08:36pm 12 May 2026
NEWS
സർക്കാർ രൂപീകരണത്തിന് മുമ്പ് തന്നെ ജനദ്രോഹ നടപടികൾ ആരംഭിച്ചുവെന്ന് എൽഡിഎഫ് കൺവീനർ
12/05/2026  04:34 PM IST
NILA
സർക്കാർ രൂപീകരണത്തിന് മുമ്പ് തന്നെ ജനദ്രോഹ നടപടികൾ ആരംഭിച്ചുവെന്ന് എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണം വൈകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രതിപക്ഷ നേതാവിനെ എപ്പോൾ തീരുമാനിക്കുമെന്ന ചോദ്യത്തിന് “എന്തിനാണ് ഇത്ര ധൃതിപിടിക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യം മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കട്ടെയെന്നും, സർക്കാർ രൂപീകരണത്തിന് ശേഷമേ പ്രതിപക്ഷ നേതാവിനെ കുറിച്ച് തീരുമാനിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് തലമുറമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള കാര്യങ്ങൾ മുന്നണിയിൽ ചർച്ചയായിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സിപിഎമ്മാണെന്നും, പാർട്ടി തീരുമാനം എടുത്തശേഷം മുന്നണിക്കുള്ളിൽ ചർച്ചയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്ന നിലപാട് സിപിഐ എടുത്തിട്ടുണ്ടെന്ന കാര്യം തനിക്കറിയില്ലെന്നും, പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് സിപിഐ എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സമര വിഷയത്തിൽ എൽഡിഎഫ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും, സർക്കാർ തുടക്കത്തിൽ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാൻ ശ്രമമുണ്ടായതായും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ സർക്കാർ രൂപീകരണം വൈകുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉയർത്തി. ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന അവസ്ഥയാണ് യുഡിഎഫിനുള്ളതെന്നും, ജനങ്ങൾ നൽകിയ ഭരണവിധിയോടുള്ള ബാധ്യത അവർ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനവിധി യുഡിഎഫിനെ ഭരണത്തിലേക്കും എൽഡിഎഫിനെ പ്രതിപക്ഷത്തേക്കുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സർക്കാർ ഔദ്യോഗികമായി രൂപീകൃതമായിട്ടില്ലെങ്കിലും ഭരണനടപടികൾ ആരംഭിച്ചുവെന്നാരോപിച്ച ടി.പി. രാമകൃഷ്ണൻ, സംഘടനാ ഭാരവാഹികൾ നൽകുന്ന പട്ടിക പ്രകാരം സർക്കാർ ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റം ചെയ്യുന്നതായി ആരോപിച്ചു. ഇത് ഏത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിയുടെ വില രണ്ട് രൂപ വർധിപ്പിച്ചതിനെയും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് ഭരണകാലത്ത് 13 ഇന സാധനങ്ങളുടെ വില വർധിപ്പിക്കാതിരുന്നുവെന്നും, പിന്നീട് ഉണ്ടായ മാറ്റങ്ങൾ മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരണത്തിന് മുമ്പ് തന്നെ ജനദ്രോഹ നടപടികൾ ആരംഭിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img