11:52am 10 August 2026
NEWS
മന്ത്രിപ്പണിയിൽ മുഴുകി നേതാക്കൾ; നാഥനില്ലാതെ ഇന്ദിരാഭവൻ, തീരുമാനങ്ങളെടുക്കാതെ യു.ഡി.എഫ്
10/08/2026  09:02 AM IST
പ്രത്യേക ലേഖകൻ
മന്ത്രിപ്പണിയിൽ മുഴുകി നേതാക്കൾ; നാഥനില്ലാതെ ഇന്ദിരാഭവൻ, തീരുമാനങ്ങളെടുക്കാതെ യു.ഡി.എഫ്

തിരുവനന്തപുരം: പി.എം. ശ്രീ സ്കൂൾ പദ്ധതി, ബോർഡ്-കോർപ്പറേഷൻ വിഭജനം, പുതിയ മദ്യനയം തുടങ്ങി ഭരണ തലത്തിലും മുന്നണിയിലും തീരുമാനമെടുക്കേണ്ട നിർണായക വിഷയങ്ങൾ കുന്നുകൂടുമ്പോഴും തീരുമാനങ്ങളെടുക്കാനാവാതെ യു.ഡി.എഫും സർക്കാരും അനിശ്ചിതത്വത്തിൽ. നയപരമായ പല വിഷയങ്ങളിലും തീരുമാനമെടുക്കുന്ന കാര്യത്തിൽ കൃത്യമായ യാതൊരു വ്യക്തതയുമില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.
​പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ 17-നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചത്. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ എന്നിവരടങ്ങിയ സമിതി രൂപീകരിച്ച് രണ്ടു മാസം പൂർത്തിയാകാറായിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന, ബാറുകളുടെ പ്രവർത്തന സമയം നീട്ടൽ തുടങ്ങിയ മദ്യനയ വിഷയങ്ങളിൽ പഠനം നടത്താൻ ഉപസമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സമിതി രൂപീകരണം പോലും കടലാസിലൊതുങ്ങി. പുതിയ ബാർ ലൈസൻസിനായി സമർപ്പിച്ച 25-ഓളം അപേക്ഷകളാണ് നിലവിൽ തീരുമാനമാകാതെ ക്യൂവിലുള്ളത്.
​വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും തുടർനടപടികൾക്കുമായി ഓണത്തിന് ശേഷം യു.ഡി.എഫ് സമ്പൂർണ യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ബോർഡ്, കോർപ്പറേഷൻ വിഭജനത്തിലെ അനിശ്ചിതത്വം തുടർക്കഥയാവുകയാണ്. മുൻ സർക്കാർ നിയോഗിച്ച ഭരണസമിതികൾ ഇല്ലാതായതോടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോർഡുകളുടെയും പ്രവർത്തനം പൂർണമായി നിലച്ചു. ഘടകകക്ഷികളുമായി ചർച്ച നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ പുനഃസംഘടന പൂർത്തിയാക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും നടപടികളൊന്നും എങ്ങുമെത്തിയില്ല.
​നാഥനില്ലാതെ കോൺഗ്രസ് നേതൃത്വം
​ഭരണതലത്തിലെ സ്തംഭനാവസ്ഥയ്ക്ക് പുറമെ, മുന്നണിയെ നയിക്കേണ്ട കോൺഗ്രസ് പാർട്ടിയും നാഥനില്ലാത്ത അവസ്ഥയിലാണ്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെ പാർട്ടിസ്ഥാനത്തേക്കും ഇന്ദിരാഭവനിലേക്കും തിരിഞ്ഞുനോക്കാൻ നേരമില്ലാത്ത സ്ഥിതിയാണ്. വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരും മന്ത്രിപ്പണിയുടെ തിരക്കുകളിലാണ്. മറ്റൊരു വർക്കിംഗ് പ്രസിഡന്റായ ഷാഫി പറമ്പിൽ ലോക്സഭാ സമ്മേളനത്തിന്റെ തിരക്കുകളിലും.
​കെ.പി.സി.സി പ്രസിഡന്റ് പദവിക്കായി അരഡസനിലേറെ മുതിർന്ന നേതാക്കൾ അണിയറയിൽ കരുക്കൾ നീക്കുമ്പോഴും അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന് സാധിക്കുന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാവട്ടെ സംസ്ഥാന രാഷ്ട്രീയത്തിലെ ഈ പ്രതിസന്ധികളിൽ ഇടപെടാതെ മാറിനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പാർട്ടിയും ഭരണവും ഒരുപോലെ അനിശ്ചിതത്വത്തിലായതോടെ താഴെത്തട്ടിലുള്ള അണികളും വലിയ ആശയക്കുഴപ്പത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img