
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കാരോട് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ വലയിലായി. കൊല്ലം അയത്തിൽ സ്വദേശിയായ ടി എസ് സന്ദീപ് എന്ന ഉദ്യോഗസ്ഥനെയാണ് തിരുവനന്തപുരം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ പരാതിക്കാരനിൽ നിന്ന് പലതവണയായി ആകെ 4000 രൂപ കൈപ്പറ്റിയതായാണ് കണ്ടെത്തൽ.
നെയ്യാറ്റിൻകര കാരോട് സ്വദേശിയായ പരാതിക്കാരൻ 2024-ൽ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ അംഗീകരിച്ചതിനെ തുടർന്ന് നാല് ലക്ഷം രൂപ അനുവദിക്കുകയും ആദ്യ ഗഡുവായി 40,000 രൂപ ലഭിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ പരാതിക്കാരന്റെ വീടും സ്ഥലവും സന്ദർശിച്ച സന്ദീപ് പിന്നീട് ഓഫിസിലെത്തിയ പരാതിക്കാരനിൽ നിന്ന് 500 രൂപ വാങ്ങിയെന്നാണ് ആരോപണം.
തുടർന്ന് രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ അനുവദിച്ച സമയത്തും ഇയാൾ 1000 രൂപ കൂടി വാങ്ങിയതായി പരാതിയിൽ പറയുന്നു. മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിച്ച ശേഷവും തുക പാസാക്കുന്നതിൽ കാലതാമസം ഉണ്ടായതോടെ പരാതിക്കാരൻ പഞ്ചായത്ത് ഓഫിസിൽ എത്തി അന്വേഷിച്ചു. അപ്പോൾ 2500 രൂപ കൂടി നൽകിയാൽ മാത്രമേ തുക അനുവദിക്കൂവെന്ന് സന്ദീപ് ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിനിടെ കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനെ സമീപിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം തിങ്കളാഴ്ച വൈകിട്ട് കാരോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിന് സമീപം വെച്ച് 2500 രൂപ വാങ്ങുന്നതിനിടെ സന്ദീപിനെ വിജിലൻസ് കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.










