12:55pm 23 October 2026
NEWS
‘യുദ്ധം വേണ്ട, സമാധാന ധാരണ തുടരാം’; അമേരിക്കയോട് നിലപാട് വ്യക്തമാക്കി ഇറാൻ
28/08/2026  06:21 AM IST
nila
‘യുദ്ധം വേണ്ട, സമാധാന ധാരണ തുടരാം’; അമേരിക്കയോട് നിലപാട് വ്യക്തമാക്കി ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധത്തിന് വിരാമമിട്ട് സമാധാന ധാരണ തുടരാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുടെ ടെഹ്‌റാൻ സന്ദർശനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ ഒപ്പുവച്ച കരാറിന്റെ വ്യവസ്ഥകൾ തുടരണമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ, അമേരിക്കയുമായുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുന്നതിൽ തിടുക്കമില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങൾക്ക് വീണ്ടും സാധ്യത തെളിഞ്ഞു.

ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ചയായി. അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളും ഇരുവരും പരിശോധിച്ചു.

ഹോർമൂസിൽ നിർണായക നീക്കം

ഹോർമൂസ് കടലിടുക്കിൽ താൽക്കാലിക കപ്പൽപാത തുറക്കുന്നതും കടലിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുന്നതും സംബന്ധിച്ച് ഒമാനുമായി സഹകരിച്ചുള്ള നീക്കങ്ങളും ചർച്ചയായി. അതേസമയം, ഹോർമൂസ് വഴി തെക്കൻ തീരത്തേക്കുള്ള കപ്പൽ സർവീസ് അമേരിക്കയുമായി സഹകരിച്ച് നടത്താനുള്ള നീക്കത്തിൽനിന്ന് ഒമാൻ പിന്മാറിയതായി ഇറാൻ അറിയിച്ചു.

അടുത്തിടെ ഹോർമൂസ് കടലിടുക്കിൽ ഇന്ത്യയുടേത് ഉൾപ്പെടെ രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ലോകത്തെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമൂസിലെ സുരക്ഷാ സാഹചര്യം രാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ആണവ നിലയങ്ങൾ; തെളിവില്ലെന്ന് ഐ.എ.ഇ.എ

അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഇറാന്റെ ആണവ നിലയങ്ങൾ പുനർനിർമിക്കുന്നതായി നിലവിൽ തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി പറഞ്ഞു.

ഇതിനിടെ, ടെഹ്‌റാനിൽ നടന്ന ഇസ്ലാമിക ഐക്യ സമ്മേളനത്തിൽ ഇസ്ലാമിക രാജ്യങ്ങൾ മേഖലയുടെ സുരക്ഷയ്ക്കായി ഒന്നിക്കണമെന്ന് പ്രസിഡന്റ് പെസഷ്കിയാൻ ആവശ്യപ്പെട്ടു. സാമ്പത്തിക, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെയും യുദ്ധത്തെയും നേരിടാൻ ഇറാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img