12:51am 03 June 2026
NEWS
ഇന്ത്യാസഖ്യത്തിൽ ഇടതിന് പ്രസക്തിയില്ല; പാർട്ടി കോൺഗ്രസ്സുകൾ ഇടതിന്റെ ഭാവി തീരുമാനിക്കും
07/02/2025  08:15 PM IST
അഡ്വ. എം. മനോഹരൻപിള്ള
ഇന്ത്യാസഖ്യത്തിൽ ഇടതിന് പ്രസക്തിയില്ല; പാർട്ടി കോൺഗ്രസ്സുകൾ ഇടതിന്റെ ഭാവി  തീരുമാനിക്കും

ഇന്ത്യാ സഖ്യത്തിലെ ഘടകമായ ഇടതുമുന്നണിയിൽ 2024 ലെ ലോക്‌സഭാ കണക്കുപ്രകാരം സി.പി.എം, സി.പി.ഐ, സി.പി.ഐ(എം.എൽ), ആർ.എസ്.പി ഉൾപ്പെടെ ഒൻപത് കക്ഷികൾ മാത്രം. കോൺഗ്രസ്- ബി.ജെ.പി മുന്നണികളെ തോൽപ്പിച്ച് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയായി കെ. രാധാകൃഷ്ണന്റെ ആലത്തൂർ മാത്രമാണ് സി.പി.എംന്റെ തനതായ വിജയം. തമിഴ്‌നാട്ടിലെ  സി.പി.എമ്മിന്റേയും സി.പി.ഐയുടെയും രണ്ട് സീറ്റുകളിലെ വിജയം ഡി.എം.കെ മുന്നണിയുടെ ഭാഗമായതിന്റെ വിജയങ്ങളാണ്. ആർ.എസ്.പി കേരളത്തിൽ കോൺഗ്രസ് മുന്നണിയിലും, പശ്ചിമബംഗാളിൽ സി.പി.എം മുന്നണിയിലുമാണെങ്കിൽ, കേരളത്തിൽ കൊല്ലത്തുനിന്ന് എൻ.കെ. പ്രേമചന്ദ്രൻ മാത്രമാണ് ജയിച്ചത്. ബീഹാറിലും ആന്ധ്രയിലും പശ്ചിമബംഗാളിലും സി.പി.എം- സി.പി.ഐ കമ്മ്യൂണിസ്റ്റുകൾക്ക് ഒരു സീറ്റും കിട്ടിയില്ല. ഇന്ത്യാ സഖ്യത്തിൽ മത്സരിച്ച സി.പി.ഐ(എം. എൽ) രണ്ട് സീറ്റ് നേടി. രാജസ്ഥാനിൽ കോൺഗ്രസ് സഖ്യത്തോടൊപ്പം നിന്നാണ് സി.പി.എം ഒരു സീറ്റ് നേടിയത്. ദേശീയപ്പാർട്ടി അംഗീകാരത്തിന്റെ നഷ്ടവക്കിൽ എത്തിയ സി.പി.എമ്മിനെ രക്ഷപ്പെടുത്തിയത് ആ സീറ്റാണ്. എങ്കിലും സി.പി.എംന്റെ കോൺഗ്രസ്- ബി.ജെ.പി വിരുദ്ധലൈനിനാണ് കേരളത്തിൽ അംഗീകാരം നൽകിയത്. കോൺഗ്രസുമായി സഖ്യം എന്ന ബംഗാളിലെ പാർട്ടി ലൈൻ പാടെ പൊളിഞ്ഞു. കോൺഗ്രസ് ഒറ്റസീറ്റിൽ ഒതുങ്ങി നാലാം കക്ഷിയായി.  കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ വിജയം കണ്ടത് സീതാറാം യെച്ചൂരിയുടെ ഭൂരിപക്ഷലൈനാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് മേൽക്കോയ്മയുണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ആ ലൈൻ അമ്പേ പാളി. പക്ഷേ കമ്മ്യൂണിസ്റ്റുകൾക്ക് അടിത്തറയുണ്ടായിരുന്ന ബീഹാറിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും തെലങ്കാനയിലും സി.പി.എം പച്ചതൊട്ടില്ല.

സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ ഇന്ത്യാ സഖ്യത്തിലെ സി.പി.എമ്മിന്റേയും ഇടതുകക്ഷി സഖ്യത്തിന്റേയും പ്രാമുഖ്യം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യാസഖ്യത്തെ നയിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. 2026 ലെ കേരളം, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളോടെ ഇടതുസഖ്യത്തിന് പൂർണ്ണമായും ഇന്ത്യാമുന്നണി വിടേണ്ടിവരും.

തമിഴ്‌നാട്ടിൽ ഡി.എം.കെയ്ക്ക് ഭീഷണിയായി സിനിമാനടൻ വിജയ്‌യുടെ പാർട്ടി സജീവമായി രംഗത്തുണ്ടാകും. മന്ത്രിമാരെ നാട്ടുകാർ ചെളിയേറുവരെ തുടങ്ങിയിട്ടുണ്ട്. ഒറ്റയ്ക്കും തെറ്റയ്ക്കും സ്റ്റാലിൻ ശക്തികൾ ഒത്തുകൂടും. നേരിട്ടുള്ള മത്സരത്തിന് പകരം ത്രികോണവും ചതുഷ്‌കോണവും പഞ്ചകോണവും പ്രതീക്ഷിക്കാം. കോൺഗ്രസിന്റെ അജണ്ട 67 ന് ശേഷമുള്ള മന്ത്രിസഭാപ്രാതിനിധ്യം ആണ് കലക്കവെള്ളത്തിലെ മീൻപിടിക്കൽ. ഇടതുകൾക്കും അവിടെ പ്രസക്തിയുണ്ടാകും.

ഇന്ത്യാസഖ്യമുദ്രാവാക്യം

ഇടതിന് പുത്തരിയല്ല

ഇന്ത്യൻ ഭരണഘടനയുപയോഗിച്ചുള്ള ജനാധിപത്യ അട്ടിമറികളും ഫെഡറലിസ ഭീഷണിയും, കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ തകർച്ചകളും, കേന്ദ്ര സർക്കാരുകളുടെ ജീർണ്ണിച്ച അഴിമതികളും കേട്ട് ചെവിക്കല്ലടഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാർ. 1959 ൽ ഇൻഡ്യയിലെ ആദ്യത്തെ ജനാധിപത്യ സർക്കാരിനെ ഭരണഘടനാ ദുരുപയോഗിച്ച് അട്ടിമറിച്ച ജവഹർലാൽ നെഹ്‌റുവിന്റെ ആദ്യത്തെ ഭരണഘടനാ അട്ടിമറിയുടെ രക്തസാക്ഷിയാണ് '57 ലെ ഇ.എം.എസ് നയിച്ച കമ്മ്യൂണിസ്റ്റ് സർക്കാർ. 1967 ൽ ഇന്ത്യയിലെ കോൺഗ്രസ്സേതര സർക്കാരുകളുടെ കരുതലായി ബദൽ ആസൂത്രണം ആവിഷ്‌ക്കരിച്ചത് ഇ.എം.എസ് ആണ്. ഏറ്റവും വലിയ ഭരണഘടന അട്ടിമറിയായ 1975 ജൂൺ 25 ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ ഇന്ത്യാരാജ്യവും ഭരണഘടനയും ഉള്ള കാലം ആരും മറക്കില്ല. ഭരണഘടനയുടെ പകർപ്പുകൾ കെട്ടിത്തൂക്കി എത്ര പ്രാവശ്യം നൃത്തം വച്ചാലും അടിയന്തിരാവസ്ഥ ഒഴുക്കിയ രക്തത്തിന്റെ നീർച്ചാലുകൾ വറ്റിച്ചുകളയാനാവില്ല.

