01:52am 18 September 2026
NEWS
മരങ്ങളെ സംരക്ഷിക്കാം: ഒരു ദിനത്തിലെ തൈ നടലല്ല, നിരന്തര പരിചരണമാണ് പ്രധാനം
12/06/2025  08:23 AM IST
സുരേഷ് വണ്ടന്നൂർ
മരങ്ങളെ സംരക്ഷിക്കാം: ഒരു ദിനത്തിലെ തൈ നടലല്ല, നിരന്തര പരിചരണമാണ് പ്രധാനം

പരിസ്ഥിതി ദിനം ഓരോ വർഷവും കടന്നുപോകുമ്പോൾ പതിവായി നടത്തുന്ന തൈ നടൽ യജ്ഞങ്ങൾ കേവലം ഒരാചാരമായി മാറുന്നുണ്ടോ? നട്ട തൈകൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആർക്കും ചിന്തയില്ല. എന്നാൽ, മരങ്ങളുടെ പരിപാലനം ഒരു വലിയ കടമയാണെന്ന് ഓർമ്മിപ്പിച്ച് വ്യത്യസ്തമായ ഒരു മാതൃകയാണ് ഇത്തവണ വടക്കുന്നാഥ മൈതാനത്ത് നടന്നത്.

തൃശൂർ പൂരത്തിന് ഒരു നൂറ്റാണ്ടോളം സാക്ഷ്യം വഹിച്ച വടക്കുന്നാഥൻ ശ്രീമൂലസ്ഥാനത്തെ മുത്തശ്ശി അരയാലിന് ഇടവപ്പാതിയിലെ പരിസ്ഥിതി ദിനത്തിൽ മൂന്നാമതും 'സുഖചികിത്സ' ആരംഭിച്ചു. മൂന്നുവർഷം മുൻപ് ചിതൽ, ഫംഗസ്, പൊത്തുകൾ എന്നിവ കാരണം കടപുഴകാറായ നിലയിലായിരുന്ന ഈ അരയാൽ. തിരക്കുള്ള സ്ഥലമായതിനാൽ ചില്ലകൾ വെട്ടിമാറ്റുകയും, ആചാരപ്രകാരം പിഴുതുമാറ്റി സംസ്കരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ചിതയും പകരം നടാനുള്ള തൈയും വരെ തയ്യാറാക്കി.

എന്നാൽ, ദഹിപ്പിക്കാൻ ഒരുങ്ങിയപ്പോൾ പുതുനാമ്പുകൾ പൊട്ടിമുളയ്ക്കുകയും ചില്ലകൾ കിളിർക്കുകയും ചെയ്തു. 'മരണാസന്നനായ' ആൽമരത്തിന് കൊടുംവേനലിലുണ്ടായ ഈ പുതുജന്മം കണ്ടറിയാൻ കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെത്തി. മഴക്കാലത്ത് തന്നെ ചികിത്സ ആരംഭിച്ചു. അങ്ങനെ മൂന്നാം വർഷത്തെ ലോക പരിസ്ഥിതി ദിനത്തിലും കൊച്ചിൻ ദേവസ്വം ബോർഡിന്റെ 'ദേവാങ്കണം ചാരു ഹരിതം' പരിപാടിയുടെ ഭാഗമായി ചികിത്സയുടെ അടുത്ത ഘട്ടം തുടങ്ങുകയായിരുന്നു.

ട്രീ സർജറി: ഒരു പുനരുജ്ജീവന കഥ

മഴക്കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ചീയലിനെ പ്രതിരോധിച്ചായിരുന്നു ചികിത്സയുടെ തുടക്കം. രോഗങ്ങൾ പരിശോധിച്ച്, ആധുനികവും പരമ്പരാഗതവുമായ രീതികൾ സമന്വയിപ്പിച്ച് പ്രതിവിധികൾ ചെയ്തു. പഞ്ചഗവ്യം പോലുള്ളവയും ഇതിനായി ഉപയോഗിച്ചു. പേരാലും അത്തിയും ഇത്തിയും അരയാലിനോട് ചേർന്ന് നട്ടുപിടിപ്പിച്ചു. ഈ നാലു മരങ്ങളുടേയും കൂട്ടായ നാൽപ്പാമരം ഔഷധക്കൂട്ടുപോലെ ഇവിടെ നിലകൊള്ളുന്നു. ഭാവിയിൽ അരയാലിന് താങ്ങായിത്തീരാൻ ലക്ഷ്യമിട്ടാണ് ഇത്.

