03:04pm 17 June 2026
NEWS
പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്ന മോഹൻ ഭാഗവതിന്റെ ഉപദേശം മോദിക്കുള്ള സന്ദേശമോ?
11/07/2025  09:16 AM IST
nila
 പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്ന മോഹൻ ഭാഗവതിന്റെ ഉപദേശം മോദിക്കുള്ള സന്ദേശമോ?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിലെ വിരമിക്കൽ സംബന്ധിച്ച് കഴി‍ഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. പല മുതിർന്ന ബിജെപി നേതാക്കളും തങ്ങളുടെ എഴുപത്തഞ്ചാം വയസിൽ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അത്തരമൊരു തീരുമാനത്തിന് പിന്നിൽ നരേന്ദ്രമോദിയാണ് എന്ന ആരോപണവും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയുടെ വിരമിക്കലും ചർച്ചകളിൽ നിറയുന്നത്. ഈ വരുന്ന സെപ്റ്റംബറിലാണ് നരേന്ദ്രമോദിക്ക് 75 വയസ് പൂർത്തിയാകുന്നത്.

ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന്റെ വിരമിക്കൽ പരാമർശമാണ് ദേശീയ രാഷ്ട്രീയത്തിൽ മോദിയുടെ വിരമിക്കൽ ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുന്നത്. അന്തരിച്ച ആർ‌എസ്‌എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് മോഹൻ ഭാ​ഗവത് വിരമിക്കൽ പ്രായം സംബന്ധിച്ച പരാമർശം നടത്തിയത്. പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമല്ല, മോഹൻ ഭാഗവതിനും സെപ്റ്റംബറിലാണ് 75 വയസ്സ് തികയുന്നത്.

ആർഎസ്എസ് മേധാവിയുടെ പരാമർശം മോദിക്കുള്ള സന്ദേശമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കളും രം​ഗത്തെത്തിയിട്ടുണ്ട്. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ്സ് തികഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി വിരമിക്കാൻ നിർബന്ധിച്ചു. ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.

അതേസമയം, രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നത് സംബന്ധിച്ച് മോദി ഇതുവരെയും ഒരു സൂചനയും നൽകിയിട്ടില്ല. പാർട്ടിയിലും ഇത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടാൻ ആരും തയ്യാറായിട്ടില്ല എന്നാണ് സൂചന. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img