കോൺഗ്രസിനെതിരെ ഏതാണ്ട് അഞ്ചുവ്യാഴവട്ടക്കാലമായി കമ്മ്യൂണിസ്റ്റുകാർ വിളിച്ചിരുന്ന മുദ്രാവാക്യങ്ങളോടൊപ്പം ഫാസിസവും ഹിന്ദു വർഗ്ഗീയതയും കൂട്ടിച്ചേർത്ത് ഭരണഘടനയും കെട്ടിത്തൂക്കിയാണ് ഇന്ത്യാസഖ്യത്തിന്റെ അജണ്ടയായി ഇടതുകാരുടെ മുമ്പിൽ ബി.ജെ.പി വിരുദ്ധമുദ്രാവാക്യമായി രാഹുൽഗാന്ധിയും കൂട്ടരും അവതരിപ്പിക്കുന്നത്. ഇതുകേട്ട് രാഷ്ട്രീയചരിത്രം അറിയാവുന്നവരെല്ലാം ഊറി ഊറിച്ചിരിക്കുന്നുണ്ടാകും.

അജണ്ടകളിൽ ചാഞ്ചാട്ടം

ബി.ജെ.പിക്ക് എൻ.ഡി.എ മുന്നണിയുണ്ടെങ്കിലും, ബി.ജെ.പിയുടെ സ്വന്തം അജണ്ടകളുണ്ട്. അജണ്ടകൾക്ക് ആർ.എസ്.എസിന്റേയും സംഘപരിവാറിന്റേയും പിന്തുണ അവർ ആർജ്ജിച്ചിട്ടുണ്ട്. ആ പ്രതിജ്ഞയെടുത്താണ് ബി.ജെ.പി മൂന്നാംവട്ടവും ഭരണം തുടരുന്നത്. 2024 ലെ തെരഞ്ഞെടുപ്പോടെ ആന്ധ്രയേയും നായിഡുവിനേയും ബി.ജെ.പി കൈക്കലാക്കി. കാശ്മീരിൽ ചുറ്റിക്കറങ്ങി ബി.ജെ.പി കോൺഗ്രസിനെ വട്ടം ചുറ്റിച്ച് ഹരിയാനഭരണം പിടിച്ചു. ജാർഖണ്ഡിൽ ബോറനെ അഴിമതി ആരോപണങ്ങളിലും കുടുംബതർക്കങ്ങളിലും കോടതികളിൽ ഇട്ട് കറക്കുമ്പോൾ ബി.ജെ.പിയുടെ കണ്ണ് ഇന്ത്യയുടെ വാണിജ്യ-സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയുടെ മേൽ  ആയിരുന്നു. ഹരിയാനയിലെ തോൽവിക്കുശേഷം ആഭ്യന്തര പ്രശ്‌നങ്ങളൊക്കെ മറന്ന് എ.വി.എംന്റെ പിന്നാലെ പോയ കോൺഗ്രസ്സ്, ശരദ്പവാറിനെയും ഉദ്ധവ്താക്കറെയെയും മഹാരാഷ്ട്ര ഏൽപ്പിച്ച് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും കേരളത്തിൽ വയനാട്, മലപ്പുറം ജില്ലകളിൽ കവലപ്രസംഗങ്ങളിലായിരുന്നു.

ബി.ജെ.പിയുടെ അടുത്ത ആദ്യ അജണ്ട ബീഹാറാണ്. പിന്നെ ദൽഹി. ബീഹാറിനെ വീണ്ടും നിതീഷ്‌കുമാറിനെ ഏൽപ്പിച്ചാലെ, കേന്ദ്രഭരണം കൂടുതൽ സുരക്ഷിതമാകൂ എന്ന് ബി.ജെ.പിക്കറിയാം.

