08:02am 13 November 2026
NEWS
“മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ”; മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇടതു മുന്നണി
11/03/2026  06:42 AM IST
nila
“മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ”; മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇടതു മുന്നണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതു മുന്നണി ഔദ്യോഗിക തുടക്കം കുറിച്ചു. “മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ” എന്നതാണ് ഇത്തവണ മുന്നണി ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പ്രചാരണ വാചകം പുറത്തുവിട്ടത്. തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടാണ് ഇക്കുറി ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 

മുൻ തിരഞ്ഞെടുപ്പുകളിലും ശക്തമായ മുദ്രാവാക്യങ്ങളായിരുന്നു ഇടതു മുന്നണിയുടെ പ്രധാന ആയുധം. 2016ൽ “എൽഡിഎഫ് വരും എല്ലാം ശരിയാകും” എന്നും 2021ൽ “ഉറപ്പാണ് എൽഡിഎഫ്” എന്നും ആയിരുന്നു പ്രചാരണ മുദ്രാവാക്യങ്ങൾ. ഇവ ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഇത്തവണ വികസന നേട്ടങ്ങൾ പ്രമേയമാക്കിയാണ് ശക്തമായ പ്രചാരണവുമായി മുന്നണി രംഗത്തിറങ്ങിയിരിക്കുന്നത്. സർക്കാരിന്റെ പ്രധാന പദ്ധതികളും വികസന പ്രവർത്തനങ്ങളും അവതരിപ്പിക്കുന്ന പ്രചാരണ വീഡിയോ ഇതിനകം പുറത്തിറക്കി. നടി ഭാവന പ്രധാന വേഷത്തിലെത്തുന്ന വീഡിയോ “സെറ്റല്ലേ... നമ്മളീ യാത്ര തുടരും” എന്ന സന്ദേശത്തോടെയാണ് അവസാനിക്കുന്നത്. നടി മഞ്ജു വാര്യർ ഉൾപ്പെടെ നിരവധി പ്രമുഖർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നടപ്പാക്കിയ സ്കൂൾ നവീകരണം, ആശുപത്രി വികസനം, വാട്ടർ മെട്രോ പദ്ധതി, ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയ സർക്കാരിന്റെ പ്രധാന പ്രവർത്തനങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് റാപ്പർ വേടൻ ആലപിച്ച “കാത്തിരുന്ന കാലമേ…” എന്ന പ്രചാരണ ഗാനവും മുൻപേ പുറത്തിറക്കിയിരുന്നു. “ഒന്നായി തുടരാം, നവകേരളത്തിലേക്ക്” എന്ന ടാഗ്‌ലൈനോടെയുള്ള ഈ ഗാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കിടയാക്കി.

അതേസമയം, “പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0” എന്ന ആശയവുമായി വനിതാദിനത്തിലാണ് ഭാവന അഭിനയിച്ച പ്രചാരണ വീഡിയോ പുറത്തിറക്കിയത്. മുൻ തിരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിച്ച് ഭരണത്തുടർച്ച ഉറപ്പാക്കാനാണ് ഇത്തവണയും എൽഡിഎഫ് ശക്തമായ പ്രചാരണ തന്ത്രങ്ങളുമായി രംഗത്തെത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img