11:49am 02 September 2026
NEWS
ഘടകകക്ഷികളോട് ഇടതുമുന്നണിക്ക് രണ്ട് നീതി... എൻ.സി.പിക്ക് ക്ലീൻ ചിറ്റ്; നാഷണൽ ലീഗ് പുറത്തുതന്നെ...
01/09/2026  12:59 PM IST
പ്രദീപ് ഉഷസ്സ്
ഘടകകക്ഷികളോട് ഇടതുമുന്നണിക്ക് രണ്ട് നീതി... എൻ.സി.പിക്ക് ക്ലീൻ ചിറ്റ്; നാഷണൽ ലീഗ് പുറത്തുതന്നെ...

ഇടതുമുന്നണിയിലെ ഘടകകക്ഷികളോടുള്ള സി.പി.എം സമീപനം വിവേചനപരമെന്ന ആരോപണം ശക്തമാകുന്നു. മുന്നണിയിലെ ഒരു ഘടകകക്ഷിയിൽ വിഭാഗീയതയുണ്ടാവുകയും പാർട്ടി പിളരുകയും ചെയ്താൽ, ഔദ്യോഗിക പക്ഷത്തെ മുന്നണിയിലെ ഘടകകക്ഷിയായി നിലനിർത്തുകയും, മറുഭാഗത്തിന് മുന്നണിക്ക് പുറത്തുനിന്ന് പ്രവർത്തിക്കാൻ അവസരം നൽകുകയുമായിരുന്നു നാളിതുവരെ തുടർന്നുവന്നിരുന്ന കീഴ്‌വഴക്കം.

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എൻ.സി.പിയിൽ അസ്വാരസ്യങ്ങളും, ഗ്രൂപ്പ് വടംവലികളും ശക്തമായിട്ട് നാളുകൾ ഏറെയായി. കഴഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ അത് പൊട്ടിത്തെറിയുടെ വക്കിലുമെത്തി. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇടതുമുന്നണി നേതൃത്വം ഇടപെട്ടാണ് താൽക്കാലിക വെടിനിർത്തൽ ഉണ്ടായത്. അതിനുശേഷം വിമതവിഭാഗം എൻ.സി.പി സെക്യുലർ എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയ നേതൃത്വത്തിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് പിളർപ്പിന് കാരണമെന്നാണ് എൻ.സി.പി സെക്യുലർ നേതാക്കൾ നൽകുന്ന വിശദീകരണം. എന്നാൽ സംസ്ഥാനത്തെ എൻ.സി.പി നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ തന്നെയാണ് പിളർപ്പിന് ആധാരമായതെന്നാണ് വസ്തുത. എ.കെ. ശശീന്ദ്രനും, തോമസ് കെ തോമസുമൊക്കെയാണ് വിമതവിഭാഗത്തിന് നേതൃത്വം നൽകുന്നത്. പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബുവുമാണ്. മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങിയത് തന്നെയാണ് ഈ സംഭവവികാസങ്ങൾക്ക് എല്ലാം കാരണമായി മാറിയത്.

എൻ.സി.പിയിൽ എന്നതുപോലെ ആഭ്യന്തര സംഘർഷങ്ങളാൽ ഇരുവിഭാഗങ്ങളായി പിരിഞ്ഞ മറ്റൊരു പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ് എന്ന ഐ.എൻ.എൽ. ഈ പാർട്ടിയും ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. ഐ.എൻ.എല്ലിൽ വിഭാഗീയത ശക്തമായതോടെ, മുന്നണി നേതൃത്വം കർശന നിലപാടാണ് കൈക്കൊണ്ടത്. പാർട്ടിയുടെ ദേശീയഘടകത്തിന്റെ പിന്തുണ അവകാശപ്പെട്ടിരുന്ന വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചത് അങ്ങനെയാണ്. അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകിയ ഐ.എൻ.എൽ അങ്ങനെ ഇടതുമുന്നണിയിലെ ഘടകകക്ഷിയായി തുടരുകയും ചെയ്തു. അണിയുടെ പിന്തുണയും, സംഘടനാ സംവിധാനങ്ങളുമുണ്ടായിരുന്ന, പ്രൊഫ. എ.പി. അബ്ദുവഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ മുന്നണിക്ക് പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഘടകമായി മാറ്റിനിർത്തുകയും ചെയ്തു.

