
നിലമ്പൂർ: ചുങ്കത്തറ പഞ്ചായത്തിൽ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. വൈസ് പ്രസിഡന്റ് നുസൈബ സുധീർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഇരു മുന്നണികളും തുല്യശക്തിയായിരുന്ന പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായത്. മുൻ എംഎൽഎ പി വി അൻവറിന്റെ ഇടപെടലിലൂടെയാണ് ചുങ്കത്തറ പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായത്.
പി വി അൻവറിന്റെ വിശ്വസ്തനാണ് വൈസ് പ്രസിഡന്റായിരുന്ന നുസൈബ സുധീറിന്റെ ഭർത്താവ് സുധീർ പുന്നപ്പാല. തൃണമൂൽ കോൺഗ്രസ് നിലമ്പൂർ നിയോജകമണ്ഡലം ചെയർമാനാണ് സുധീർ പുന്നപ്പാല. വൈസ് പ്രസിഡന്റ് നുസൈബ സുധീറിനെ കാണാനില്ലെന്ന് കഴിഞ്ഞദിവസം സി.പി.എം. നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ഭാര്യ തന്റെ ഒപ്പം ഉണ്ടെന്നും കാണാനില്ലെന്ന വാർത്ത ശരിയല്ലെന്നുമായിരുന്നു സുധീറിന്റെ പ്രതികരണം.
കനത്ത പൊലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പായി ചുങ്കത്തറയിൽ എൽ.ഡി.എഫ്-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ലാത്തിവീശി. പി.വി. അൻവർ, കോൺഗ്രസ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.











