09:55am 01 May 2026
NEWS
നിയമപോരാട്ടം തുടരും- കർണാടക മുഖ്യമന്ത്രിയുടെ ലോകായുക്ത അന്വേഷണ റിപ്പോർട്ടിനെതിരെ വിവരാവകാശ പ്രവർത്തകൻ
21/02/2025  11:48 AM IST
വിഷ്ണുമംഗലം കുമാർ
നിയമപോരാട്ടം തുടരും- കർണാടക മുഖ്യമന്ത്രിയുടെ ലോകായുക്ത അന്വേഷണ റിപ്പോർട്ടിനെതിരെ വിവരാവകാശ പ്രവർത്തകൻ

 കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചങ്കിൽ തറച്ച മുള്ളായിരുന്നു മുഡ കേസ്. മൈസൂരു നഗര വികസന അതോറിറ്റിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് കോടികൾ വിലമതിപ്പുള്ള പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനധികൃതമായി ലഭ്യമാക്കി എന്നതാണ് കേസ്. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ വിവരാവകാശ പ്രവർത്തകരായ ടി ജെ എബ്രഹാമും സ്നേഹമയി കൃഷ്ണയും ഗവർണ്ണറിൽ നിന്നും അനുമതി സമ്പാദിച്ചതോടെയാണ് കേസ് ചൂടുപിടിച്ചത്. ജനപ്രതിനിധികൾക്കായുള്ള ബംഗളുരുവിലെ പ്രത്യേക കോടതിയിലാണ് സ്നേഹമയി കൃഷ്ണ കേസ് ഫയൽ ചെയ്തത്. മുഖ്യമന്ത്രി അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കേസ് ലോകായുക്തയോട് അന്വേഷിക്കാനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി ലോകായുക്ത പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പല്ലും നഖവും എടുത്തുകളഞ്ഞ ലോകായുക്തയ്ക്ക് പഴയ ശൗര്യമോ അധികാരങ്ങളോ ഇല്ല. സംസ്ഥാന ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു അന്വേഷണ ഏജൻസി മാത്രമാണ് പുതിയ ലോകായുക്ത എന്നാണ് വിമർശകരുടെ ആരോപണം. ആ വിമർശനം ബലപ്പെടുത്തുന്ന വിധത്തിലാണ് അന്വേഷണം മുന്നോട്ടുപോയത്. എന്നാൽ പിന്നാലെ ഇ ഡിയും വന്നതോടെ മുഡ കേസ്സിന്റെ പ്രാധാന്യം വർദ്ധിച്ചു. മുഡ അഴിമതിയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിച്ചത്. ഇ ഡി ഇടയ്ക്കിടെ പുറത്തുവിട്ട അന്വേഷണവിവരങ്ങൾ സിദ്ധരാമയ്യയ്ക്ക് അലോസരമുണ്ടാക്കുന്നതായിരുന്നു. പക്ഷെ അതിലൊന്നും സ്വാധീനിക്കപ്പെടാതെ മറ്റൊരു ട്രാക്കിലൂടെയാണ് ലോകായുക്ത അന്വേഷണം നീങ്ങിയത്. ലോകായുക്ത ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ആശ്വാസം നൽകുന്നതായിരുന്നു. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സ്നേഹമയി കൃഷ്ണ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്ത അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുമ്പ് കേസ് സിബിഐയ്ക്ക് വിടണമെന്നുള്ള ആവശ്യം നീതിയുക്തമല്ലെന്ന് കണ്ട് ഹൈക്കോടതി ആ അപേക്ഷ തള്ളി. മുഖ്യമന്ത്രിയോ കുടുംബമോ കുറ്റക്കാരാണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെ മുഖ്യമന്ത്രിയെയും ഭാര്യയെയും മറ്റു രണ്ടുപ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ടാണ് ലോകായുക്ത പോലീസ് സമർപ്പിച്ചത്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊണ്ടുള്ള, കണ്ണിൽ പൊടിയിടുന്ന റിപ്പോർട്ടാണ് അതെന്നും മുഖ്യമന്ത്രിയെ തുറന്നുകാട്ടാൻ സുപ്രീംകോടതി വരെ പോകുമെന്നും സ്നേഹമയി കൃഷ്ണ വ്യക്തമാക്കി. അതിനുമുമ്പായി കേസ് സിബിഐക്ക്‌ വിടണമെന്ന അപേക്ഷയുമായി അദ്ദേഹം ഒരിക്കൽകൂടി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയാകട്ടെ തന്നെയും കുടുംബത്തെയും ലോകായുക്ത കുറ്റവിമുക്തരാക്കിയ ആശ്വാസത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img