
പ്രൊഫ. (ഡോ.) റീഡാർ കെ. ലൈ ഐ.സി.ആർ.ഇ.പി-യിലെ വിദ്യാർത്ഥികളും അധ്യാപകർക്കുമൊപ്പം.
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ.ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ് (ഐ.സി.ആർ.ഇ.പി.) "ഡിജിറ്റൽ ഫിനോടൈപ്പിംഗും വ്യക്തിഗത ഡാറ്റാ സംരക്ഷണവും: ധാർമ്മികവും നിയമപരവുമായ കാഴ്ചപ്പാടുകൾ" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. നോർവെയിലെ യൂണിവേഴ്സിറ്റി ഓഫ് ബെർഗനിലെ എമിരിറ്റസ് പ്രൊഫസർ ഓഫ് ഫിലോസഫിയായ പ്രൊഫ. (ഡോ.) റീഡാർ കെ. ലൈയാണ് ഐ.സി.ആർ.ഇ.പി. സെമിനാർ ഹാളിൽ പ്രഭാഷണം നടത്തിയത്.
ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ സൃഷ്ടിക്കപ്പെടുന്ന അതീവസൂക്ഷ്മമായ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണമാണ് ഡിജിറ്റൽ ഫിനോടൈപ്പിംഗുമായി (digital phenotype) ബന്ധപ്പെട്ട പ്രധാന ധാർമ്മിക വെല്ലുവിളിയെന്ന് പ്രൊഫ. ലൈ പറഞ്ഞു. വ്യക്തിഗത വിവരങ്ങളുടെ നിയമാനുസൃതമായ ഉപയോഗവും പങ്കുവെക്കലും സംബന്ധിച്ച ധാർമ്മികവും നിയമപരവുമായ വശങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023-ലെ വ്യവസ്ഥകൾ, പ്രത്യേക സാഹചര്യങ്ങളിൽ വ്യക്തമായ സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ, ഡാറ്റാ പ്രിൻസിപ്പലുകളുടെ അവകാശങ്ങൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലെ നിയമചട്ടക്കൂടിനെ യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR), അമേരിക്ക, നോർവേ, കാനഡ എന്നിവിടങ്ങളിലെ ഡാറ്റാ സംരക്ഷണ സംവിധാനങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. ഗവേഷണത്തിനായുള്ള ബ്രോഡ് കൺസെന്റ്, രാജ്യാന്തര ഡാറ്റാ കൈമാറ്റം, അന്തർദേശീയ ഗവേഷണ സഹകരണങ്ങളുമായി ബന്ധപ്പെട്ട നിയമപരവും ധാർമ്മികവുമായ വെല്ലുവിളികൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് നടന്ന സംവാദത്തിൽ വ്യക്തിഗത വിവരങ്ങൾ മായ്ച്ചുകളയാനുള്ള അവകാശം, അൽഗോരിതമിക് പക്ഷപാതം, കൃത്രിമബുദ്ധി അധിഷ്ഠിത ഡാറ്റാ പ്രോസസിങ്, വ്യക്തിഗത വിവരങ്ങളുടെ ഉടമസ്ഥാവകാശം, കൃത്രിമബുദ്ധി ഉയർത്തുന്ന പുതിയ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ഐ.സി.ആർ.ഇ.പി. റിസർച്ച് സ്കോളർ ലസിത മണികാത് നന്ദി രേഖപ്പെടുത്തി.
Photo Courtesy - Google