ട്രീ സർജറി എന്ന നിലയിലാണ് ചികിത്സ നടക്കുന്നത്. ആദ്യം മരത്തിന്റെ പ്രശ്‌നങ്ങൾ പരിശോധിച്ചു. മഴയിൽ മരത്തിലുണ്ടാകാനിടയുള്ള ഫംഗസുകളെയും കീടങ്ങളെയും നശിപ്പിച്ചു. മുറിച്ചു മാറ്റേണ്ട ഭാഗങ്ങൾ നീക്കി. വേരുകളെ ഉത്തേജിപ്പിക്കുന്ന ചികിത്സകൾ നൽകി. പോഷണങ്ങൾ നൽകി പുനരുജ്ജീവനം സാധ്യമാക്കാൻ പഞ്ചഗവ്യം നൽകി. നൂറുവർഷത്തിലേറെ പഴക്കമുള്ള ആലിന്റെ കൊമ്പുകളെ മുറിച്ചുമാറ്റി, വേരുപടലത്തിന് കരുത്ത് നൽകിയാണ് പുനരുജ്ജീവനം സാധ്യമാക്കിയതെന്ന് പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ പറയുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം താങ്ങാൻ മരങ്ങൾക്ക് കഴിയില്ലെന്നും, അതുകൊണ്ടാണ് ഈ സമയത്ത് ചികിത്സ തുടങ്ങുന്നതെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന കേരള വനഗവേഷണ കേന്ദ്രം സിൽവികൾച്ചർ വിഭാഗം മേധാവി ഡോ. പി. സുജനപാൽ കൂട്ടിച്ചേർത്തു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വടക്കുന്നാഥൻ അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും 'ദേവാങ്കണം ചാരുഹരിതം' പദ്ധതിയുടെ ഭാഗമായി സമാനമായ ചികിത്സകൾ നടന്നിരുന്നു.

അധിനിവേശ മരങ്ങൾ കാടിന് ഭീഷണിയാകുമ്പോൾ

പരിസ്ഥിതി അവബോധം വർദ്ധിച്ചതോടെ കാടുകൾ വളരുന്നുണ്ടെങ്കിലും, അധിനിവേശ മരങ്ങളായ അക്കേഷ്യയും യൂക്കാലിപ്റ്റസും പോലുള്ള പ്ലാന്റേഷനുകൾ കാടുകളിലെ കാട്ടുതീയ്ക്ക് എരിതീയിൽ എണ്ണയൊഴിക്കുകയാണ്. യൂക്കാലിപ്റ്റസ് മരങ്ങളിൽ എണ്ണയുടെ സാന്നിധ്യമുള്ളതിനാൽ പച്ചയ്ക്ക് പോലും കത്തും. ഇവ ജലക്ഷാമം രൂക്ഷമാക്കുകയും മറ്റ് മരങ്ങളിലേക്ക് പടരുകയും ചെയ്യും.

മൂന്നാർ വന്യജീവി ഡിവിഷനിലെ ഷോല നാഷണൽ പാർക്കിൽപ്പെട്ട കുറിഞ്ഞിമല സാങ്ച്വറിയിൽ 2016-17ൽ എട്ടിടങ്ങളിലായി 180 ഹെക്ടർ വനത്തിൽ കാട്ടുതീ പടർന്നിരുന്നു. യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളാണ് ആ പ്രദേശങ്ങളെന്ന് അന്ന് വനംമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അധിനിവേശ മരങ്ങൾ ജലക്ഷാമം വർദ്ധിപ്പിച്ച് കാടുണക്കുകയും, ഇവയുടെ അടിയിൽ മറ്റു സസ്യങ്ങളും മരങ്ങളും വളരാതിരിക്കുകയും ചെയ്യും. ഇത് വനത്തിൽ തീറ്റയും വെള്ളവും കുറയുന്നതിന് കാരണമാവുകയും മൃഗങ്ങൾ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും. വൻമരങ്ങളിലെ ഉയർന്ന അളവിലുള്ള എണ്ണ കാട്ടുതീ വർദ്ധിപ്പിക്കുകയും കാട്ടിലെ ജൈവ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യും.

