
നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി'എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളത്തെ മാരിയറ്റ് ഹോട്ടലിൽ നടന്ന പ്രസ്സ് മീറ്റിൽ ആ സിനിമയെക്കുറിച്ചുള്ള തന്റെ ഇഷ്ടങ്ങളെക്കുറിച്ചും രാജീവ് എന്ന നായകകഥാപാത്രത്തെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് സംസാരിച്ചിരുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട പത്രക്കാരുടെ ചോദ്യങ്ങൾ ഏറേക്കുറെ അവസാനിച്ചതിന് ശേഷം 'അമ്മ' സംഘടനയിലെ ഭരണസമിതിയുടെ രാജിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. 'ഐ നോബഡി' സിനിമയുടെ വിവരങ്ങൾക്ക് പ്രാധാന്യം കൊടുത്തതിന് ശേഷം മാത്രം സംഘടനയിലെ രാജിയുടെ കാര്യം കൊടുത്താൽ നന്നായിരിക്കും എന്നൊരു അപേക്ഷയോടെയാണ് പൃഥ്വി സംസാരിച്ചത്.
'സംഘടനയിലെ ചില തർക്കങ്ങൾ ആശയപരമായി സംഭവിച്ചു. അതിന് സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് രമ്യമായ രീതിയിൽ ഒരു പരിഹാരം കണ്ടെത്തുവാൻ സാധിച്ചില്ല എന്നതിന്റെ പ്രതിഷേധാർത്ഥം കുറച്ച് അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനങ്ങളും രാജിവെച്ചു. അത് യാഥാർത്ഥ്യം തന്നെ. ഈ സാഹചര്യത്തിൽ ഒരു സംഘടനയ്ക്ക് എന്താണ് ചെയ്യാൻ കഴിയുക? ഒരു ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടി. അമ്മയിലെ അംഗങ്ങളുടെ തർക്കങ്ങൾക്കും രാജിക്കും എന്തെങ്കിലും പരിഹാരമുണ്ടോ എന്ന കാര്യം ചർച്ച ചെയ്തു. ഇല്ലായെന്ന് അഭിപ്രായമുളള കുറച്ചുപേർ സംഘടനയിൽ നിന്നും രാജിവെച്ചു
പോയി. ഇനി മുന്നോട്ട് എന്ത് ചെയ്യാൻ കഴിയും എന്നതിന്റെ ഭാഗമായി ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഈ കമ്മിറ്റിക്ക് ഇതിനൊരു പരിഹാരം കണ്ടെത്തുവാൻ സാധിക്കുമോ? അംഗങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ ഈ കമ്മിറ്റിക്ക് ഉത്തരം പറയാൻ സാധിക്കട്ടെ. ഒരു സിനിമാ പ്രവർത്തകനും 'അമ്മ'യിലെ ഒരംഗമെന്ന നിലയിലും ഞാനും അതാഗ്രഹിക്കുന്നു.—
പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
Photo Courtesy - Google











