
തിരുവനന്തപുരം: വർഷങ്ങളായി മലയാളികളായ ട്രെയിൻ യാത്രക്കാരുടെ ആഗ്രഹം ഒടുവിൽ സഫലമാകുന്നു. കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളിൽ വൃത്തിയുള്ള, സുഖസൗകര്യമുള്ള എൽഎച്ച്ബി (LHB) കോച്ചുകൾ എന്ന ആവശ്യമാണ് റയിൽവെ ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്. ഏറ്റവും തിരക്കേറിയ മംഗളൂരു മെയിലും, തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റും, ആലപ്പി–ചെന്നൈ സൂപ്പർഫാസ്റ്റും ഉൾപ്പെടെ നിരവധി ട്രെയിനുകളിലാണ് എൽഎച്ച്ബി കോച്ചുകൾ എത്തുന്നത്.
കേരളത്തിലേക്കുള്ള ട്രെയിനുകളിൽ പഴയ ഐസിഎഫ് കോച്ചുകൾ പൂർണമായി ഒഴിവാക്കി എൽഎച്ച്ബിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ പുറത്തിറക്കി. 2026 ഫെബ്രുവരി മുതൽ ഘട്ടംഘട്ടമായി പുതിയ കോച്ചുകൾ സജ്ജമാകുമെന്നാണ് അറിയിപ്പ്.
എൽഎച്ച്ബി കോച്ചുകളിലേക്കുള്ള മാറ്റത്തിന്റെ ഷെഡ്യൂൾ
- മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22638) — ഫെബ്രുവരി 1 മുതൽ
- ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് (22637) — ഫെബ്രുവരി 4 മുതൽ
- മംഗളൂരു–ചെന്നൈ മെയിൽ (12602) — ഫെബ്രുവരി 3 മുതൽ
- ചെന്നൈ–മംഗളൂരു മെയിൽ (12601) — ഫെബ്രുവരി 4 മുതൽ
- ചെന്നൈ–ആലപ്പി — ഫെബ്രുവരി 1
- ആലപ്പി–ചെന്നൈ — ഫെബ്രുവരി 2
- ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) — ഫെബ്രുവരി 3
- തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് (12696) — ഫെബ്രുവരി 4
പുതിയ കോച്ചുകളുടെ വിന്യാസം
ചെന്നൈ–മംഗളൂരു മെയിൽ, വെസ്റ്റ് കോസ്റ്റ് ട്രെയിനുകൾ:
1 ഫസ്റ്റ് എസി
1 സെക്കൻഡ് എസി
5 തേഡ് എസി
9 സ്ലീപ്പർ കോച്ചുകൾ
4 ജനറൽ കോച്ചുകൾ
ചെന്നൈ–ആലപ്പി, ചെന്നൈ–തിരുവനന്തപുരം ട്രെയിനുകൾ:
1 ഫസ്റ്റ് എസി
1 സെക്കൻഡ് എസി
3 തേഡ് എസി
9 സ്ലീപ്പർ കോച്ചുകൾ
4 ജനറൽ കോച്ചുകൾ
യാത്രക്കാരുടെ വർഷങ്ങളായുള്ള പരാതികൾക്ക് ഒടുവിൽ പരിഹാരം
മംഗളൂരു മെയിൽ, ആലപ്പി സൂപ്പർഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളിൽ പഴയ, തുരുമ്പ് പിടിച്ച കോച്ചുകൾ കാരണം യാത്രക്കാരുടെ വർഷങ്ങളായ അസൗകര്യങ്ങൾ ശക്തമായ വിമർശനങ്ങളിലേക്കും ആവശ്യങ്ങളിലേക്കും വഴിമാറിയിരുന്നു. തിങ്ങിപ്പാകുന്ന സ്ലീപ്പർ കോച്ചുകൾ, ശുചിമുറികളുടെ ശോച്യാവസ്ഥ, തകരാറിലായ ജനലുകൾ തുടങ്ങിയവയുമായി മലയാളി യാത്രക്കാർ ദീർഘനാളായി ദുരിതയാത്ര അനുഭവിച്ച് വരുകയായിരുന്നു.
എൽഎച്ച്ബി കോച്ചുകളുടെ പ്രത്യേകത:
കൂടുതൽ സുരക്ഷ
കൂട്ടിയിടിയിലും കോച്ചുകൾ സുരക്ഷിതമായി നിലനിൽക്കുന്ന സാങ്കേതിക വിദ്യ
കൂടുതൽ വേഗത
കുറഞ്ഞ അറ്റകുറ്റപ്പണി
കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിവുള്ള ഡിസൈൻ











