07:50pm 13 November 2026
NEWS
ഭരണത്തുടർച്ച ഉറപ്പ്; എൽ.ഡി.എഫ് 90-ന് മുകളിൽ സീറ്റുകൾ നേടുമെന്ന് എം.വി. ഗോവിന്ദൻ
13/04/2026  09:22 AM IST
ന്യൂസ് ബ്യൂറോ
ഭരണത്തുടർച്ച ഉറപ്പ്; എൽ.ഡി.എഫ് 90-ന് മുകളിൽ സീറ്റുകൾ നേടുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം:​സംസ്ഥാനത്ത് ശക്തമായ ഭരണാനുകൂല തരംഗമാണെന്നും 90-ലധികം സീറ്റുകൾ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന യു.ഡി.എഫ് പ്രചാരണം വെറും സാങ്കൽപ്പികം മാത്രമാണെന്നും കഴിഞ്ഞ തവണത്തെപ്പോലെ വോട്ടെണ്ണിക്കഴിയുമ്പോൾ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റുമെന്നും അദ്ദേഹം പരിഹസിച്ചു.
​വോട്ടിംഗ് ശതമാനത്തിലുണ്ടായ വർധന ഭരണവിരുദ്ധ വികാരമാണെന്ന വാദത്തെ അദ്ദേഹം തള്ളി. വോട്ടർ പട്ടികയിലെ എസ്.ഐ.ആർ പരിഷ്‌കരണത്തിന് ശേഷം വോട്ടർമാരുടെ എണ്ണം 2.40 കോടിയിൽ നിന്ന് 2.17 കോടിയായി കുറഞ്ഞതാണ് ശതമാനം വർധിക്കാൻ പ്രധാന കാരണം. പോൾ ചെയ്ത 78.27 ശതമാനം വോട്ടർമാരുടെ വിധി എൽ.ഡി.എഫിന് അനുകൂലമാണെന്നും ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിനെ സഹായിക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​യു.ഡി.എഫിന് 100 സീറ്റ് ലഭിച്ചില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകേണ്ടതില്ലെന്നും സതീശൻ പറഞ്ഞതെല്ലാം കേരളത്തിലെ ജനങ്ങൾ ക്ഷമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേരളത്തിൽ ഒരിടത്തും അക്കൗണ്ട് തുറക്കില്ലെന്നും പാർട്ടി വിട്ടുപോയവർക്ക് ഒരിടത്തും വിജയിക്കാനാകില്ലെന്നും വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 20,000-ത്തിലധികം പേർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതായും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img