11:04pm 07 September 2026
NEWS
“മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ലീഗ് സമ്മർദ്ദം നിർണായകം; കോൺഗ്രസ് കീഴ്‌വഴക്കങ്ങൾ ലംഘിച്ചു” — ജി. സുകുമാരൻ നായർ
15/05/2026  10:09 AM IST
ന്യൂസ് ബ്യൂറോ
“മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ലീഗ് സമ്മർദ്ദം നിർണായകം; കോൺഗ്രസ് കീഴ്‌വഴക്കങ്ങൾ ലംഘിച്ചു” — ജി. സുകുമാരൻ നായർ

ചങ്ങനാശേരി/ തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് മുസ്ലിം ലീഗിന് കീഴടങ്ങിയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആരോപിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിലല്ല എതിർപ്പ്, അദ്ദേഹത്തെ തിരഞ്ഞെടുത്ത രീതിയിലാണ് പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.
ഘടകകക്ഷികൾ വി.ഡി. സതീശനെ അനുകൂലിച്ചിരുന്നെങ്കിലും മുസ്ലിം ലീഗിന്റെ സമ്മർദ്ദമാണ് തീരുമാനത്തിൽ നിർണായകമായതെന്ന് സുകുമാരൻ നായർ ആരോപിച്ചു. എം.എൽ.എമാരുടെ ഭൂരിപക്ഷം പരിഗണിക്കുമെന്ന നിലപാട് പ്രഖ്യാപിച്ച ശേഷം ഘടകകക്ഷികളുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കാതെയാണ് തീരുമാനം ഉണ്ടായതെന്നും ലീഗ് ഭരണത്തിൽ കൂടുതൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് ഇതെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് നേരത്തെയും ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടപ്പായില്ലെന്നും ഇത്തവണയും വിദ്യാഭ്യാസ വകുപ്പ് ലീഗിന് ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നിത്തലയെ തുടർച്ചയായി അവഗണിക്കുന്നു
സീനിയർ നേതാവായ രമേശ് ചെന്നിത്തലയെ കോൺഗ്രസ് തുടർച്ചയായി അവഗണിക്കുകയാണെന്നും മാനദണ്ഡങ്ങൾ പരിഗണിച്ചാൽ ചെന്നിത്തലയ്ക്കായിരുന്നു മുൻഗണന ലഭിക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. “സതീശൻ നിലപാടുകളുടെ രാജകുമാരൻ എന്നത് പുതിയ കണ്ടുപിടിത്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സതീശനെ സഹായിച്ചിരുന്നു. ജയിച്ച ശേഷം മതനേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതിനാലാണ് ഇത്തവണ എൻ.എസ്.എസ് സമദൂര നിലപാട് സ്വീകരിച്ചത്,” എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സാമൂഹ്യനീതിയിലധിഷ്ഠിതമായി ഭരണം നടത്താൻ വി.ഡി. സതീശന് കഴിയട്ടെയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. മുഖ്യമന്ത്രിപദത്തിലേക്ക് ഉയർത്തിക്കാട്ടിയ നേതാക്കളെല്ലാം യു.ഡി.എഫ് വിജയത്തിനായി പ്രവർത്തിച്ചവരാണെന്നും കെ.സി. വേണുഗോപാലിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങൾ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്ക് മാന്യമായ പരിഗണന നൽകേണ്ടതായിരുന്നുവെന്നും എന്നാൽ ജി. സുകുമാരൻ നായരുടെ പ്രതികരണം അനവസരത്തിലായിപ്പോയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇത്തരം പ്രതികരണങ്ങൾ ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവിക്ക് ദോഷകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img