
ദോഹ: ഖത്തറിലെ ആരോഗ്യ സ്ഥാപനങ്ങളുടെ നിർമ്മാണത്തിനുള്ള ലൈസൻസിംഗ് നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി, പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നഗരസഭ മന്ത്രാലയത്തിന്റെ കെട്ടിട നിർമ്മാണ പെർമിറ്റ് സംവിധാനവുമായി (Building Permit System) ഇലക്ട്രോണിക് സംയോജനം പൂർത്തിയാക്കി. പുതിയ പരിഷ്കാരം നിലവിൽ വന്നതോടെ നിക്ഷേപകർക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും അനുമതികൾ ലഭ്യമാകും.
നേരത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ എഞ്ചിനീയറിംഗ് ഡ്രോയിംഗുകൾ അംഗീകരിക്കുന്നതിനായി നിക്ഷേപകർ പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നേരിട്ട് എത്തണമായിരുന്നു. എന്നാൽ ഇനി മുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് സംവിധാനം വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മന്ത്രാലയത്തിലെ അംഗീകൃത എഞ്ചിനീയർമാർ ഈ പ്ലാറ്റ്‌ഫോമിലൂടെ തന്നെ ഡ്രോയിംഗുകൾ പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകുകയും അനുമതി ലഭ്യമാക്കുകയും ചെയ്യുമെന്ന് ഹെൽത്ത് ഫെസിലിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ഹനാൻ അൽ ശംലാൻ പറഞ്ഞു.
പ്രാഥമിക അനുമതി ലഭിച്ചു കഴിഞ്ഞാൽ നിക്ഷേപകർക്ക് എഞ്ചിനീയറിംഗ് ഡ്രോയിംഗുകൾ ഓൺലൈനായി സമർപ്പിക്കാം. നടപടികൾ പൂർത്തിയാകുന്നതോടെ ലൈസൻസ് അനുവദിക്കും.പുതിയ സംവിധാനത്തെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയവും നഗരസഭ മന്ത്രാലയവും സംയുക്തമായി പരിശീലന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. അപേക്ഷകൾ കൈകാര്യം ചെയ്യേണ്ട രീതി, സമയപരിധി, വിവിധ അനുമതികൾ നൽകുന്ന വിധം എന്നിവയിൽ ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനം നൽകി. പേപ്പർ രഹിത ഇടപാടുകളിലൂടെ സേവനം വേഗത്തിലാക്കുകയാണ് ഈ സംയോജിത പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്.











