
ഡോ. റാം മോഹൻ വിദ്യാർത്ഥികൾളും അദ്ധ്യാപകർക്കുമൊപ്പം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പ് ‘ഗ്രീൻ കെമിസ്ട്രി ഫോർ ബെറ്റർ ലിവിംഗ്’ എന്ന വിഷയത്തിൽ അമേരിക്കയിലെ ഇല്ലിനോയിസ് വെസ്ലിയൻ സർവകലാശാലയിലെ പ്രൊഫസർ ഡോ. റാം മോഹൻ പ്രഭാഷണം നടത്തി. വകുപ്പിന്റെ ഗോൾഡൻ ജൂബിലി വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ദൈനംദിന ജീവിതത്തിൽ രാസവസ്തുക്കളുടെ നിർണ്ണായക പങ്ക് ഡോ. റാം മോഹൻ തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു. അതേസമയം അപകടകരമായ രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ഹാനികരമായ രാസവസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞതോടൊപ്പം സുരക്ഷിതവും സുസ്ഥിരവുമായ മറ്റ് മാർഗ്ഗങ്ങൾ വികസിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. പുതിയ ഹരിത ശ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകർക്കും വ്യവസായങ്ങൾക്കും സർക്കാർ സബ്സിഡികൾ ഉൾപ്പെടെയുള്ള പിന്തുണ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലുവർഷ FYUGP പ്രോഗ്രാമിലെ വിദ്യാർത്ഥികൾ, ഇൻറഗ്രേറ്റഡ് എം.എസ്.സി. വിദ്യാർത്ഥികൾ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവർ പ്രഭാഷണത്തിൽ സജീവമായി പങ്കെടുത്തു. അപ്ലൈഡ് കെമിസ്ട്രി വകുപ്പ് മേധാവി ഡോ. യൂസഫ് കരുവത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീനിയർ പ്രൊഫസർ ഡോ. എസ്. പ്രതാപൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സെബാസ്റ്റ്യൻ നിബിൻ റെമെല്ലോ എന്നിവർ സന്നിഹിതരായി.
Photo Courtesy - Google







