
ദോഹ: 150 വർഷത്തെ സമ്പന്നമായ ടെക്സ്റ്റൈൽ പാരമ്പര്യവും ഡിസൈൻ നവീകരണങ്ങളുടെയും അഭിമാനവും കൈവരിച്ച ബ്രിട്ടീഷ് ബ്രാൻഡ് ലിബർട്ടി, ബ്രിട്ടന് പുറത്തുള്ള തന്റെ ആദ്യ അന്താരാഷ്ട്ര ഷോറൂം ദോഹയിലെ മ്ഷൈറിബ് ഗാലറിയയിൽ ഉദ്ഘാടനം ചെയ്തു.ദോഹ ഡിസൈൻ ഡിസ്ട്രിക്ട് (DDD), മ്ഷൈറിബ് പ്രോപ്പർട്ടീസ്, ലിബർട്ടി എന്നീ മൂന്ന് പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ആഗോള നിലവാരത്തിലുള്ള ഡിസൈൻ വേദി രൂപം കൊണ്ടത്. ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഡിസൈനർമാരും ഫാഷൻ മേഖലയിലെ പ്രമുഖരുമാണ് പങ്കെടുത്തത്. “ഖത്തറിലെ ഡിസൈൻ രംഗത്ത് ഒരു പുതിയ അധ്യായത്തിന് തുടക്കമായാണ് ലിബർട്ടി ഷോറൂം.
വിൽപ്പന കേന്ദ്രം മാത്രമല്ല, മറിച്ച് കല, പൈതൃകം, നവീനത എന്നീ മൂല്യങ്ങളുടെ സമന്വയത്തിനുള്ള ഒരു സാംസ്കാരിക വേദിയുമാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു.
ലിബർട്ടി ഷോറൂമിന്റെ മുഖ്യ ആകർഷണമായി ‘ദി ദോഹ വോയേജ്’ എന്ന പേരിൽ പ്രത്യേക ഫാഷൻ ടെക്സ്റ്റൈൽ കളക്ഷൻ അവതരിപ്പിച്ചു. ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തെയും ബ്രിട്ടീഷ് കലാരൂപങ്ങളെയും സമന്വയിപ്പിച്ച ഈ കളക്ഷൻ, ലിബർട്ടിയുടെ ആഗോള സാന്നിധ്യത്തെ പുതു നിലയിലേക്ക് ഉയർത്തുന്നു.
അതോടൊപ്പം, ലോകത്തിലെ ആദ്യ ലിബർട്ടി ആൻഡ് കോ കഫേ’യും ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഭക്ഷണപരമ്പര്യത്തിന്റെ രുചിയേകുന്ന ഈ കഫേയിലെ പ്രത്യേക മെനു, ലിബർട്ടിയുടെ ഐക്കോണിക് ടെക്സ്റ്റൈൽ ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തതാണെന്ന് സംഘാടകർ വ്യക്തമാക്കി.
ലിബർട്ടിയുടെ ഈ പുതിയ സംരംഭം ദോഹയെ ആഗോള ഡിസൈൻ, ഫാഷൻ, സാംസ്കാരിക മാപ്പിൽ കൂടുതൽ ശ്രദ്ധേയമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.











