09:50am 05 May 2026
NEWS
​ജനഹിതം കൊടുങ്കാറ്റായി; എൽ.ഡി.എഫ് കൂടാരങ്ങൾ കടപുഴകി
05/05/2026  08:29 AM IST
സുരേഷ് വണ്ടന്നൂർ
​ജനഹിതം കൊടുങ്കാറ്റായി; എൽ.ഡി.എഫ് കൂടാരങ്ങൾ കടപുഴകി
HIGHLIGHTS

​ധാർഷ്ട്യത്തിന് ജനം നൽകിയ മറുപടി; യു.ഡി.എഫിന് ചരിത്രവിജയം, സി.പി.എമ്മിന് കനത്ത പ്രഹരം.

തിരുവനന്തപുരം: പിണറായി ഭരണത്തിനെതിരെ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരത്തിന്റെ കൊടുങ്കാറ്റിൽ സി.പി.എം കോട്ടകൾ തകർന്നടിഞ്ഞു. 102 സീറ്റുകൾ നേടി യു.ഡി.എഫ് കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്.
സതീശന്റെ 'വിസ്മയം'
100 സീറ്റുകൾ നേടി ഉജ്ജ്വല വിജയം ഉറപ്പിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശനെപ്പോലും വിസ്മയിപ്പിച്ച മുന്നേറ്റമാണ് ജനങ്ങൾ സമ്മാനിച്ചത്. മിക്ക മണ്ഡലങ്ങളിലും അമ്പരപ്പിക്കുന്ന ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. വിസ്മയം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ സതീശൻ പ്രവചിച്ചത് അക്ഷരാർത്ഥത്തിൽ ശരിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് പോലും ആദ്യ റൗണ്ടുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് ഉയർത്തിയ കനത്ത വെല്ലുവിളി ഇടതുകേന്ദ്രങ്ങളെ വിറപ്പിച്ചു.
​ഇടതുപക്ഷത്തിന്റെ പതനം
വെറും 41 സീറ്റെന്ന നിലയിൽ നിന്ന് 102-ലേക്ക് യു.ഡി.എഫ് കുതിച്ചപ്പോൾ, 99 സീറ്റുകളിൽ നിന്ന് 35 എന്ന പരിതാപകരമായ സ്ഥിതിയിലേക്കാണ് എൽ.ഡി.എഫ് കൂപ്പുകുത്തിയത്. സർക്കാരിലെ 20 മന്ത്രിമാരിൽ 13 പേരും പരാജയത്തിന്റെ കയ്പുനീർ കുടിച്ചു. 2001-ലെ തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി ഇത്രയും ദയനീയമായ അവസ്ഥയിലേക്ക് നിലംപൊത്തുന്നത് ഇതാദ്യമാണ്.
​വിമതർ നൽകിയ പ്രഹരം
സി.പി.എമ്മുമായി പിണങ്ങി വിമതരായി മത്സരിച്ചവരുടെ വിജയം പാർട്ടിയുടെ അടിത്തറ ഇളക്കി.
​അമ്പലപ്പുഴയിൽ ജി. സുധാകരൻ
​പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ
​തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ
എന്നിവർ മികച്ച വിജയം കൊയ്തത് സി.പി.എമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
​കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം
മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരിച്ചെത്തുന്നത്. മലബാറിലും തെക്കൻ കേരളത്തിലും ഒരുപോലെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. ഇതിനിടെ ബി.ജെ.പി മൂന്ന് സീറ്റുകൾ നേടി അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img