10:06pm 12 September 2026
NEWS
നിയമസഭാ സെക്രട്ടേറിയറ്റ്
06/08/2025  04:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിയമസഭാ സെക്രട്ടേറിയറ്റ്
 
നിമയസഭയെ ഡിജിറ്റൽവൽക്കരിക്കാനുള്ള ഇ-നിയമസഭാ ക്രമക്കേടുകൾ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഹാർഡ് വെയർ ഡെലിവറി, ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്‌ചർ വർക്കും നിയമസഭാ സെക്രട്ടേറിയറ്റിലും, എം.എല്‍.എ. ഹോസ്റ്റലിലും അനുബന്ധ ഓഫീസുകളിലും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയർ വർക്കും പൂർത്തികരിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. 
 
ഇൻഫ്രാസ്ട്രക്‌ചർ വർക്കു് 2023 മാർച്ചിൽ പൂർത്തികരിച്ച് ഹാൻഡ് ഓവർ ചെയ്തിട്ടുണ്ട്. കരാർ അനുസരിച്ച് ആയതിന്റെ തുക മാത്രമാണ് നൽകിയിട്ടുള്ളത്. മുൻകൂർ തുക നൽകിയത് ക്രമികരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.നിയമസഭയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകൾ പുർത്തിയാക്കി കൈമാറിയത് നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. 
 
മറ്റു സോഫ്റ്റ് വെയറുകൾ അടിയന്തരമായി പൂർത്തികരിക്കുവാൻ IKM ൽ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. കെ.പി. നൗഫലിന് അധിക ചുമതല നല്‍കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലുമാണ്.  സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് നാളിതു വരെ പ്രോജക്ട് തുകയുടെ 30 ശതമാനം തുക മാത്രമാണ് പാർട്ട് പേയ്മെന്റായി നൽകിയിട്ടുള്ളത്. 
 
ഇൻഫ്രാസ്ട്രക്‌ചർ വർക്കിനായി മുൻകൂർ നൽകിയ തുക ചെലവഴിച്ചതിന്റെ കണക്ക് തിങ്കളാഴ്ച്ച ചേർന്ന ടെക്നിക്കൽ കമ്മിറ്റി തള്ളിയെന്ന വാർത്തയും അടിസ്ഥാന രഹിതമാണ്. പ്രസ്തുത തുക ചെലവഴിച്ചിട്ടുള്ളതിനാൽ ആയത് ക്രമീകരിക്കുവാനുള്ള നടപടി മാത്രമാണ് ഇനി സ്വീകരിക്കാനുള്ളത്. പദ്ധതിക്കായി ലഭ്യമാക്കിയിട്ടുള്ള ഹാർഡ് വെയറുകളുടെ വാറന്റി ഇതുവരെ അവസാനിച്ചിട്ടില്ല.
 
NIC വികസിപ്പിച്ച അഷ്വറന്‍സ് ഇംപ്ലിമെന്റേഷന്‍ ഡെസ്ക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി പുതിയ സോഫ്റ്റ് വെയര്‍ നിര്‍മ്മാണഘട്ടത്തിലാണ്.ഫയൽ മൂവ്മെന്റിനായി e-office ഉൾപ്പെടെയുള്ള വിവിധ സോഫ്റ്റ് വെയറുകൾ നിയമസഭയിലിപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്. നിലവിൽ ഉപയോഗിച്ചുവരുന്ന സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഇപ്പോൾ സഭാ നടപടികൾ നടത്തിവരികയാണ്. 
 
ഇനി പൂർത്തിയാക്കാനുള്ള സോഫ്റ്റ് വെയറുകൾ സഭാ നടപടികളെ യാതൊരു തരത്തിലും ബാധിക്കുന്നവയല്ല. ഡേറ്റാ സെന്റർ ഉൾപ്പെടെയുള്ള ഹാർഡ് വെയറുകളുടെ പരിപാലന ചെലവിനത്തിലും നിലവിൽ ഒരു തുകയും ULCCS ന് ഇതുവരെ കൈമാറിയിട്ടില്ല.
 
'ഇ-നിയമസഭാ പദ്ധതി'  ഉള്‍പ്പെടെയുള്ള നിയമസഭയുടെ എല്ലാവിധ ചെലവിനങ്ങളും ആഭ്യന്തര ഓഡിറ്റിംഗ് വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും കാലാകാലങ്ങളിലുള്ള ഓഡിറ്റിന് വിധേയമായിട്ടാണ് നിര്‍വ്വഹിക്കുകയും ക്രമീകരിക്കുകയുംചെയ്യുന്നത്.
 
നിലവില്‍ 'ഇ-നിയമസഭാ പദ്ധതി'യെക്കുറിച്ച് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളൊക്കെ
ത്തന്നെ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. നിയമസഭാംഗങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ് ഉള്‍പ്പെടെയുള്ള എല്ലാ മൊഡ്യൂളുകളും എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img