
തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനമുറപ്പിച്ച നേതാക്കളുടെ ആദ്യ പട്ടിക പുറത്തുവന്നു. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന് ലഭിക്കുന്ന ശേഷിക്കുന്ന മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും സൂചനയുണ്ട്.
കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിന് പ്രധാന വകുപ്പുകളിൽ ഒന്നുകിട്ടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന വിവരം. വട്ടിയൂർക്കാവിൽ ശ്രദ്ധേയ വിജയം നേടിയ കെ. മുരളീധരനും നിർണായക വകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. അതേസമയം, ശക്തമായ തിരിച്ചുവരവോടെ നിയമസഭയിലെത്തിയ ബിന്ദു കൃഷ്ണയ്ക്കും മന്ത്രിസഭയിൽ ഇടം ഉറപ്പായെന്നാണ് റിപ്പോർട്ടുകൾ. ഏറെ സീനിയർ നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രി സ്ഥാനമോ സ്പീക്കർ പദവിയോ പരിഗണനയിലുണ്ടെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും സ്പീക്കർ പദവിയിലേക്ക് താൽപര്യമില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
പുതുപ്പള്ളിയിൽ വ്യത്യസ്ത പ്രചാരണ ശൈലിയിലൂടെ വലിയ ജനപിന്തുണ നേടിയ ചാണ്ടി ഉമ്മനും മന്ത്രിസഭയിലേക്കെത്തുന്ന യുവമുഖങ്ങളിലൊരാളായിരിക്കുമെന്ന് ഉറപ്പായി. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുമെന്നാണ് വിവരം.