നരേന്ദ്രമോദിക്കും അദാനിക്കുമെതിരെ പ്രക്ഷുബ്ധമായ പാർലമെന്റ് സമ്മേളനം അംബേദ്ക്കറിൽ തട്ടി അമിത്ഷായ്‌ക്കെതിരെ അവസാനിപ്പിച്ചു. അദാനിക്കെതിരെയുള്ളത് നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യ അജണ്ടയാണെന്ന ബി.ജെ.പി. ആരോപണം ഏറ്റു. ഇന്ത്യാസഖ്യത്തിലെ മറ്റ് ഘടകകക്ഷികൾ ചൊടിച്ചു. അതിനിടയിൽ ഇന്ത്യാസഖ്യം നയിക്കാമെന്ന മമതയുടെ ഉറപ്പ് പ്രഖ്യാപനത്തിന് പിന്തുണയാർജ്ജിച്ചത് രാഹുൽഗാന്ധിയെ പേടിപ്പിച്ചു. അങ്ങനെ അംബേദ്ക്കറുടെ പേരിലുള്ള അമിത്ഷായുടെ നാക്കുപിഴവ് കോൺഗ്രസ് മോദിവിരുദ്ധ അജണ്ടയാക്കി. പാർലമെന്റിൽ മാത്രമുള്ള സഖ്യമാണ് ഇന്ത്യാസഖ്യമെന്നറിയാവുന്ന ബി.ജെ.പി പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചു.

ആം ആദ്മി പാർട്ടി കളത്തിന് പുറത്ത്

മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് 2012 നവംബർ 26 നാണ് ആം ആദ്മി പാർട്ടി രൂപീകൃതമായത്. അണ്ണാഹസാരെയുടെ നേതൃത്വത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ നടന്ന അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി ബി.ജെ.പി അടക്കമുള്ള ഇപ്പോഴത്തെ കേന്ദ്രഭരണകക്ഷിയും അന്ന് ആ പ്രക്ഷോഭത്തിലുണ്ടായിരുന്നു. ആളിക്കത്തിയ ആ പ്രക്ഷോഭം 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേന്ദ്രഭരണം പിടിക്കാൻ ബി.ജെ.പിയെ സഹായിച്ചു. ഷീലാദീക്ഷിതിന്റെ അഴിമതിക്കെതിരെയാണ് ആദ്യപ്രക്ഷോഭം തുടങ്ങിയത്. കെജരിവാളിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണം കാരണം അണ്ണാഹസാരെ പിന്മാറി. ദൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് അരവിന്ദ് കേജരിവാളിന്റെ നീക്കം ആ ഭരണം നോട്ടമിട്ടിരുന്ന ബി.ജെ.പിയേയും ചൊടിപ്പിച്ചു.