ഏകദേശം അഞ്ചുവർഷം മുൻപ് തൃശൂർ വടക്കാഞ്ചേരിക്ക് അടുത്ത് കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ കേരളത്തിൽ മൂന്ന് വനപാലകർ വെന്തുമരിച്ച ആദ്യ ദുരന്തമായിരുന്നു. മൃഗങ്ങൾക്കും മനുഷ്യർക്കും ആവാസവ്യവസ്ഥയ്ക്കും അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. എന്നാൽ, ഇന്ന് തീയിൽ എരിഞ്ഞൊടുങ്ങിയ കൊറ്റമ്പത്തൂർ വനത്തിൽ അഞ്ചുലക്ഷത്തിലേറെ മരങ്ങൾ തളിർത്ത് തഴച്ചുവളരുകയാണ്. വനംവകുപ്പ് നട്ടുവളർത്തിയ ഈ സ്വാഭാവിക വനത്തിൽ നിന്ന് വന്യമൃഗങ്ങൾ നാട്ടിലിറങ്ങാറില്ല. മരുത്, പ്ലാവ്, ഞാവൽ, കുമിഴ്, പേര, നെല്ലി, ആഞ്ഞിലി തുടങ്ങിയ പല മരങ്ങളും കായ്ക്കാൻ തുടങ്ങി. കാട്ടുതീ പടരാൻ വഴിയൊരുക്കുന്ന പുല്ലും മറ്റും നീക്കിയാണ് നാലുവർഷം മുൻപ് വനമൊരുക്കിയത്. ജലലഭ്യത കൂട്ടാനായി കുളങ്ങളും ചെക്ക് ഡാമുകളും നിർമ്മിച്ചു. ഭൂഗർഭ ജലവിതാനം ഉയർന്നു, മണ്ണ് ഫലഭൂയിഷ്ഠമായി, കാട് സ്വാഭാവിക സന്തുലനാവസ്ഥയിലേക്ക് മടങ്ങി. 2020 ഫെബ്രുവരി 16ന് വൈകിട്ടായിരുന്നു ഈ കാട്ടുതീ ദുരന്തം. തുടർന്ന് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് കൊടുത്ത ഭൂമി വനം വകുപ്പ് തിരികെ ഏറ്റെടുക്കുകയായിരുന്നു.

കൊറ്റമ്പത്തൂരിൽ എച്ച്.എൻ.എല്ലിൽ നിന്നേറ്റെടുത്ത 475.5 ഹെക്ടർ അടക്കം 600 ഓളം ഹെക്ടറാണ് വനമാക്കിയത്. എച്ച്.എൻ.എല്ലിനുള്ള പാട്ടക്കാലാവധി 20 വർഷമായിരുന്നു. പ്ലാന്റേഷൻ ഉണ്ടായിരുന്നത് 200 ഹെക്ടറിലും. 18 കോടി രൂപ ചെലവ് വന്ന ഈ പദ്ധതിക്ക് നബാർഡാണ് സഹായം അനുവദിച്ചത്. കാടുണക്കുന്ന അധിനിവേശ മരങ്ങളായിരുന്നു കൊറ്റമ്പത്തൂരിന്റെ ഹരിതഹൃദയത്തിൽ തീയായി മാറിയത്.
നാടിനെ മാത്രമല്ല, മരങ്ങളും ഫലവൃക്ഷങ്ങളും ജലാശയങ്ങളും ഒരുക്കി കാടിനെയും ഹരിതാഭമാക്കണം. അതാകണം ഏറ്റവും മാതൃകാപരമായ പ്രകൃതിസ്നേഹവും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img