04:04pm 19 September 2026
NEWS
ലൈഫ് ഭവനപദ്ധതിയിൽ റാണി ലക്ഷ്മി നടത്തിയത് വൻ തട്ടിപ്പ്; സീതത്തോടിന് പിന്നാലെ അരുവാപ്പുലത്തും ക്രമക്കേട്; അന്വേഷണം വ്യാപിപ്പിച്ച് അധികൃതർ
04/09/2026  11:24 AM IST
nila
ലൈഫ് ഭവനപദ്ധതിയിൽ  റാണി ലക്ഷ്മി നടത്തിയത് വൻ തട്ടിപ്പ്; സീതത്തോടിന് പിന്നാലെ അരുവാപ്പുലത്തും ക്രമക്കേട്; അന്വേഷണം വ്യാപിപ്പിച്ച് അധികൃതർ

പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകൾക്ക് പിന്നാലെ അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടന്നതായി പരിശോധനയിൽ വ്യക്തമായി.

സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപയുടെ ക്രമക്കേടാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ജനകീയാസൂത്രണ ഭവനനിർമാണ പദ്ധതി, വീട് മെയിന്റനൻസ്, ശുചിമുറി നവീകരണം തുടങ്ങിയ പദ്ധതികളിൽ ബന്ധുക്കളെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യം കൈമാറിയെന്നാണ് കണ്ടെത്തൽ.

തണ്ണിത്തോട് പഞ്ചായത്തിൽ ഏകദേശം രണ്ടു ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പഞ്ചായത്ത് അധികൃതരാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും റാണി ലക്ഷ്മിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ സീതത്തോട് പഞ്ചായത്തിലും പരിശോധന നടത്തിയതോടെയാണ് വലിയ തോതിലുള്ള ക്രമക്കേടുകൾ പുറത്തുവന്നത്.

ഇതിനിടെ അരുവാപ്പുലം പഞ്ചായത്തിലും 12 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. എന്നാൽ വിശദമായ പരിശോധന പൂർത്തിയായ ശേഷമേ കൃത്യമായ നഷ്ടത്തുക വ്യക്തമാകൂ.

നിലവിൽ കണ്ടെത്തിയ തുകയേക്കാൾ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും. തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫിസർ വിനീതാ സോമന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു.

തണ്ണിത്തോട് പഞ്ചായത്ത് നൽകിയ പരാതിയിലാണ് പൊലീസ് റാണി ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ഇവർ. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതോടെ തട്ടിപ്പിന്റെ വ്യാപ്തിയും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതും വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img