അനന്ത് അംബാനിയുടെ വൻതാരയിലുള്ളത് ബംഗ്ലാദേശിൽ നിന്ന് മോഷ്ടിച്ച ലെമൂറുകൾ ?

ബംഗ്ലാദേശിലെ സഫാരി പാർക്കിൽനിന്ന് രണ്ട് മോതിരവാലൻ ലെമൂറുകളെ ഗുജറാത്തിലെ വൻതാരയിൽ എത്തിച്ചതായി ആരോപണം. ഏകദേശം 48 ലക്ഷം രൂപയ്ക്കാണ് മൃഗങ്ങളെ കൈമാറിയതെന്നാണ് ബംഗ്ലാദേശ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ബംഗ്ലാദേശിലെ ഗാസിപൂർ സഫാരി പാർക്കിൽനിന്ന് ലെമൂറുകളെ മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ കേസിലാണ് അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള വൻതാരയുടെ പേര് ഉയർന്നിരിക്കുന്നത്. ബംഗ്ലാദേശ് മാധ്യമമായ അജ്കർ പത്രികയാണ് അന്വേഷണ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
ജാംനഗറിൽ 3,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണ് വൻതാര. പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 മാർച്ചിലാണ് കേന്ദ്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
2025 മാർച്ച് 23-ന് പുലർച്ചെയാണ് ഗാസിപൂർ സഫാരി പാർക്കിൽനിന്ന് മൂന്ന് ലെമൂറുകളെ മോഷ്ടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവയുടെ ചിത്രങ്ങളും വിഡിയോകളും പകർത്തി ഇന്ത്യയിലെ ഇടപാടുകാർക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ഇടപാടിന് സഹായിക്കാനായി കൊൽക്കത്ത സ്വദേശിയായ ബാബ്ലുവും മുംബൈ സ്വദേശിയായ ഷിപ്ലുവും 2025 മേയിൽ ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശ് ഭാഗത്തെ ബന്ധങ്ങളും മറ്റ് ക്രമീകരണങ്ങളും ഡെൽവറും തപനും ചേർന്നാണ് നടത്തിയതെന്നാണ് ആരോപണം.
ഒരു മുതിർന്ന ലെമൂറിനും ഒരു കുഞ്ഞ് ലെമൂറിനുമായി 17 ലക്ഷം ബംഗ്ലാദേശി ടാക്ക (ഏകദേശം 13 ലക്ഷം രൂപ) വില നിശ്ചയിച്ചെന്നാണ് വിവരം. മറ്റൊരു കുഞ്ഞ് ലെമൂറിന് മൂന്ന് ലക്ഷം ബംഗ്ലാദേശി ടാക്ക (ഏകദേശം 2.32 ലക്ഷം രൂപ) വിലയും നിശ്ചയിച്ചു.
തുടർന്ന് ഇവയെ ചുവാഡംഗയിലെ ദർശന അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിന്നീട് വൻതാരയുമായി ബന്ധമുള്ള സ്ഥാപനത്തിന് ഏകദേശം 48 ലക്ഷം രൂപയ്ക്ക് മൃഗങ്ങളെ കൈമാറിയതായും ആരോപണമുണ്ട്.
വൻതാരയിലെ രണ്ട് ലെമൂറുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബംഗ്ലാദേശ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞത്. ചിത്രങ്ങളിലെ ലെമൂറുകൾ ഗാസിപൂർ സഫാരി പാർക്കിൽനിന്ന് മോഷണം പോയ മൃഗങ്ങളുമായി സാമ്യമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
എന്നാൽ മൃഗങ്ങൾക്ക് വ്യക്തിഗത മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ ഇവ തന്നെയാണ് മോഷണം പോയ ലെമൂറുകളെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നത് അന്വേഷണ സംഘത്തിന് ബുദ്ധിമുട്ടാണ്.
അഞ്ചുവർഷത്തിലേറെയായി ലെമൂറുകൾ ഗാസിപൂർ സഫാരി പാർക്കിലുണ്ടായിരുന്നെങ്കിലും അവയ്ക്ക് മൈക്രോചിപ്പോ വ്യക്തിഗത തിരിച്ചറിയൽ നമ്പറോ ഡിഎൻഎ പ്രൊഫൈലോ പാർക്ക് അധികൃതർ സൂക്ഷിച്ചിരുന്നില്ല.
ഇന്ത്യയിലെത്തിച്ച രണ്ട് ലെമൂറുകളും ബംഗ്ലാദേശിൽ ശേഷിക്കുന്ന ഒരു കുഞ്ഞ് ലെമൂറും തമ്മിൽ ജനിതക ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ ഡിഎൻഎ പ്രൊഫൈൽ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
എട്ട് പേർ പ്രതികൾ
സഫാരി പാർക്കിലെ സുരക്ഷാ ജീവനക്കാരന്റെ സഹായത്തോടെയാണ് ലെമൂറുകളെ മോഷ്ടിച്ചതെന്നും പിന്നീട് അതിർത്തി കടത്തി കടത്തുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സുനിൽ ദാസ് പറഞ്ഞു.
കേസിൽ എട്ട് പേരെയാണ് ബംഗ്ലാദേശ് സിഐഡി പ്രതികളാക്കിയിരിക്കുന്നത്. ഇതിൽ ആറ് പേർ കോടതിയിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പ് പ്രകാരം കുറ്റസമ്മത മൊഴി നൽകിയതായാണ് വിവരം.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ ഒളിവിൽ പോയതിനാൽ ഡെൽവറിന്റെയും ജാഹിർ മിയയുടെയും മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗം
മഡഗാസ്കർ സ്വദേശികളാണ് മോതിരവാലൻ ലെമൂറുകൾ. കറുപ്പും വെള്ളയും നിറത്തിലുള്ള വളയങ്ങളുള്ള വാലാണ് ഇവയുടെ പ്രധാന പ്രത്യേകത.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഈ ജീവിവർഗത്തെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിമിതമായ പ്രത്യേക സാഹചര്യങ്ങൾ ഒഴികെ ഇവയുടെ അന്താരാഷ്ട്ര വാണിജ്യ വ്യാപാരം നിരോധിച്ചിരിക്കുകയാണ്.











