02:01am 18 January 2026
NEWS

ആന്തൂരിൽ ഇടതു മുന്നണിക്ക് വീണ്ടും എതിരില്ലാതെ വിജയം

24/11/2025  05:15 PM IST
nila
 ആന്തൂരിൽ ഇടതു മുന്നണിക്ക് വീണ്ടും എതിരില്ലാതെ വിജയം

തർക്കത്തെ തുടർന്ന് ഇന്നത്തേക്ക് സൂക്ഷ്മ പരിശോധന മാറ്റിവെച്ചിരുന്ന കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മൂന്ന് സിപിഎം സ്ഥാനാർത്ഥികൾക്കും കണ്ണപുരം പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലാതെ വിജയം ഉറപ്പായി. പത്രിക അസാധുവായതും പിൻവലിക്കലുകളും ചേർന്നാണ് എതിരില്ലാ വിജയങ്ങളുടെ എണ്ണം കൂടിയത്. സിപിഎം ഭീഷണിപെടുത്തിയാണ് ഏകപക്ഷീയമായ വിജയം ഉറപ്പാക്കുന്നത് എന്നാരോപിച്ച് കോൺഗ്രസും രം​ഗത്തെത്തി. 

ആന്തൂർ മുനിസിപ്പാലിറ്റിയിലെ തളിയിൽ, കോടല്ലൂർ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകളാണ് അസാധുവായത്. നാമനിർദേശകർ ഒപ്പിട്ടത് തങ്ങളല്ലെന്ന് സാക്ഷ്യം പറഞ്ഞതേടെയാണ് പത്രിക തള്ളിയത്. അതേസമയം, തർക്കമുയർന്ന തളിവയൽ, കോൾമൊട്ട ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ പരിശോധിച്ച ശേഷം അംഗീകരിച്ചു.

സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന് കോൺ​ഗ്രസ് ആരോപിച്ച ഇരുപത്തിയാറാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി അവസാനം പത്രിക പിൻവലിച്ചു. ആന്തൂർ മുനിസിപ്പാലിറ്റിയിൽ ആകെ 29 ഡിവിഷനുകളിൽ അഞ്ചിടത്ത് എൽഡിഎഫിന് എതിരില്ലാത്ത വിജയം ഉറപ്പായതോടെ ധർമ്മശാല നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷിച്ചു. ജനാധിപത്യത്തെ ഭീഷണിയിലൂടെ തകർത്തുവെന്നാണ് കോൺഗ്രസ് ആരോപണം.

കണ്ണപുരം പഞ്ചായത്തിലും സമാന സാഹചര്യമുണ്ടായി. എട്ടാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ പത്രികയും ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയതോടെ എൽഡിഎഫിലെ ടി.ഇ. മോഹനനും ഉഷ മോഹനനും എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img