ദൽഹി തെരഞ്ഞെടുപ്പുകളിൽ എ.എ.പിയുടെ മുഖ്യശത്രു ആദ്യം കോൺഗ്രസായിരുന്നെങ്കിൽ 2014 നുശേഷം ബി.ജെ.പിയും നരേന്ദ്രമോദി സർക്കാരുമായി. എ.എ.പി ദൽഹി കടന്ന് ഹരിയാനയിലും പഞ്ചാബിലും വേരുറപ്പിച്ച് ഗോവ വരെ എത്തിയപ്പോൾ 2023 ഏപ്രിൽ 10 ന് ദേശീയ ഇലക്ഷൻ കമ്മീഷൻ എ.എ.പിയെ ദേശീയ പാർട്ടിയായി അംഗീകരിച്ചു. ബി.ജെ.പിയും കോൺഗ്രസും ഫലത്തിൽ എ.എ.പിക്ക് എതിരായിരുന്നു. കോൺഗ്രസിന്റെ ദൽഹി പി.സി.സി പ്രസിഡന്റാണ് മദ്യനയക്കേസിലെ ആദ്യപരാതിക്കാരൻ. കോൺഗ്രസ് കൂടെ നിർത്തി കേജരിവാളിന്റെ കാലിൽ ചവിട്ടിയപ്പോൾ ബി.ജെ.പി യുദ്ധം നേരിട്ടാക്കി. 2019 ൽ ദൽഹിയിലെ മുഴുവൻ ലോക്‌സഭാ സീറ്റും പിടിച്ച ബി.ജെ.പി വീര്യം കൂട്ടി. അഴിമതി വിരുദ്ധ പരിവേഷക്കാരനായിരുന്ന കേജരിവാളിന് അഴിമതിപ്പട്ടം ചാർത്തിക്കൊടുത്തു. സുപ്രീംകോടതി സഹായിച്ചില്ലായിരുന്നെങ്കിൽ കേജരിവാൾ സൂര്യവെളിച്ചം കാണില്ലായിരുന്നു. ദൽഹിയിലെ കേന്ദ്രഭരണത്തെ ഇളക്കിമറിച്ച പ്രതിഷേധം ഇന്ത്യാസഖ്യം കേജരിവാളിനുവേണ്ടി സംഘടിപ്പിച്ചെങ്കിലും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ബി.ജെ.പി മുഴുവൻ സീറ്റുകളും പിടിച്ചു. പിന്നാലെ ഹരിയാനയിൽ കോൺഗ്രസ് എ.എ.പിയെ തഴഞ്ഞു. പകരം ദൽഹിയിൽ കേജരിവാൾ കോൺഗ്രസിനെയും തഴഞ്ഞ മട്ടാണ്. പഞ്ചാബിലും അതാവർത്തിക്കും. അതോടെ കേജരിവാൾ ഇന്ത്യാസഖ്യത്തിൽ നിന്ന് പൂർണ്ണമായും പുറത്താകും; സ്വാഭാവികമായി ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിൽ നിന്നും.

മമതയുടെ മോഹം

രാഹുലിന് പൊറുക്കുമോ?

മമതാ ബാനർജിയുടെ അവതാരലക്ഷ്യം തൃണമൂലിലൂടെ കോൺഗ്രസിന്റെ ഉന്മൂലനമായിരുന്നു. പതുക്കെ മുഖ്യശത്രു ഇടത് മുന്നണിയായി. 33 വർഷം ബംഗാൾ ഭരിച്ച സി.പി.എം മുന്നണിയെ മമത അധികാരത്തിൽ നിന്ന് നിഷ്‌ക്കാസനം ചെയ്തു. ഇപ്പോൾ അവരുടെ മുഖ്യശത്രു ബി.ജെ.പിയാണ്. പശ്ചിമബംഗാളിൽ ബി.ജെ.പിയുമായുള്ള നേരിട്ടുള്ള മത്സരത്തിൽ ഇടതിനെയും കോൺഗ്രസിനെയും മൂന്നും നാലും കക്ഷികളാക്കി. 2026 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അവർക്ക് ഭീഷണി തന്നെയാണ്. ഇന്ത്യാസഖ്യത്തിന്റെ കേന്ദ്രനേതൃത്വം ഏറ്റെടുത്തുകൊണ്ട്, പശ്ചിമബംഗാളിലെ ബി.ജെ.പി വിരുദ്ധ ശക്തികളെ കമ്മ്യൂണിസ്റ്റ് വിരോധവും കോൺഗ്രസ് വിരോധവും ഉപേക്ഷിച്ച് കൂടെ നിർത്തി. ബംഗാളിനെ കൈവിടാതെ ഇന്ത്യാസഖ്യനേതൃത്വം പിടിക്കുവാനുള്ള രാഷ്ട്രീയമോഹമാണ് മമതയുടെ മനസ്സിൽ കിടന്ന് മഥിക്കുന്നത്.

