
മലപ്പുറം: സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് മുസ്ലീം ലീഗിലുയർന്ന കലാപം മുതലെടുക്കാൻ സിപിഎം നീക്കം. ലീഗ് സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയ മുൻ എംഎൽഎയും മുതിർന്ന ലീഗ് നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടത് മുന്നണിയിലേക്ക് എത്തിക്കാൻ നീക്കങ്ങൾ സജീവമാകുന്നു. അദ്ദേഹത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളും ഇടത് നേതൃത്വം പരിശോധിക്കുന്നുണ്ട്. അബ്ദുറഹിമാൻ രണ്ടത്താണിയുമായി സിപിഎം നേതാക്കൾ നേരിട്ട് ചർച്ച നടത്തിയെന്നാണ് സൂചന.
അബ്ദുറഹിമാൻ രണ്ടത്താണിയെ തിരൂരങ്ങാടിയിലോ താനൂരോ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. ഈ മണ്ഡലങ്ങളിൽ താൽപര്യമില്ലെങ്കിൽ രണ്ടത്താണി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും സീറ്റ് നൽകാനും സിപിഎം തയ്യാറാണെന്നതാണ് റിപ്പോർട്ടുകൾ. ഇതിനിടെ താനൂരിൽ നിലവിൽ പ്രഖ്യാപിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയായ മന്ത്രി വി. അബ്ദുറഹിമാൻ തിരൂരിലേക്ക് മാറാൻ ആഗ്രഹിക്കുന്നതായും, താനൂരിൽ സ്ഥാനാർത്ഥി മാറ്റം ഉണ്ടാകാമെന്ന സൂചനകളും ഉയരുന്നുണ്ട്. ഇതോടെ രണ്ടത്താണിക്ക് താനൂരിൽ അവസരം നൽകാനുള്ള സാധ്യതയും ശക്തമായിട്ടുണ്ട്.
2006ലും 2011ലും താനൂരിൽ എംഎൽഎയായിരുന്ന രണ്ടത്താണി, ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ അദ്ദേഹം തുറന്നടിച്ചു. പാർട്ടിയിൽ പുതുതായി എത്തിയ ആളെ പരിഗണിച്ച് അർഹരായവരെ അവഗണിച്ചുവെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകരുടെ വികാരം പ്രകടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം, രണ്ടത്താണിയുടെ പ്രതികരണം സ്വാഭാവികമാണെന്നും, പാർട്ടി നേതൃത്വവുമായി ചർച്ചകൾ നടന്നാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറിയ അസന്തോഷങ്ങൾ കാരണം ആരും പാർട്ടി വിടില്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.











