
പെരുമ്പാവൂർ: ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് വിജ്ഞാന പുരസ്കാരം ഗവർണർ രാജേന്ദ്ര അർലേക്കർ സമർപ്പിച്ചു. കുട്ടികളിൽ ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന വിക്രം സാരാഭായ് വിജ്ഞാൻ സ്കോളർഷിപ്പിനും ചടങ്ങിൽ തുടക്കമായി.
പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നടന്ന ചടങ്ങിലാണ് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം ഗവർണർ സമ്മാനിച്ചത്. കൊച്ചി ആസ്ഥാനമായ വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ (വി.എസ്.എസ്.എഫ് ) ഏർപ്പെടുത്തിയതാണ് പുരസ്കാരം.
ശാസ്ത്രസ്വപ്നങ്ങൾ സാക്ഷാത്കരിച്ചതാണ് തന്റെ ജീവിതവിജയമെന്ന് രാകേഷ് ശർമ്മ പറഞ്ഞു. സോവ്യറ്റ് ബഹിരാകാശ പദ്ധതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ബഹിരാകാത്തെ നേട്ടങ്ങൾ സ്വന്തമാക്കിയത്. അത്ഭുതം നിറഞ്ഞ അനുഭവങ്ങളാണ് തന്റെ ശാസ്ത്ര ജീവിതത്തിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
രാകേഷ് ശർമ്മ രാജ്യത്തിന്റെ അഭിമാനവും പ്രചോദനവുമാണെന്ന് ഗവർണർ പറഞ്ഞു. രാകേഷിന്റേത് അതുല്യമായ നേട്ടങ്ങളാണ്. രാജ്യത്തിന്റെ ഭാവി ശാസ്ത്രജ്ഞരുടെ കരങ്ങളിലാണ്. യുവതലമുറ തൊഴിലേന്വേഷകരായി മാറാതെ തൊഴിൽ സൃഷ്ടിക്കുന്നവരായി വളരണം. വിക്രംസാരാഭായ് വിജ്ഞാന പുരസ്കാരം ശാസ്ത്രീയ മികവിന്റെയും ദർശനപരമായ ചിന്തയെ ആദരിക്കുന്നതിന്റെയും വേദിയാണന്നും അദ്ദേഹം പറഞ്ഞു.
വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ഇന്ദിര രാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് പ്രത്യേക പ്രഭാഷണം നടത്തി. വിക്രം സാരാഭായ് വിജ്ഞാൻ സ്കോളർഷിപ്പിന്റെ ഉദ്ഘാടനം ഗവർണർ നിർവഹിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറീസ് എക്സിക്യുട്ടീവ് ഡയറക്ടർ ചാക്കോ എം. തോമസ് പദ്ധതിരേഖ ഏറ്റുവാങ്ങി. കൊച്ചി അമൃത ആശുപത്രിയിലെ നെക്ക്, ഹെഡ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ ആശംസകൾ നേർന്നു. ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടറും പ്രഗതി അക്കാഡമി പ്രിൻസിപ്പലുമായ സുചിത്ര ഷൈജിന്ത്, വി.എസ്.എസ്.എഫ് എക്സിക്യുട്ടീവ് ഡയറക്ടർ സുമിത്ര സുനിൽ നന്ദിയും പറഞ്ഞു.
പ്രഗതി അക്കാഡമിയിലെ വിദ്യാർത്ഥികളുമായി രാകേഷ് ശർമ്മ സംവദിച്ചു. തന്റെ ജീവിതവും പ്രവർത്തനമേഖലകളിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
Photo Courtesy - Google