ബീഹാറിലെ ലാലുവിന്റെ ആർജെഡിയുടെ ലക്ഷ്യം തേജസ്വി യാദവിന്റെ ചിരകാല അഭിലാഷമായ ബീഹാർ മുഖ്യമന്ത്രിസ്ഥാനമാണ്. അതുകൊണ്ട് മമതയുടെ മോഹത്തെ പിന്തുണച്ചാലും രാഹുലിനെയും കോൺഗ്രസിനെയും ബുദ്ധിമാനായ ലാലു കൈവിടില്ല. രാഹുലിനും മമതയുടെ നീക്കം സഹിക്കില്ല. രാഹുൽ സ്വകാര്യ അജണ്ടകൾ ഉപേക്ഷിച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികൾക്ക് വഴങ്ങി അംബേദ്ക്കർ വിഷയം തെരഞ്ഞെടുത്തത് മമതയുടെ നീക്കത്തിനുള്ള ആദ്യത്തെ രാഹുൽ തിരിച്ചടിയാണ്. ബീഹാർ ഇപ്പോഴും കോൺഗ്രസിന് പരീക്ഷണശാലയാണ്. ഭരണപ്രതീക്ഷ ഉടനുള്ളത് 2026 ൽ കേരളം മാത്രമാണ്.

കേരളത്തിനെ

ഒറ്റപ്പെടുത്തുന്നു

വയനാട്- പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയെപ്പറ്റിയുള്ള ബി.ജെ.പിയുടെ സംസ്ഥാന റിപ്പോർട്ട് കേന്ദ്ര നേതൃത്വം പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. ബി.ജെ.പിയും ഇടതുപക്ഷവുമായുള്ള അന്തർധാര എന്ന കേരളത്തിലെ കോൺഗ്രസ് പ്രചരണം മുഖ്യമന്ത്രി പിണറായിയെ ലക്ഷ്യമാക്കിയാണ്. അതിന്റെ ഫലമായി ഇടതിന്റെയും ബി.ജെ.പിയുടെയും ഉറച്ച വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നുപോകുന്നു. മാത്രവുമല്ല ഒരു ക്രിയാത്മക പ്രതിപക്ഷമായി രംഗത്തുവരാൻ ബി.ജെപിക്കാവുന്നുമില്ല. ഈ പ്രചാരണം ഒരുപോലെ ബി.ജെ.പി- ഇടത് പ്രവർത്തകരെ നിർവീര്യമാക്കുന്നു. തെരഞ്ഞെടുപ്പു തോൽവിയെ കേന്ദ്ര ഇന്റലിജൻസ് മുഖേന ദൽഹിക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ടാണ് കേന്ദ്രസർക്കാരും മന്ത്രിമാരുമെല്ലാം കേരളത്തിനെ ശത്രുലിസ്റ്റിൽപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോൾ വയനാട് ദുരന്തസഹായത്തിൽപ്പോലും ഈ സമീപനമാണ് കേന്ദ്രസർക്കാരും കേന്ദ്രമന്ത്രിമാരും സ്വീകരിക്കുന്നത്. അന്തർധാരാ രാഷ്ട്രീയപ്രചരണത്തിന്റെ ദോഷഫലമാണിതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

