
തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം രാഷ്ട്രീയ നാടകങ്ങൾക്കും അപ്രതീക്ഷിത കൂടുമാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകുന്നു. 'ആരെന്നും എന്തെന്നും ആർക്കറിയാം' എന്ന മട്ടിൽ പ്രമുഖ നേതാക്കൾ പാർട്ടിയും മുന്നണിയും മാറി മത്സരിക്കാനിറങ്ങുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളത്തിൽ പ്രകടമാകുന്നത്. അപ്രതീക്ഷിത അടിയൊഴുക്കുകളെ ഭയന്ന് മുന്നണികൾ ശ്വാസമടക്കിപ്പിടിക്കുമ്പോൾ, വോട്ടെടുപ്പിന് ഇനി അവശേഷിക്കുന്നത് വെറും 17 ദിവസങ്ങൾ മാത്രമാണ്.
തങ്ങളുടെ ഉറച്ച തട്ടകങ്ങളിലുള്ളവർ പോലും എതിർചേരിയിലേക്ക് ചേക്കേറുന്നത് മുന്നണി നേതൃത്വങ്ങളിൽ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെയും ഇത്തരം അമ്പരപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ അരങ്ങേറി. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സ്മിതാ സുന്ദരേശൻ അപ്രതീക്ഷിതമായി ബി.ജെ.പി സ്ഥാനാർത്ഥിയായതാണ് ഇതിൽ പ്രധാനം. സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി മത്സരിക്കുന്ന മണ്ഡലത്തിൽ സ്മിതയുടെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കോഴിക്കോട് കൊടുവള്ളിയിൽ ഇടത് മുൻ എം.എൽ.എ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയത് സി.പി.എമ്മിന് അവസാന നിമിഷം കിട്ടിയ ഷോക്കായി മാറി. മങ്കടയിൽ ലീഗ് വിമതന് സി.പി.എം പിന്തുണ പ്രഖ്യാപിച്ചതും പുനലൂരിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.ഇ. സഞ്ജയ് ഖാൻ വിമതനായി രംഗത്തെത്തിയതും യു.ഡി.എഫിനും തലവേദനയുണ്ടാക്കുന്നുണ്ട്. ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ വേണമെന്ന വിവാദ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തത് എൻ.ഡി.എ ക്യാമ്പിലും തിരിച്ചടിയായി.
ഈ പ്രതിസന്ധികളെ മറികടക്കാൻ ദേശീയ-സംസ്ഥാന തലത്തിലുള്ള വമ്പൻ താരപ്രചാരകരെയാണ് മുന്നണികൾ രംഗത്തിറക്കുന്നത്. എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം ആരംഭിക്കും. സി.പി.എം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, എം.എ. ബേബി എന്നിവരും ഉടൻ പ്രചാരണത്തിനിറങ്ങും.
യു.ഡി.എഫിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖർ എത്തുന്നുണ്ട്. രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും. ബി.ജെ.പിക്കാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട് പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ എത്തും. വരും ദിവസങ്ങളിൽ പ്രചാരണം കൊഴുക്കുന്നതോടെ ഈ രാഷ്ട്രീയ അടിയൊഴുക്കുകൾ വോട്ടായി എങ്ങനെ മാറുമെന്ന ആകാംക്ഷയിലാണ് കേരളം.











