06:53pm 12 November 2026
NEWS
90ന് മുകളിൽ സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിൽ തുടരുമെന്ന് എം വി ​ഗോവിന്ദൻ
12/04/2026  06:17 PM IST
NILA
 90ന് മുകളിൽ സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിൽ തുടരുമെന്ന് എം വി ​ഗോവിന്ദൻ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇടതുമുന്നണി 90ന് മുകളിൽ സീറ്റുകൾ നേടുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2016, 2021 വർഷങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ കാഴ്ചപ്പാടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നൂറിലധികം സീറ്റുകൾ നേടുമെന്ന യുഡിഎഫ് പ്രചരണം അടിസ്ഥാനരഹിതമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വോട്ടിംഗ് ശതമാനത്തിലെ വർധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവായി കണ്ടാണ്  ആരംഭിച്ചത്. ഈ പ്രചാരണത്തിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. 2.40കോടി വോട്ടർമാരാണ് എസ്‌ഐആറിന് മുമ്പ് ഉണ്ടായിരുന്നത്. തീവ്രപരിഷ്‌കരണത്തിന് ശേഷം 2.17കോടി വോട്ടർമാരായി ചുരുങ്ങി. അവരിൽ 78.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. 2021ലേതിനേക്കാൾ 94 മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ കുറഞ്ഞത്. 47,647 വോട്ടർമാരുടെ കുറവുണ്ടായി. 71 മണ്ഡലങ്ങളിൽ പോളിംഗ് 2021നേക്കാൾ കുറഞ്ഞു. അസാധാരണ വോട്ടുവർധനയുണ്ടായെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ്, എൻഡിഎ മുന്നണികൾ പണക്കൊഴുപ്പിൽ തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. കിറ്റും പണവും സാരിയും ഇതിൽ ഉണ്ട്. ഉത്തരേന്ത്യയിൽ കാണുന്ന രീതിയിലുള്ള വൈകൃതങ്ങൾ ഇവിടേയും കണ്ടു. എന്നാൽ എൽഡിഎഫ് സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ കാഴ്ചപ്പാട്. 90 സീറ്റിൽ കൂടുതൽ നേടി എൽഡിഎഫ് അധികാരത്തിൽ വരും. ജനങ്ങൾ ഇത് നിശ്ചയദാർഢ്യത്തോടെ തീരുമാനിച്ചുകഴിഞ്ഞുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫിന്റെ നൂറ് സീറ്റ് അവകാശവാദത്തെ എം വി ഗോവിന്ദൻ പരിഹസിച്ചു. യുഡിഎഫും ചില മാധ്യമങ്ങളും വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. കഴിഞ്ഞ തവണയും വിശ്രമ സമയത്ത് യുഡിഎഫ് മന്ത്രിസഭാ രൂപീകരണം പോലും നടത്തി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന് തീരുമാനിച്ചു. മന്ത്രിമാരുടെ ലിസ്റ്റും പേഴ്സണൽ സ്റ്റാഫിന്റെ പട്ടികയും വരെ അന്ന് സാങ്കൽപ്പികമായി തീരുമാനിച്ചിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ പരിഹാസം. വി ഡി സതീശനോട് വനവാസത്തിന് പോകരുതെന്ന് പറയണം. രാഷ്ട്രീയ പ്രവർത്തകൻ വനവാസത്തിന് പോകേണ്ടതില്ല. സതീശൻ കേരളത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്തണം പറഞ്ഞതെല്ലാം ജനം ക്ഷമിച്ചോളും എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും ലഭിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. 20,000ത്തിലധികം ജീവനക്കാർക്ക് ഇത്തവണ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കൃത്യമായ കണക്ക് പോലും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയിൽ നൽകാനായില്ല. പ്രത്യേകം റിക്രൂട്ട് ചെയ്ത വോളന്റിയർമാർക്കും വോട്ട് ചെയ്യാനായില്ല. വോട്ടവകാശമുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ കഴിയണം. സാങ്കേതികത്വം പറഞ്ഞ് വോട്ട് നിഷേധിക്കരുത്. കോടതി ഉൾപ്പെടെ ചേർന്നുകൊണ്ട് ഈ ഭരണഘടനാ ലംഘനം അവസാനിപ്പിക്കണം എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കേരളത്തിലുടനീളം ഉണ്ടായിട്ടില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി വന്നിട്ടില്ല. സർക്കാർ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. സർക്കാർ തുടരണമെന്ന വികാരമാണ് ഉണ്ടായത്. സിപിഎം വിട്ടുപോയവർ മത്സരിച്ച സീറ്റുകളിൽ ഒന്നും അവർ ജയിക്കില്ല. താൻ വാർത്താസമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നെന്ന പ്രചരണം അസംബന്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img