ഐ.എൻ.എൽ പിളർന്നപ്പോൾ, ഇരുവിഭാഗവും പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ചുവന്നാൽ മാത്രമേ ഘടകകക്ഷി എന്ന നിലയിൽ പരിഗണിക്കുവെന്ന നിലപാടാണ് ഇടത് മുന്നണി നേതൃത്വം ആദ്യം കൈക്കൊണ്ടത്. എന്നാൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എയും പിന്നീട് മന്ത്രിയും ആയതോടെയാണ് അവരുടെ വിഭാഗത്തിന് ഘടകകക്ഷിയെന്ന നിലയിലുള്ള പരിഗണനയും, മുന്നണിയോഗത്തിൽ പങ്കെടുക്കാൻ അനുവാദവും ലഭിച്ചത്. പ്രൊഫ. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള ഐ.എൻ.എൽ പിന്നീട് പേര് മാറ്റ 'നാഷണൽ ലീഗ്' എന്നായി മാറുകയും ചെയ്തു. അവരിപ്പോഴും മുന്നണിക്ക് പുറത്തുനിന്ന് ഇടതുപക്ഷത്തിന് പിന്തുണ നൽകിക്കൊണ്ടിരിക്കുകയുമാണ്.

ഒരേ മുന്നണിയുടെ ഭാഗമായി നിന്ന് ആശയപരമായ ചേരിതിരിവുകളാൽ രണ്ടായി പിളർന്ന പാർട്ടികളാണ് ഐ.എൻ.എല്ലും എൻ.സി.പയും. ഇടതുമുന്നണിയുടെ കീഴ്‌വഴക്കമനുസരിച്ച് ഔദ്യോഗിക പക്ഷത്തിനെ മാത്രമേ മുന്നണി സംവിധാനത്തിൽ തുടരാൻ അനുവദിക്കുകയുള്ളൂ. ഇന്ത്യൻ നാഷണൽ ലീഗിന്റെ (ഐ.എൻ.എൽ) കാര്യത്തിൽ സംഭവിച്ചതും അതാണ്. എന്നാൽ എൻ.സി.പി പിളർന്നപ്പോഴാകട്ടെ സംഭവിച്ചത് നേരെ മറിച്ചാണ്. അഡ്വ പി.എം. സുരേഷ്ബാബു പ്രസിഡന്റായ എൻ.സി.പിക്കും, എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള എൻ.സി.പി സെക്യുലറിനും ഒരേപോലെ മുന്നണി സംവിധാനത്തിൽ തുടരാൻ അനുമതി നൽകിയിരിക്കുകയാണ് ഇടതുമുന്നണി നേതൃത്വം ഇപ്പോൾ. 'ഒരു പന്തിയിൽ രണ്ട് വിളമ്പ്' എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന കാഴ്ചയാണിതെന്ന വികാരമാണ് നാഷണൽ ലീഗ് നേതൃത്വത്തിലും അണികളിലും ഇപ്പോൾ ഇരമ്പിക്കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് നേതൃത്വം ബോധപൂർവ്വം തങ്ങളെ അവഗണിച്ചുവെന്ന ആക്ഷേപമാണിവർ ഉയർത്തുന്നത്. മുന്നണിയുടെ കീഴ്‌വഴക്കമനുസരിച്ച് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള ഐ.എൻ.എല്ലിനെ മുന്നണിയിൽ നിർത്തുകയും, മറുവിഭാഗത്തെ മാറ്റി നിർത്തുകയും ചെയ്ത വിധത്തിൽ എന്തുകൊണ്ട് ഔദ്യോഗിക വിഭാഗമായ എൻ.സി.പിയെ ഇടതുമുന്നണിയിൽ നിലനിർത്തിയപ്പോൾ, ഒപ്പംതന്നെ മറുവിഭാഗത്തെയും ഉൾക്കൊള്ളിച്ചതിൽ എന്ത് നീതിയാണ് മുന്നണി നേതൃത്വം കാണിച്ചതെന്ന ചോദ്യമാണ് നാഷണൽ ലീഗ് പ്രവർത്തകർ ഉയർത്തുന്നത്.

