
അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി വിവാദമാകുന്നു. കാലുകളും കൈകളും വിലങ്ങുവെച്ചാണ് എത്തിച്ചതെന്ന് അമേരിക്കയിൽ നിന്നും നാടുകടത്തിയ ഇന്ത്യക്കാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പ്രചരിച്ച ചിത്രങ്ങൾ വ്യാജമാണെന്ന് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയവർ വാർത്താ ഏജൻസിയോട് പ്രതികരിച്ചിരിക്കുന്നത്.
കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും സീറ്റിൽ നിന്ന് നീങ്ങാൻ പോലും സാധിക്കാത്ത സാഹചര്യമായിരുന്നു വിമാനത്തിലെന്നും അവർ പറയുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയവർ കൂട്ടിച്ചേർത്തു. അമൃത്‌സർ വിമാനത്താവളത്തിൽവെച്ചാണ് വിലങ്ങുകളഴിച്ചതെന്നും ഇവർ പിടിഐയോട് പറഞ്ഞു.
അതേസമയം, കാലുകളിൽ ചങ്ങല ബന്ധിച്ച നിലയിൽ ഇന്ത്യക്കാരെ തിരിച്ചയച്ചു എന്ന പ്രചാരണവുമായി ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ചിത്രത്തിലുള്ളത് ഇന്ത്യക്കാരല്ലെന്ന് വ്യക്തമാക്കി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ രംഗത്തെത്തിയിരുന്നു.











