
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വി.പി. മനോജ് കുമാറിന് സിപിഎം അംഗത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.
പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതവും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. അംഗബലത്തിൽ ഇരു മുന്നണികളും തുല്യമായതിനാൽ നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
ബിജെപി പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നൽകിയതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് സിപിഎം പിന്തുണയോടെ കോൺഗ്രസ് അധികാരം ഉറപ്പിച്ചത്.
അതേസമയം, കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. വോട്ടെടുപ്പിൽ സിപിഎം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് ബിജെപിയുടെ നീക്കം പരാജയപ്പെട്ടത്.
പുതിയ സാഹചര്യത്തിൽ വി.പി. മനോജ് കുമാർ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കും. രണ്ട് അംഗങ്ങളുള്ള സിപിഎമ്മിന്റെ പിന്തുണയാണ് തുല്യ അംഗബലമുള്ള പഞ്ചായത്തിലെ ഭരണസമവാക്യം യുഡിഎഫിന് അനുകൂലമാക്കിയത്.










