01:47am 13 July 2026
NEWS
ആയിരങ്ങളുടെ കണ്ണീരിൽ എസ് ജാനകിക്ക് യാത്രാമൊഴി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
12/07/2026  07:02 PM IST
nila
ആയിരങ്ങളുടെ കണ്ണീരിൽ എസ് ജാനകിക്ക് യാത്രാമൊഴി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

മൈസൂരു: സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ അനശ്വരമായ ഇടം നേടിയ ഇതിഹാസ ഗായിക എസ്. ജാനകിക്ക് മൈസൂരുവിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ അന്ത്യയാത്ര. 88-ാം വയസ്സിൽ അന്തരിച്ച ഗായികയുടെ ഭൗതികദേഹം കനിയനഹുണ്ഡി ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ. 

സിനിമ, സംഗീതം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് മഹാരാജാസ് കോളജ് മൈതാനത്തെത്തി പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. വൈകിട്ട് നാലരയോടെ പൊതുദർശനം അവസാനിച്ച ശേഷം മൃതദേഹം കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് കൊണ്ടുപോയി. അവിടെയും അവസാനമായി ഒരു നോക്ക് കാണാനായി ജനപ്രവാഹമുണ്ടായി.

മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നത് എസ്. ജാനകിയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകിയത്.

ശനിയാഴ്ച രാത്രി 7.30ഓടെയാണ് എസ്. ജാനകി അന്തരിച്ചത്. മൈസൂരുവിലെ വസതിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം ജനുവരിയിൽ ഏകമകനും പ്രശസ്ത നർത്തകനുമായ മുരളീകൃഷ്ണ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനുശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു എസ്. ജാനകിയുടെ താമസം.

ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന് അനശ്വര സംഭാവനകൾ നൽകിയ എസ്. ജാനകിയുടെ വേർപാട് സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img