ഒരിടത്ത് തർക്കം വ്യക്തിപരം; മറ്റൊരിടത്ത് ആശയപരം

ഒരു രാഷ്ട്രീയ പാർട്ടിയിൽ ഭിന്നതയുണ്ടാകുമ്പോൾ അതിന് ആധാരമായ രാഷ്ട്രീയ സംഭവവികാസങ്ങൾ ഉയർന്ന് വരുന്നത് സ്വാഭാവികമാണ്. എൻ.സി.പിയെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രദർശനങ്ങളോ, രാഷ്ട്രീയ നിലപാടുകളോ അല്ല ഭിന്നതയ്ക്ക് അടിസ്ഥാനകാരണമെന്ന് വ്യക്തമാണ്. ദേശീയതലത്തിൽ ബി.ജെ.പിയോടുള്ള സമീപനങ്ങളോടുള്ള എതിർപ്പാണ് വേർതിരിയലിന് കാരണമെന്നാണ് എൻ.സി.പി സെക്യുലർ നേതാക്കളുടെ വാദം. എന്നാൽ ഈ വാദത്തിന് ആശയപരമായി ഒരു നിലനിൽപ്പുമില്ലെന്ന്, അവരുടെ മുൻകാല ചെയ്തികൾ തന്നെ വ്യക്തമാക്കുന്നുമുണ്ട്. എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കളുടെ അധികാരക്കസേരകൾക്കുവേണ്ടിയുള്ള വടംവലികൾ തന്നെയാണ് പൊട്ടിത്തെറികൾക്ക് ആധാരമായതെന്ന് രാഷ്ട്രീയകേന്ദ്രങ്ങൾ ഇതിന് മുമ്പ് പലകുറി ചൂണ്ടിക്കാണിച്ചതുമാണ്. ദീർഘകാലം ജനപ്രതിനിധിയും, മന്ത്രിയുമായിരുന്ന എ.കെ. ശശീന്ദ്രൻ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ ഒരുങ്ങിയതും സീറ്റ് സ്വന്തമാക്കിയതുമൊക്കെയാണ് ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തി പൊട്ടിത്തെറിയിലേക്ക് എത്താൻ അടിസ്ഥാന കാരണം. കോഴിക്കോട് ജില്ലയിലെ എലത്തൂർ നിയോജകമണ്ഡലത്തിൽ വീണ്ടും എ.കെ. ശശീന്ദ്രൻ മത്സരിക്കാൻ ഒരുങ്ങുന്നതിനെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്ത് വന്നത് കോഴിക്കോട് ജില്ലാ എൽ.ഡി.എഫ് കൺവീനറും എൻ.സി.പി നേതാവുമായ മുക്കം മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നത് മറ്റൊരു കൗതുകം. മുക്കം മുഹമ്മദിനെതിരെ എ.കെ. ശശീന്ദ്രൻ അനുകൂലികളും രംഗത്തുവന്നു. തർക്കം രൂക്ഷമായതോടെ സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാണ് സിറ്റിംഗ് എം.എൽ.എയായ എ.കെ. ശശീന്ദ്രന് തന്നെ ഇക്കുറിയും സീറ്റ് നൽകിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാകട്ടെ ഏറെക്കാലമായി ഇടതുമുന്നണിയുടെ കുത്തകമണ്ഡലമായ എലത്തൂർ യു.ഡി.എഫ് അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസ് നേതാവ് അഡ്വ. വിദ്യാബാലകൃഷ്ണനാണ് എ.കെ. ശശീന്ദ്രനെ പരാജയപ്പെടുത്തിയത്. ഈ വിധത്തിൽ നേതാക്കളുടെ വ്യക്ത്യാധിഷ്ഠിതമായ വാശിയും, ധാർഷ്ട്യവും പകപോക്കൽ സമീപനങ്ങളുമൊക്കെയാണ് എൻ.സി.പിയിലെ പിളർപ്പ് അനിവാര്യമാക്കിയതെന്നതാണ് യാഥാർത്ഥ്യം.