കേന്ദ്രമന്ത്രിമാരിൽ പൊതുവെ സംസ്ഥാന മുഖ്യമന്ത്രിമാരോട് എപ്പോഴും നല്ല പെരുമാറ്റം കാണിക്കാറുള്ള മന്ത്രിയാണ് നിധിൻ ഗഡ്കരി. സംസ്ഥാന പൊതുമരാമത്തുവകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരൻ പോലും അത് സൂചിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രാതലിന് ക്ഷണിച്ചത് ബി.ജെ.പിയുമായുള്ള അന്തർധാരയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചാനൽ ചർച്ചകളിലെ കോൺഗ്രസ് വക്താക്കളും പരിഹസിച്ചിരുന്നു. കേന്ദ്രമന്ത്രിമാരുടെ ശത്രുതാപെരുമാറ്റത്തിന് രക്തസാക്ഷിയായത് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാറാണ്. അത് അദ്ദേഹം തുറന്ന് പത്രക്കാരോടും പറയുകയും ചെയ്തു. നിതിൻ ഗഡ്കരി തന്നോട് ഇരിക്കാൻ പോലും പറഞ്ഞില്ലെന്നായിരുന്നു ഗണേശിന്റെ ആരോപണം. നിതിൻ ഗഡ്കരിയെ അടുത്തറിയാവുന്നവരെല്ലാം കരുതുന്നത് അന്തർധാരാ രാഷ്ട്രീയപ്രചാരണത്തിന്റെ ക്ഷോഭപ്രതിഫലനമാണിതെന്നാണ്. ശബരി റെയിൽപ്പാത വിഷയത്തിൽ റെയിൽവേമന്ത്രി അശ്വനിവിഷ്ണവ് എടുത്തിരിക്കുന്ന സമീപനവും ഇതാണ്. 20,000 കോടി ബഡ്ജറ്റ് വിഹിതവും, 2000 കോടി രൂപയുടെ വയനാട് ദുരന്ത സഹായവും തേടിയുള്ള ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനോട് എന്ത് പെരുമാറ്റമാണ് കേന്ദ്രമന്ത്രി നിർമ്മലാസീതാരാമ കാഴ്ചവയ്ക്കാൻ പോകുന്നത് എന്ന് കണ്ടറിയണം.

കേരള സർക്കാരിന് ഇനി കാലാവധി മുഴുമിപ്പിക്കാൻ ഒന്നരക്കൊല്ലം ബാക്കിയുണ്ട്. 2029 വരെ കേന്ദ്ര ഭരണ സർക്കാരിന് കാലാവധിയുണ്ട്. കേരളസർക്കാരിന് ആവലാതികൾ പറയാൻ ഒരു എം.പി ലോക്‌സഭയിലും, മൂന്നാലുപേർ രാജ്യസഭയിലുമുണ്ട്. ബാക്കിയുള്ളവരെല്ലാം പ്രതിപക്ഷ എം.പിമാരാണ്. കേന്ദ്രത്തിലെയും കേരളത്തിലെയും പ്രതിപക്ഷങ്ങൾ. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിച്ചുള്ളവർ. ചുരുക്കത്തിൽ കേരള സർക്കാരിന്റെ ആവലാതികൾ കേൾക്കാനും പറയാനും ആളില്ലാത്ത അവസ്ഥ. ആകെയുണ്ടായിരുന്ന ഇടതിന്റെ അത്താണി ഇന്ത്യാസഖ്യം ആയിരുന്നു. 2026 അടുക്കുംതോറും കോൺഗ്രസ് ഇടതിനെ അകറ്റിക്കൊണ്ടിരിക്കും. സി.പി.എം നേതാവ് ഡി. രാജ അവരുടെ പരിദേവനങ്ങൾ തുറന്നുപറഞ്ഞുകഴിഞ്ഞു. സി.പി.എമ്മിന് രാഹുൽഗാന്ധിയോടൊപ്പം കിടപിടിക്കുന്ന നേതാവുണ്ടായിരുന്നു. എന്നാൽ സി.പി.എമ്മിന്റെ നേതാവായ സീതാറാം യെച്ചൂരിയുടെ വിയോഗം പാർട്ടിയുടെ നികത്താനാളില്ലാത്ത നഷ്ടമാണ്. ഇടതിനെ കൊഞ്ഞനം കുത്തുന്ന കേരളത്തിലെ കോൺഗ്രസുകാർക്കും 2026 ൽ ഭരണം കിട്ടിയാൽപ്പോലും താണ്ടാൻ മൂന്നുകൊല്ലം ബാക്കിയുണ്ട് എന്ന് ഓർക്കുന്നത് നന്നായിരിക്കും.

