
കേരളത്തിലെ നിയമസഭാ പുസ്തകോത്സവത്തിന്റെ മാതൃകയിൽ കർണാടകത്തിലെ നിയമസഭാമന്ദിരമായ ബംഗളുരുവിലെ വിധാൻസൗധയിലും സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. മലയാളിയായ യു ടി ഖാദറാണ് കർണാടക നിയമസഭ സ്പീക്കർ. ഈ വർഷം കേരളത്തിലെ നിയമസഭ പുസ്തകോത്സവത്തിൽ അദ്ദേഹം മുഖ്യാതിഥിയായിരുന്നു. അതിന്റെ സവിശേഷതകളാണ് കർണാടകയിലും സാഹിത്യ- സാംസ്കാരികോത്സവം സംഘടിപ്പിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. നാലുദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവം ഫിബ്രവരി 28 ന് ആരംഭിക്കും. യുവജനങ്ങളിൽ വായനാശീലം വളർത്തുക, കലാസാംസ്കാരിക താല്പര്യം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യമെന്ന് സ്പീക്കർ പറഞ്ഞു. കന്നഡ ബുക്ക് അതോറിറ്റിയ്ക്കാണ് നടത്തിപ്പ് ചുമതല. ഗവണ്മെന്റിന്റെ വിവിധ പ്രസിദ്ധീകരണ വിഭാഗങ്ങളും സ്വകാര്യ പ്രസാധനശാലകളും പങ്കുകൊള്ളും. പുസ്തകശാലകളുടെ സ്റ്റാളുകൾക്ക് പുറമെ വൈവിദ്ധ്യമാർന്ന ഭക്ഷണ വസ്തുക്കൾ ലഭിക്കുന്ന ഫുഡ് കോർട്ട് മേളയ്ക്ക് മികവേകും. കലാസംസ്കാരിക പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കും. ജനപ്രതിനിധികൾക്ക് മൂന്നു ലക്ഷം രൂപ വരെയുള്ള പുസ്തകങ്ങൾ വാങ്ങി അവരുടെ മണ്ഡലത്തിലെ വായനശാലകൾക്ക് സംഭാവന ചെയ്യാനുള്ള സൗകര്യം സ്പീക്കർ ഒരുക്കിയിട്ടുണ്ട്. ബാലസാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് പ്രത്യേകം പുസ്തശാലകളും വർക്ക് ഷോപ്പുകളും ഉണ്ടായിരിക്കും. മൊബൈൽ ഫോണിൽ കുരുങ്ങിക്കഴിയുന്ന യുവജനങ്ങളെ കാമ്പുള്ള വായനയിലേക്ക് തിരിച്ചുവിടുക എന്നതാണ് പുസ്തകോത്സവത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. അവസാനദിനമായ മാർച്ച് മൂന്നിന് സന്ദർശകർക്ക് വിധാന സൗധയുടെ അകത്തളങ്ങൾ കാണാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.











