
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കുമുൻപിൽ രാപകൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ്. ഇടത് മുന്നണി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ മാസം 24, 25 തീയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാപകൽ സമരം നടത്തുന്നത്. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ കേന്ദ്രസർക്കാർ അവഗണിക്കുന്നെന്നാരോപിച്ചാണ് ഇടത് മുന്നണിയുടെ സമരം,
24-ന് രാവിലെ പത്തുമണിക്ക് കേരളഹൗസിൽനിന്ന് പ്രകടനമായാണ് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തുക. 25-ന് രാവിലെ പത്തുമണി വരെയാണ് സമരം. ദുരന്തബാധിതർ ഉൾപ്പെടെ 165 വൊളന്റിയർമാരാണ് സമരത്തിൽ പങ്കെടുക്കുക. കേരളത്തിൽനിന്നുള്ള എൽ.ഡി.എഫ്. എം.പി.മാരും ദേശീയനേതാക്കളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള എം.പി.മാരും പങ്കെടുക്കും. ഡൽഹിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24-ന് വൈകീട്ട് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണയോഗങ്ങളും നടത്തും.
ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉയർത്തും. നിലമ്പൂർ–നഞ്ചങ്കോട്, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പാക്കുക, 1972-ലെ വനം-വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗപ്രതിരോധത്തിന് കേന്ദ്രത്തിൽനിന്ന് 1000 കോടി രൂപ അനുവദിക്കുക, വനം-റവന്യു വകുപ്പുകൾ ചേർന്ന് സർവേ പൂർത്തീകരിച്ച കർഷകർക്ക് പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകുക, ദേശീയപാതയിലെ രാത്രിയാത്രാനിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കും.