നേതൃവീഴ്ചയെ ചോദ്യം ചെയ്തപ്പോൾ

അതേസമയം, ഇന്ത്യൻ നാഷണൽ ലീഗിലെ പിളർപ്പിൽ ആശയപരമായ അടിയൊഴുക്കുകൾ വളരെയധികം ശക്തമായിരുന്നു. ഐ.എൻ.എല്ലിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള അഭിപ്രായവ്യത്യാസമാണ് ഐ.എൻ.എല്ലിലെ പിളർപ്പിനുള്ള പ്രധാന കാരണം. സീറ്റ് വീതം വയ്ക്കലിലെ തർക്കമോ, ഒരേ നേതാവിന് വീണ്ടും വീണ്ടും മത്സരിക്കണമെന്ന ആഗ്രഹത്തെ തുടർന്നോ ഉണ്ടായ പിളർപ്പായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഐ.എൻ.എല്ലിലെ പിളർപ്പ് ആശയപരമായ നിലപാടുകളെ തുടർന്നാണെന്ന് പറയേണ്ടി വരുന്നത്.

ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ, ദേശീയതലത്തിൽ, എസ്.ഡി.പി.ഐയോടും ജമാഅത്തെ ഇസ്ലാമിയോടും അനുഭാവ സമീപനം കൈക്കൊള്ളുകയും, പലപ്പോഴും അവരുടെ സഹയാത്രികനായി വേദികൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പ്രൊഫ. എ.പി. അബ്ദുൾവഹാബിന്റെ നേതൃത്വത്തിലുള്ള ഐ.എൻ.എൽ കേരളഘടകം, ഈ വിധം നിലപാടുരാഹിത്യത്തെ ചോദ്യം ചെയ്തിരുന്നു.
എസ്.ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള 'റിഹാബ് ഫൗണ്ടേഷ'ന്റെ വൈസ് ചെയർമാനായി പ്രൊഫ. മുഹമ്മദ് സുലൈമാൻ പ്രവർത്തിച്ചിരുന്നു. കൂടാതെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ വെൽഫെയർ പാർട്ടിയുടെ പല പരിപാടികളിലും വെൽഫെയർ പാർട്ടി പതാകയുമേന്തി, ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ തെളിവുകൾ നിരത്തി പ്രൊഫ. അബ്ദുൾ വഹാബും കൂട്ടരും ചോദ്യം ചെയ്തപ്പോൾ, ഒരു വിഭാഗം നേതാക്കൾ അഖിലേന്ത്യാ പ്രസിഡന്റിനെ ന്യായീകരിക്കുകയായിരുന്നു. ആ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്നത് അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ തുടങ്ങിയ നേതാക്കളായിരുന്നു. സ്വാഭാവികമായും പ്രൊഫ. മുഹമ്മദ് സുലൈമാന്റേയും, അഖിലേന്ത്യാ ഘടകത്തിന്റേയും പിൻബലം ഇവർക്ക് ലഭിക്കുകയും ചെയ്തു.

