06:42pm 11 May 2026
NEWS
എൽ.ഡി.എഫ് പരാജയം യു.ഡി.എഫ് വിജയം: ഒരു പോസ്റ്റ്മാർട്ടം റിപ്പോർട്ട്
11/05/2026  08:27 AM IST
അഡ്വ.ജി.സുഗുണൻ
എൽ.ഡി.എഫ് പരാജയം യു.ഡി.എഫ് വിജയം: ഒരു പോസ്റ്റ്മാർട്ടം റിപ്പോർട്ട്

 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വലിയ അടുപ്പമില്ലാത്ത കേരളത്തിലെ ഒരു ക്രിസ്ത്യൻ മതമേധാവി രണ്ട് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതോർക്കുന്നു. കേരളത്തിലെ ഇടതു സർക്കാർ ഇടത്തോട്ടാണ് സഞ്ചരിക്കുന്നതെന്ന് പറയുകയും, എന്നാൽ വലത്തോട്ടാണ് നടക്കുകയും ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ അഭിപ്രായം തന്നെയാണ് സംസ്ഥാനത്തെ ഇടതുപക്ഷ ചിന്താഗതിക്കാർക്കാകെയുള്ളതെന്ന വസ്തുത ഇടത് നേതാക്കൾ വിസ്മരിച്ചിട്ട് കാര്യമില്ല. 

സംസ്ഥാനത്ത് ജനകീയപ്രശ്‌നങ്ങൾ യഥാർത്ഥത്തിൽ രൂക്ഷമാണ്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പിണറായി സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. രൂക്ഷമായ സംസ്ഥാനത്തെ ജനകീയ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനും ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. വ്യാപകമായ സാമൂഹ്യക്ഷേമപെൻഷനും, അത് വർദ്ധിപ്പിച്ചതുമെല്ലാം സ്വാഗതാർഹമായ നടപടികൾ തന്നെയാണ്. സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലായ്മചെയ്യാനുള്ള നടപടികളും ശ്ലാഘനീയമാണ്. എന്നാൽ കൂടെ നിർത്തേണ്ട ജനവിഭാഗങ്ങളായ താഴേക്കിടയിലുള്ള തൊഴിലാളികൾ, മഹാഭൂരിപക്ഷംവരുന്ന പരമ്പരാഗത വ്യവസായ തൊഴിലാളികൾ തുടങ്ങിയവരെ അഭിസംബോധനചെയ്യാൻ ഇടത് സർക്കാരിന് കഴിഞ്ഞിട്ടില്ല. ലക്ഷോലക്ഷംപേർ പണിയെടുത്തിരുന്ന കയർ, കശുവണ്ടി, കൈത്തറി നെയ്ത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെല്ലാം തകർന്നടിഞ്ഞിരിക്കുകയാണ്. ഈ മേഖലയിലുണ്ടായിരുന്ന ലക്ഷകണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. 

താഴേക്കിടയിലുള്ള ആശാവർക്കർമാർ അടക്കമുള്ള തൊഴിലാളി വിഭാഗങ്ങളുടെ ആവശ്യങ്ങളോടും, അവരുടെ ന്യായമായ സമരത്തോടും നിഷേധാത്മാകമായ നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ചത്. ഈ സർക്കാരിന്റെ ഇത്തരം തൊഴിലാളി വിരുദ്ധ നിലപാടുകൾക്ക് യാതൊരു ന്യായീകരണവുമില്ല. കേരളത്തിലെ മഹാഭൂരിപക്ഷംവരുന്ന ഇടതുക്യാമ്പിലെ തൊഴിലാളികളിൽപ്പോലും വലിയ അമർഷവും പ്രതിഷേധവും ഇതുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കരിംകൊടി കാട്ടിയ യുവാക്കളെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരായ പോലീസും ഗുണ്ടകളും ചേർന്ന് തല്ലിച്ചതച്ചതും, ഇതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതും സംസ്ഥാനത്തെ ശക്തമായ ജനരോക്ഷത്തിന് ഇടയാക്കിയ സംഭവമാണ്.

ഇടതുമുന്നണി സ്വന്തം വർഗ്ഗത്തെ വിസ്മരിക്കുകയും, അന്യവർഗ്ഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുകയും ചെയ്യുകയാണെന്ന ആക്ഷേപം വ്യാപകമാണ്. ഇടതുപക്ഷത്തിന്റെ സ്വന്തം വർഗ്ഗമെന്ന് പറഞ്ഞാൽ അത് തൊഴിലാളികളും, സമൂഹത്തിന്റെ താഴേക്കിടയിലുള്ള എല്ലാനിലയിലും നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട പിന്നോക്കജനവിഭാഗങ്ങളും, സാധാരണക്കാരായ ജനങ്ങളുമാണ്. ഈ പിന്നോക്കാദി ജനവിഭാഗങ്ങളാണ് യഥാർത്ഥത്തിൽ സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ അടിത്തറയിലും ഏത് കുറ്റിച്ചൂലിനെ പാർട്ടി തെരഞ്ഞെടുപ്പിൽ നിർത്തിയാലും ആ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നവരായിരുന്ന ഈഴവരാദി പിന്നോക്കവിഭാഗങ്ങൾ. അവർ ഇന്ന് അഭിമുഖീകരിക്കുന്നത് വലിയ സാമൂഹ്യനീതി നിഷേധങ്ങളാണ്. പിന്നോക്കാദി ജനവിഭാഗങ്ങളെ കണ്ടെത്താനും, അതിനനുസൃതമായ നടപടികൾ കൈക്കൊള്ളാനും കേന്ദ്ര-സംസ്ഥാനസർക്കാരുകൾ വിമുഖത കാട്ടുകയായിരുന്നു. 

