെ ആരോഗ്യനില വഷളായിരിക്കുന്നു. ബലം പ്രയോഗിച്ച് ഭക്ഷണം നൽകാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന്റെ മൂക്കിൽ നിന്നും രക്തപ്രവാഹമുണ്ടായി. ജതിൻ ദാസിന് ന്യുമോണിയ ബാധിച്ചു. അദ്ദേഹത്തിന്റെ ശരീരഭാരം 132 പൗണ്ടിൽ നിന്നും 112 പൗണ്ടായി കുറഞ്ഞു.'

ഒരു ഡോക്ടറുടെ നേതൃത്വത്തിൽ 7 പോലീസുകാർ ചേർന്ന് ജതിൻ ദാസിനെ ബലമായി പിടിച്ച് മൂക്കിലൂടെ ട്യൂബിട്ട് പാല് കുടിപ്പിക്കുവാൻ ശ്രമം നടത്തി. ജതിൻ അതിനെതിരെ പൊരുതിയെങ്കിലും ട്യൂബ് ശ്വാസകോശത്തിലും അന്നനാളത്തിലും മുറിവുകളുണ്ടാക്കി.
കിടക്കയിൽനിന്നും അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ജതിനെന്ന് പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ലാല ദുനിചന്ദ് സർക്കാരിനെ അറിയിച്ചു. ആരോഗ്യം തീരെ മോശമായ ഘട്ടത്തിൽ ജതിൻ ദാസിന്റെ മോചനത്തിനായി ജഗദീഷ് ചന്ദ്ര എന്നൊരാൾ കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. കോടതി അതനുവദിച്ചെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ നിരാഹാരസമരം അവസാനിപ്പിക്കുവാൻ ജതിൻദാസ് ഒരുക്കമായിരുന്നില്ല. സംസാരശേഷിയും കാഴ്ചശക്തിയും പൂർണ്ണമായും നഷ്ടപ്പെട്ട് 1929 സെപ്റ്റംബർ 13 പുലർച്ചെ 1.05 ന് ജതീന്ദ്രനാഥ് ദാസ് രക്തസാക്ഷിത്വം വരിച്ചു. കൽക്കട്ടയിൽ തന്റെ അമ്മയെയും സഹോദരിയെയും സംസ്‌കരിച്ചതിനടുത്തുത്തന്നെ ദഹിപ്പിക്കണമെന്നായിരുന്നു ജതിന്റെ അന്ത്യാഭിലാഷം!

വിപ്ലവധാരയിലെ പോരാളികളെ വിസ്മരിക്കരുത്

ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ ജതീന്ദ്രനാഥ് ദാസിനെപ്പോലുള്ള അനേകലക്ഷം വിപ്ലവകാരികളുടെ ജീവിതം തമോഗർത്തത്തിലാണ്ടു കിടക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയെന്നത്, അഹിംസയിലധിഷ്ഠിതമായ സത്യഗ്രഹ സമരത്തിലൂടെ രക്തരഹിതമായി ലഭിച്ചുവെന്ന കഥയ്ക്കാണ് പ്രാമുഖ്യം. എന്നാൽ, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനമെന്നത് പ്രധാനമായും രണ്ട് ധാരകളായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ഒന്നാമത്തേത്, ബ്രിട്ടീഷ് സാമ്രാജ്യത്വവുമായും ഇന്ത്യൻ ബൂർഷ്വാസിയുമായും ഫ്യൂഡൽ മൂല്യങ്ങളുമായും സന്ധി ചെയ്ത ധാര. രണ്ടാമത്തേത്, മേൽപ്പറഞ്ഞ ഒന്നിനോടും സന്ധി ചെയ്യാതെ, അടിച്ചമർത്തലും ചൂഷണവുമില്ലാത്ത പുതിയൊരിന്ത്യക്കു വേണ്ടി ആത്മാഭിമാനത്തോടെ പൊരുതിയ ധാരഖുദിറാം ബോസിൽ നിന്നു തുടങ്ങി, ഭഗത്‌സിംഗ്, ആസാദ്, സൂര്യസെൻ തുടങ്ങിയവരിലൂടെ വികസിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിൽ പൂർണ്ണരൂപം പ്രാപിച്ച അനനുരഞ്ജന സമരധാര. ഭരണാധികാരികൾ ബോധപൂർവ്വം വിസ്മരിക്കുന്ന സന്ധിയില്ലാതെ ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് പൊരുതിയ വിപ്ലവകാരികളെ പഠിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണത്.ആ ധാരയിലെ മഹാനായ വിപ്ലവകാരിയായിരുന്നു രക്തസാക്ഷി ജതീന്ദ്രനാഥ് ദാസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img