05:46pm 26 April 2026
NEWS
ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ പിതാവ് രഘു റായ് അന്തരിച്ചു
26/04/2026  07:22 AM IST
nila
ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ പിതാവ് രഘു റായ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ പിതാവ് രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്. സംസ്‌കാരം ലോധി റോഡ് ശ്മാശനത്തിൽ നടക്കും. എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കൺസർവേഷനിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവരാണ് മക്കൾ. പ്രശസ്ത ഫോട്ടോഗ്രാഫർ എസ്. പോൾ സഹോദരനാണ്. 

ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഹെൻറി കാർട്ടിയർ-ബ്രെസോണിന്റെ ശിഷ്യനായി പരിഗണിക്കപ്പെടുന്ന റായ്, 1960-കളിലാണ് ഫോട്ടോഗ്രഫി മേഖലയിൽ എത്തിയത്. തുടർന്ന് ഡൽഹിയിലെ ദ സ്റ്റേറ്റ്സ്മാൻ പത്രത്തിലും ഇന്ത്യ ടുഡേ മാസികയിലും പ്രവർത്തിച്ച ശേഷം സ്വതന്ത്ര ഫോട്ടോഗ്രാഫറായി തുടരുകയായിരുന്നു. 1990 മുതൽ 1997 വരെ വേൾഡ് പ്രസ് ഫോട്ടോ മത്സരത്തിൽ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, മദർ തെരേസ, 1984ലെ ഭോപ്പാൽ വാതക ദുരന്തം, താജ് മഹൽ, ബംഗ്ലാദേശ് തുടങ്ങിയവ സംബന്ധിച്ച അത്യപൂർവ ചിത്രങ്ങൾ രഘു റോയിയുടെ ശേഖരത്തിലുണ്ട്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ ക്യാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്. 

  ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ പിതാവ് എന്നതിന് പുറമേ, ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവെന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. 1972-ൽ ഇന്ത്യയുടെ നാലാമത്തെ ഉയർന്ന പൗര ബഹുമതിയായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

പഞ്ചാബിലെ ജംഗിൽ ആണ് രഘു റായ് ജനിച്ചത്. ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ് ഈ സ്ഥലം. രഘുനാഥ് റായ് ചൗധരി എന്നാണ് മുഴുവൻ പേര്. 1962ൽ ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തു. സ്റ്റേറ്റ്‌സ്മാനിലാണ് ആദ്യം ജോലി ചെയ്തത്. 18ലധികം പുസ്തകങ്ങൾ രചിച്ചു. ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, സൺഡെ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപ്പെൻഡന്റ്, ന്യൂയോർക്കർ എന്നിവയിലുൾപ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭോപ്പാൽ വാതക ദുരന്തം കവർ ചെയ്തു. ഇതെക്കുറിച്ച് പിന്നീട് പുസ്തകവും ഡോക്യുമെന്ററിയും തയ്യാറാക്കി.

ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ അന്താരാഷ്ട്രസഹകരണ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലെ അംഗം കൂടിയാണ് രഘു റായ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img