
ദോഹ: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട്, വിവാഹ പാർട്ടികൾക്കും അനുശോചന യോഗങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക ചടങ്ങുകൾക്കും തുറസ്സായ സ്ഥലങ്ങളിൽ (Open Spaces) അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 25 ബുധനാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു.പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ നടത്തുന്ന നിരന്തരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് നൽകുന്നതെന്ന് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'X' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ചടങ്ങുകൾ നടത്തുമ്പോൾ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട അധികൃതരും നൽകിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ ബന്ധപ്പെട്ട വകുപ്പുകളുമായി മുൻകൂട്ടി ഏകോപനം നടത്തണം.സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷത്തിൽ വേണം പരിപാടികൾ നടത്താൻ. വ്യക്തികൾക്കോ സമൂഹത്തിനോ അപകടമുണ്ടാക്കുന്ന ഒരു രീതിയിലുള്ള നടപടികളും ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകാൻ പാടില്ല.പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിലും ജനങ്ങൾ കാണിക്കുന്ന സഹകരണത്തെ മന്ത്രാലയം പ്രശംസിച്ചു. ഇത്തരം നിയന്ത്രണങ്ങൾ പാലിക്കുന്നത് സമൂഹത്തിന്റെ അവബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷസാഹചര്യങ്ങൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളിൽ ഇളവ് വരുന്നത് പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസകരമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് സൂചന.