പാർട്ടി കോൺഗ്രസ്സുകൾ

ഇടതിന്റെ ഭാവി തീരുമാനിക്കും

കോൺഗ്രസിനും ബി.ജെ.പിക്കുമെതിരായുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നതാണ് കേരളത്തിൽ സി.പി.ഐ(എം)- സി.പി.ഐ കക്ഷികൾ പിന്തുടരുന്ന  രാഷ്ട്രീയലൈൻ. ഇതു 1980 മുതൽ സ്വീകരിച്ചുവരുന്നു. 2004 ലാണ് ദേശീയ തലത്തിൽ യു.പി.എ ആശയം ഉടലെടുത്തത്. 1989 ൽ കോൺഗ്രസിനെതിരായി വി.പി. സിംഗ് നയിച്ച ദേശീയസഖ്യത്തിൽ ബി.ജെ.പിയും ഉണ്ടായിരുന്നു. ജനതാദൾ നേതാക്കളായ ദേവഗൗഡ, ഐ.കെ. ഗുജ്‌റാൾ, ചന്ദ്രശേഖർ എന്നിവരൊക്കെ പ്രധാനമന്ത്രിമാരായി. രാജീവ്ഗാന്ധിയുടെ മരണശേഷം നരസിംഹറാവു കോൺഗ്രസിനേയും കേന്ദ്രസർക്കാരിനേയും നയിച്ചു. 2004 ൽ ബി.ജെ.പി ഭരണം ഒഴിവാക്കാൻ മൻമോഹൻസിംഗിനെ പ്രധാനമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിച്ചു. അന്നാണ് യു.പി.എ ഉണ്ടായത്. അദ്ധ്യക്ഷയായി സോണിയാഗാന്ധി വന്നു. അതിന് മുമ്പുതന്നെ കൊൽക്കത്ത എ.ഐ.സി.സിയിൽ സീതാറാം കേസരിയെ പുറത്താക്കി സോണിയ പാർട്ടി പിടിച്ചടക്കിയിരുന്നു. ആണവനയത്തിന്റെ പേരിൽ 2008 ൽ ഇടതുപക്ഷങ്ങൾ യു.പി.എ വിട്ടു. എന്നിട്ടും യു.പി.എ 2009 ൽ ഭരണത്തിൽ വന്നു. ദേശീയരാഷ്ട്രീയത്തിൽ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ഒറ്റപ്പെട്ടെങ്കിലും കേരളത്തിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോൾ പിണറായിയുടെ നേതൃത്വത്തിലുള്ള സി.പി.എം ഭൂരിപക്ഷം ലോക്‌സഭാ സീറ്റിലും ജയിച്ചു. കോൺഗ്രസ്- ബി.ജെ.പി വിരുദ്ധമുന്നണിയായിരുന്നു സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ലൈൻ. തമിഴ്‌നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും ബീഹാറിലും അടിത്തറയുണ്ടെങ്കിലും ഇന്ത്യാ സഖ്യത്തിൽ അഞ്ചാംകിട പാർട്ടികളായാണ് കോൺഗ്രസ് കണക്കാക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും ഇടതുപക്ഷങ്ങളുടെ നേതൃത്വത്തിൽ കേരളത്തിന്റെ മാതൃകയിൽ ഓരോ സംസ്ഥാനങ്ങൾ അനുസരിച്ച് പ്രാദേശിക കക്ഷികളെക്കൂട്ടി മുന്നണികൾ ഉണ്ടാക്കിയാൽ കാലക്രമത്തിൽ എൻ.ഡി.എയിൽ ഉൾപ്പെടെ നിലനിൽക്കുന്ന പ്രാദേശികകക്ഷികളെ ആകർഷിക്കാമെന്നും ഇടതുനേതാക്കൾ കരുതുന്നു. 2025 ൽ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലും സെപ്തംബറിൽ തെലങ്കാനയിലെ ഖമ്മത്ത് നടക്കുന്ന സി.പി.ഐ പാർട്ടികോൺഗ്രസ്സുമാണ് കേരളത്തിലും പുറത്തും പിണറായി ലൈൻ അംഗീകരിക്കുന്നവരുടെ പ്രത്യാശയും പ്രതീക്ഷയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img