10:11pm 14 June 2024
NEWS
മാലിക് മിർ സു‍ൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി

06/02/2024  11:27 AM IST
nila
മാലിക് മിർ സു‍ൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി

മാലിക് മിർ സു‍ൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി നൽകി ലോക ചെസ് സംഘടന(ഫിഡെ). ഇതോടെ പാകിസ്ഥാനിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ പദവിയും മരിച്ച് 58 വർഷങ്ങൾക്ക് ശേഷം മാലിക് മിർ സു‍ൽത്താൻ ഖാന് സ്വന്തം. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച് ചെസ് കളിയിലെ മികവ് കൊണ്ട് മാത്രം ബ്രിട്ടനിലെത്തി ലോകത്തിലെ പ്രമുഖ ചെസ് കളിക്കാരെ തോൽപിച്ചയാളാണ് സുൽത്താൻ ഖാൻ.  

1905ൽ അവിഭക്‌ത ഇന്ത്യയുടെ പഞ്ചാബ് പ്രവിശ്യയിലാണ് സുൽത്താൻ ഖാൻ ജനിച്ചത്. ഒരു സാധാരണക്കാരന്റെ ചെസ് കളിയിലെ മികവ് കേട്ടറിഞ്ഞ നവാബ് സർ ഉമർ ഹയാത്ത് ഖാൻ  1926ൽ സുൽത്താൻ ഖാനെ തന്റെയടുത്തേക്ക് വിളിപ്പിക്കുകയായിരുന്നു. നവാബ് രാജ്യാന്തര ചെസിലെ നിയമവും കളിരീതികളും പരിശീലകരെ വച്ച് ഖാനെ പഠിപ്പിച്ചു. 1929ൽ നവാബിനൊപ്പം ഇംഗ്ലണ്ടിലെത്തിയ സുൽത്താൻ ഖാൻ ആ വർഷത്തെ ബ്രിട്ടീഷ് ചാംപ്യൻഷിപ് വിജയിച്ചപ്പോൾ ചെസ് ലോകം അമ്പരന്നു. ലീജിൽ നടന്ന ടൂർണമെന്റിൽ ചെസ് ഇതിഹാസം ടർടാകോവറിനു പിന്നിൽ രണ്ടാം സ്‌ഥാനത്തെത്തിയ ഖാൻ ഹേസ്‌റ്റിങ്‌സിൽ നടന്ന ടൂർണമെന്റിൽ മാക്‌സ് ഈവ്, കാപബ്ലാങ്ക എന്നീ ചെസ് ഇതിഹാസങ്ങൾക്കു പിന്നിൽ മൂന്നാമതെത്തി. 1932ലും 1933ലും ബ്രിട്ടിഷ് ചാംപ്യൻഷിപ് നേടി. 1930ൽ ഹാംബർഗിൽ നടന്ന ചെസ് ഒളിംപ്യാഡിൽ ഇംഗ്ലണ്ടിനായി കളിച്ച ഖാൻ ഒൻപതു ജയവും നാലു സമനിലയും നേടി. 

ലോക ചാംപ്യൻ അലക്‌സാണ്ടർ അലഖൈൻ, മുൻ ലോക ചാംപ്യൻ ജോസ് റൗൾ കാപബ്ലാങ്ക തുടങ്ങിയ അതികായരെ അടിയറവു പറയിച്ച് ഖാൻ ലോകശ്രദ്ധ ആകർഷിച്ചപ്പോഴായിരുന്നു 4 വർഷത്തിനു ശേഷം നവാബിനൊപ്പം സുൽത്താൻ ഖാനും ഇന്ത്യയിലേക്കു മടങ്ങി. വൈകാതെ കേളികേട്ട ആ കളിജീവിതത്തിനു തിരശീല വീണു. 1944ൽ, സർ ഉമർ ഹയാത്ത് ഖാൻ മരിക്കുന്നതിനു മുൻപു നൽകിയ സ്ഥലത്തായിരുന്നു സുൽത്താൻ ഖാന്റെ താമസം. 1966 ഏപ്രിൽ 25ന് ഇന്ന് പാക്കിസ്‌ഥാനിലുള്ള സരഗോഡയിൽ വച്ചാണ് അദ്ദേഹം മരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS