12:51pm 30 April 2026
NEWS
അദാനിക്ക് വേണ്ടി എൽഐസിയെ ഉപയോഗിച്ചതെന്ന് ആരോപണം
25/10/2025  03:43 PM IST
nila
അദാനിക്ക് വേണ്ടി എൽഐസിയെ ഉപയോഗിച്ചതെന്ന് ആരോപണം

ന്യൂഡൽഹി: അദാനി ഗ്രൂപ്പിലെ ഓഹരികളിൽ എൽഐസി നടത്തിയ 3.9 ബില്യൺ ഡോളർ (ഏകദേശം 33,000 കോടി ഇന്ത്യൻ രൂപ) നിക്ഷേപം നരേന്ദ്ര മോദി സർക്കാരിന്റെ ‘രക്ഷാപദ്ധതിയായിരുന്നു’ എന്ന ആരോപണവുമായി അമേരിക്കൻ മാധ്യമം വാഷിങ്ടൺ പോസ്റ്റ്. യുഎസ്, യൂറോപ്യൻ ബാങ്കുകൾ അദാനിക്ക് വായ്പ നിഷേധിച്ച സാഹചര്യത്തിൽ എൽഐസി മുഖേന കേന്ദ്രസർക്കാരാണ് സാമ്പത്തിക സഹായം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എൽഐസിയുടെ ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം

റിപ്പോർട്ടനുസരിച്ച്, ധനമന്ത്രാലയത്തെയും ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിനെയും ആധാരമാക്കിയ രേഖകൾ പ്രകാരമാണ് എൽഐസി അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചത്. അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി എന്നിവയുടെ കടപ്പത്രങ്ങളിൽ എൽഐസി നിക്ഷേപിച്ചപ്പോൾ, അത് കേന്ദ്രസർക്കാരിന്റെ 10-വർഷ കടപ്പത്രങ്ങളേക്കാൾ ഉയർന്ന നേട്ടം വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കൂടാതെ, എൽഐസിയുടെ ഫണ്ടുകൾ അദാനി ഗ്രൂപ്പിലെ അംബുജ സിമന്റ്സ്, അദാനി ഗ്രീൻ എനർജി മുതലായ കമ്പനികളിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കാനായി ഉപയോഗിക്കണമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അവാസ്തവ റിപ്പോർട്ടെന്ന് എൽഐസി

വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് “അവാസ്തവവും സത്യവിരുദ്ധവുമാണ്” എന്ന് എൽഐസി എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. “എൽഐസി സ്വതന്ത്രമായ സ്ഥാപനമാണ്; നിക്ഷേപ തീരുമാനങ്ങൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതിയോടെയാണ് എടുക്കുന്നത്. ധനമന്ത്രാലയമോ കേന്ദ്രസർക്കാരോ അതിൽ ഇടപെടാറില്ല,” – എൽഐസി വ്യക്തമാക്കി. റിപ്പോർട്ടിന്റെ ലക്ഷ്യം എൽഐസിയെയും ഇന്ത്യയുടെ ധനകാര്യ സംവിധാനത്തെയും താറടിക്കുകയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.

അദാനി ഗ്രൂപ്പും റിപ്പോർട്ട് തള്ളി. “എൽഐസിയുടെ നിക്ഷേപ തീരുമാനങ്ങളിൽ അദാനിക്ക് ഇടപെടാനില്ല. എൽഐസി പല കോർപറേറ്റുകളിലുമുള്ള നിക്ഷേപങ്ങളാണ് നടത്താറ്. ഞങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയെന്നത് തെറ്റാണ്,” – അദാനി ഗ്രൂപ്പിന്റെ പ്രതികരണം. അദാനിയിലെ നിക്ഷേപങ്ങളിലൂടെ എൽഐസിക്ക് മികച്ച നേട്ടം ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങളെ ആധാരമാക്കി കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി.
“എൽഐസിയെ ‘മോദാനി സംയുക്ത സംരംഭം’ ദുരുപയോഗം ചെയ്തതാണ്. 30 കോടി പോളിസി ഉടമകളുടെ സമ്പാദ്യമാണ് അപകടത്തിലായത്,” – മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും പാർലമെന്ററി സംയുക്ത സമിതിയും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “പണം നിങ്ങളുടെത്, പോളിസിയും പ്രീമിയവും നിങ്ങളുടെത്, നേട്ടം അദാനിക്ക്.” - രാഹുൽ ​ഗാന്ധി പ്രതികരിച്ചു.

എൽഐസിയുടെ അദാനി നിക്ഷേപ സ്ഥിതി

സെപ്റ്റംബർ പാദ കണക്കുകൾ പ്രകാരം എൽഐസി നിരവധി അദാനി ഗ്രൂപ്പ് കമ്പനികളിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ചിട്ടുണ്ട്:

ACC Ltd – 9.11% → 9.95%

അദാനി എനർജി സൊല്യൂഷൻസ് – 3.42%

അദാനി എന്റർപ്രൈസസ് – 4.16%

അദാനി ഗ്രീൻ എനർജി – 1.30%

അദാനി പോർട്സ് – 8.14% → 7.73%

റിപ്പോർട്ടിന്റെ വിശ്വാസ്യതയെക്കുറിച്ച് ഇപ്പോഴും രാഷ്ട്രീയ, സാമ്പത്തിക വൃത്തങ്ങളിൽ ചർച്ച തുടരുകയാണ്. എൽഐസിയെയും അദാനിയെയും ചുറ്റിപ്പറ്റിയ ഈ പുതിയ വിവാദം, കേന്ദ്രസർക്കാരിന്റെ നിക്ഷേപനയങ്ങൾ സംബന്ധിച്ച പുതിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img