05:03am 12 November 2026
NEWS
കേരള കോൺ​ഗ്രസിന്റെ പ്രതാപം അസ്തമിക്കുന്നോ?
14/12/2025  06:06 AM IST
nila
കേരള കോൺ​ഗ്രസിന്റെ പ്രതാപം അസ്തമിക്കുന്നോ?

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നഷ്ടമുണ്ടായ പാർട്ടികളുടെ പട്ടികയിൽ കേരള കോൺ​ഗ്രസ് എമ്മും. കേരള കോൺഗ്രസ് (എം)നെ മുന്നിൽ നിർത്തി കോട്ടയം ജില്ല പിടിക്കാനുള്ള എൽഡിഎഫ് തന്ത്രങ്ങൾ ഇത്തവണ പ്രതീക്ഷിച്ച ഫലം നൽകിയില്ല. കോട്ടയത്തും ഇടുക്കിയിലും കഴിഞ്ഞ തവണ നേടിയ രാഷ്ട്രീയ തിളക്കം നിലനിർത്താൻ പാർട്ടിക്ക് സാധിച്ചതുമില്ല. ഇടതുപക്ഷത്തോടുള്ള ജനങ്ങളുടെ അമർഷം കേരള കോൺ​ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും പ്രതിഫലിക്കുകയും ചെയ്തതോടെ പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നു. 

പാലാ നഗരസഭയിൽ കേരള കോൺ​ഗ്രസ് എമ്മിന് നേരിടേണ്ടിവന്ന തിരിച്ചടി ശ്രദ്ധേയമാണ്. കടുത്ത എതിരാളിയായ ബിനു പുളിക്കകണ്ടവും അദ്ദേഹത്തിന്റെ സഹോദരനും മകളും നേടിയ വിജയം പാർട്ടിക്ക് രാഷ്ട്രീയമായി വലിയ ആഘാതമുണ്ടാക്കി. അതേസമയം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെ സ്വന്തം വാർഡ് തന്നെ എൽഡിഎഫിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തതും പാർട്ടിയുടെ പ്രതിഛായയ്ക്ക് തിരിച്ചടിയായി.

കോട്ടയം ജില്ലയിൽ ഇത്തവണ വർധിച്ച 88 വാർഡുകളിൽ 40 എണ്ണം കേരള കോൺഗ്രസ് (എം)ന് സിപിഎം നൽകിയിരുന്നു. 48 സീറ്റുകൾ കൂടുതലായി പാർട്ടിക്ക് ലഭിച്ചു. എന്നാൽ, പരമ്പരാഗത കേരള കോൺഗ്രസ് മേഖലകളിൽ പാർട്ടി ചിഹ്നം ഒഴിവാക്കി ഇടതു സ്വതന്ത്രരെ മത്സരിപ്പിച്ച തീരുമാനം തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു. പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് ഫലങ്ങൾ പുറത്തുവന്നത്. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം) അഞ്ച് ഡിവിഷനുകളിൽ വിജയിച്ചിരുന്നു. ഇത്തവണ അത് നാലായി കുറഞ്ഞു. 

അതേസമയം, പാർട്ടിക്ക് തിരിച്ചടി നേരിട്ടു എന്ന് അം​ഗീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറല്ല. മറിച്ച്, ശക്തമായ യുഡിഎഫ് തരംഗത്തിനിടയിലും കഴിഞ്ഞ തവണത്തെ ഭൂരിഭാഗം സീറ്റുകൾ നിലനിർത്താനായെന്ന അവകാശവാദമാണ് പാർട്ടി നേതൃത്വം ഉയർത്തുന്നത്. പാലായടക്കം പ്രധാന കേന്ദ്രങ്ങളിൽ സീറ്റുകൾ നിലനിർത്തിയതും കിഴക്കൻ മേഖലയിൽ കൂടുതൽ വാർഡുകൾ നേടാനായതുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, യുഡിഎഫിൽ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് ഇത്തവണ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ഇടുക്കി ജില്ലാ പഞ്ചായത്തിൽ നാല് ഡിവിഷനുകളിൽ അവർ വിജയിച്ചു; കഴിഞ്ഞ തവണ രണ്ടിടങ്ങളിലായിരുന്നു വിജയം. മുൻവർഷം യുഡിഎഫിൽ നിന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തത് കേരള കോൺഗ്രസ് (എം)ന്റെ മുന്നണി പ്രവേശനത്തോടെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്ന് റോഷി അഗസ്റ്റിൻ നേടിയ വമ്പൻ വിജയം ജില്ലയിൽ കേരള കോൺഗ്രസ് (എം)ന്റെ ശക്തി തെളിയിച്ചെങ്കിലും, അതിന്റെ പ്രതിഫലനം ജില്ലാ പഞ്ചായത്തിലുണ്ടായില്ല. നാലിടങ്ങളിൽ മത്സരിച്ചെങ്കിലും വിജയമുണ്ടായില്ല. ശക്തികേന്ദ്രമായി കണക്കാക്കിയ കട്ടപ്പന നഗരസഭയിൽ ഭരണമാറ്റം എന്ന ലക്ഷ്യവും യാഥാർത്ഥ്യമായില്ല. എന്നിരുന്നാലും, ലഭിച്ച സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം.

അതേസമയം, പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ്, ജില്ലാ പഞ്ചായത്തിൽ അഞ്ച് ഡിവിഷനുകളിൽ മത്സരിച്ച് നാലിടങ്ങളിൽ വിജയം നേടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img