പിളർപ്പ് അനിവാര്യമായപ്പോൾ ഔദ്യോഗിക ഘടകത്തിന്റെ പിൻബലം അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ പക്ഷത്തിന് ലഭിക്കുകയും, പ്രൊഫ. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ളവർ വിമതരായി മാറുകയും ചെയ്തത് ഇങ്ങനെയാണ്. ദേശീയ നേതൃത്വത്തിന്റെ പിൻബലം ഔദ്യോഗിക- ഐ.എൻ.എല്ലിനാണ് ലഭിച്ചതെങ്കിലും, അണികളുടെ പിൻബലവും, സംഘാടനശേഷിയും പ്രൊഫ. അബ്ദുൾവഹാബ് വിഭാഗത്തോട് ഒപ്പമായിരുന്നു. ഈ വസ്തുത ഇടതുമുന്നണി നേതൃത്വത്തിന് നന്നായി അറിയാമായിരുന്നുവെങ്കിലും, ദേശീയ നേതൃത്വത്തിന്റെ പിൻബലത്തിന്റെ അടിസ്ഥാനത്തിൽ ദേവർകോവിൽ, കാസിം ഇരിക്കൂർ വിഭാഗം പുറത്തുനിന്ന് പിന്തുണയ്ക്കുന്നവരായി മാറുകയും ചെയ്തു. പിന്നീടാണവർ 'നാഷണൽ ലീഗ്' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചത്.

ഒരർത്ഥത്തിൽ എൻ.സി.പിയിലെ പിളർപ്പിന് രാഷ്ട്രീയകാരണങ്ങളേക്കാൾ, നേതാക്കളുടെ വ്യക്തിപരമായ വടംവലികളാണ് കാരണമായതെന്ന് പറയേണ്ടതായി വരും. അതേസമയം, ഐ.എൻ.എല്ലിലാകട്ടെ, രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾതന്നെയാണ് വിഭാഗീയതയ്ക്ക് വഴിയൊരുക്കിയതെന്നാണ് യാഥാർത്ഥ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിലൂന്നി പ്രവർത്തിച്ചുവരുന്ന ഐ.എൻ.എല്ലിന് മലബാർ മേഖലയിൽ മാത്രമാണ് അൽപ്പമെങ്കിലും വേരോട്ടം അവകാശപ്പെടാൻ കഴിയുക. എന്നാൽ അത്രപോലും സംഘടനാശേഷിയോ, സംവിധാനമോ അവകാശപ്പെടാൻ എൻ.സി.പിക്ക് കഴിയുകയുമില്ല. ചില നേതാക്കൾക്ക് ഇടതുമുന്നണി നേതാക്കളുമായുള്ള ബന്ധം മാത്രമാണ്, സംഘടനാശേഷിയെക്കാൾ ഈ നേതാക്കളുടെ കൈമുതലും. ഈ സാഹചര്യത്തിലാണ് ഈ പാർട്ടികളിലെ പിളർപ്പും അതിനോട് ഇടതുമുന്നണി നേതൃത്വം കൈക്കൊള്ളുന്ന സമീപനങ്ങളും തുറന്ന ചർച്ചകളായി മാറുന്നത്. മുന്നണിയുടെ പ്രവർത്തനശൈലിയും നിലപാടുകളും കൈക്കൊള്ളുന്നത് മുന്നണി നേതാക്കൾ തന്നെയാണ്, അതിൽ ആർക്കുമൊരു സംശയവും ഇല്ലതാനും. അതേസമയം ഒരേ മുന്നണിയിൽ പെട്ട രണ്ട് പാർട്ടികളോട് എന്തിന് രണ്ട് സമീപനം കൈക്കൊള്ളുന്നുവെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം നേതാക്കൾ നൽകുന്നുമില്ല.

എൻ.സി.പിയിലെ ഇരുവിഭാഗത്തിനും, മുന്നണിയോഗത്തിൽ ഇരിപ്പിടം കിട്ടുമ്പോൾ, ഐ.എൻ.എല്ലിലെ ഒരു വിഭാഗത്തെ തീണ്ടാപ്പാടകലെ മാറ്റിനിർത്തുന്നതെന്തിനാണെന്ന ചോദ്യമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. തങ്ങളെ രാഷ്ട്രീയമായി അവഹേളിക്കുന്ന ഈവിധം സമീപനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് അടിത്തട്ടിലെ നാഷണൽ ലീഗ് പ്രവർത്തകർക്കിടയിൽ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img