
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായാൽ പാർട്ടി മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന വിലയിരുത്തലിൽ മുസ്ലീം ലീഗ്. യുഡിഎഫ് 85-ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും, ലീഗ് മത്സരിച്ച 27 സീറ്റുകളിൽ 21 മുതൽ 24 വരെ സീറ്റുകളിൽ ഉറപ്പായും വിജയിക്കും എന്നുമാണ് ലീഗിന്റെ നിലപാട്. മലപ്പുറം ജില്ലയിൽ പാർട്ടിക്ക് നൂറുശതമാനം വിജയം ഉറപ്പാണെന്നും നേതൃത്വം വ്യക്തമാക്കുന്നു.
ലീഗ് നടത്തിയ സർവേയും ഇന്നലെ ചേർന്ന നേതൃയോഗവും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിലയിരുത്തൽ. പാണക്കാട് കുടുംബാംഗങ്ങൾ നേരിട്ട് പ്രചാരണ രംഗത്തിറങ്ങിയതും അനുകൂലമായി. സംസ്ഥാന സർക്കാരിനെതിരെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഏകോപനം ശക്തമായതായും, താഴെത്തട്ടിൽ ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും ലീഗ് നിരീക്ഷിക്കുന്നു. മലപ്പുറത്ത് ലീഗ് മത്സരിച്ച 12 സീറ്റുകളും നേടുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. കോൺഗ്രസ് പ്രവർത്തകർ ഐക്യത്തോടെ പ്രവർത്തിച്ചതും യുഡിഎഫിന് നേട്ടമായി മാറിയതായി ലീഗ് വിലയിരുത്തി.
അതേസമയം, നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം. കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നൂറ് സീറ്റ് കിട്ടുമെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
നൂറ് സീറ്റെന്ന പ്രവചനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും നടത്തിയത്. യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലെന്നും കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും 100ലധികം സീറ്റ് നേടുമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.
കേരളത്തിൽ യുഡിഎഫിന് വിസ്മയകരമായ വിജയം ഉണ്ടാകുമെന്നും 100 ലധികം സീറ്റുകൾ നേടുമെന്നും ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രനും പ്രതികരിച്ചിരുന്നു. തുടർഭരണം ലഭിക്കുമെന്ന് കൃത്യമായി പറയാൻ ആർജ്ജവം ഉള്ള ഒറ്റ നേതാവ് സിപിഐഎമ്മിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോളിങ് ശതമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.