നിലവിലുള്ള ജാതിസംവരണം യഥാർത്ഥത്തിൽ മനക്കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ജാതീയമായ കണക്കെടുപ്പ് മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന 2011-ലെ ദേശീയ സെൻസസിൽ എടുത്തെങ്കിലും അത് പ്രസിദ്ധീകരിക്കാൻ ആ സർക്കാർ തയ്യാറായിട്ടില്ല. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളിലേതടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങൾ ഏതാണ്ട് 86 ശതമാനം വരെ വരും. കേരളത്തിലെ പിന്നോക്ക ജനസമൂഹം അനൗദ്യോഗിക കണക്കുകൾ പ്രകാരം 87 ശതമാനമാണ്. എന്നാൽ സർക്കാർ ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും, എന്തിന് വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ തലപ്പത്ത് പോലും മഹാഭൂരിപക്ഷം സീറ്റുകളും മുന്നോക്ക - സവർണ്ണ വിഭാഗങ്ങൾ കൈയടക്കി വച്ചിരിക്കുകയാണ്. 

രാജ്യത്തൊട്ടാകെ ജാതി സെൻസസ് എടുക്കണമെന്നും, സാമുദായികമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നുമുള്ള ആവശ്യം വളരെ ശക്തമാണ്. എന്തായാലും ഇതിനകം തന്നെ ബീഹാർ, കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ അര ഡസൻ സംസ്ഥാനങ്ങൾ ജാതി സെൻസസ് നടത്തുകയും, ബീഹാർ അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഈ സെൻസസിന്റെ അടിസ്ഥാനത്തിൽ പിന്നോക്കസംവരണത്തിന്റെ ശതമാനം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെ ശക്തമായ വികാരം മനസ്സിലാക്കിയാണ് കോൺഗ്രസ്സ് ജാതി സെൻസസിനും, അടിസ്ഥാനത്തിൽ പിന്നോക്കസംവരണം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു നിലപാട് ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത്. ഏറ്റവും ഒടുവിൽ ബിജെപിയും ജാതിസെൻസസ് വേണമെന്ന അഭിപ്രായത്തിലെത്തി. പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സാധ്യമല്ലെന്നുള്ള വസ്തുത അവർക്കും ബോധ്യമായിരിക്കുകയാണ്. പുതിയ ദേശീയ സെൻസസിൽ ജാതിക്കോളംകൂടി ഉൾപ്പെടുത്തി ജാതിസെൻസസ് കൂടി എടുക്കാൻ കേന്ദ്രത്തിലെ മോദിസർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലോ.

നിർഭാഗ്യവശാൽ അര ഡസൻ സംസ്ഥാനങ്ങളിൽ ജാതി സെൻസസ് ഇതിനകം നടത്തിയെങ്കിലും ഇക്കാര്യത്തിൽ വളരെ നിഷേധാത്മകമായ നിലപാടാണ് സി പി എമ്മും ഇടതുസർക്കാരും സ്വീകരിച്ചിട്ടുള്ളത്. ജാതിസെൻസസ് എടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും അവരാണ് അത് ചെയ്യേണ്ടതെന്നുമാണ് സി പി എം പറയുന്നത്. ബിജെപി ജാതിസെൻസസിന് എതിരായിരുന്ന രണ്ട് വർഷത്തിന് മുൻപാണ് സി പി എം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ബി ജെ പി ജാതിസെൻസസ് നടത്തുമെന്ന് ഈ പാർട്ടി കരുതിയിരുന്നില്ല. 6 സംസ്ഥാനങ്ങൾ ജാതിസെൻസസ് നടപ്പിലാക്കിയത് സി പി എം നേതൃത്വം അറിഞ്ഞതായിക്കൂടി ഭാവിക്കുന്നില്ല. പല സംസ്ഥാനങ്ങളും നടപ്പാക്കിയ ജാതിസെൻസസ് ഈ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് സംബന്ധിച്ച് ആലോചിക്കാൻ പോലും ഇടതുസർക്കാർ തയ്യാറായില്ല. ഇതിൽ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്കജനവിഭാഗങ്ങൾക്ക് വലിയ പ്രതിഷേധമാണുള്ളത്.

പിന്നോക്ക ജനവിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ജാതിസെൻസസ് അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ  വിമുഖതകാട്ടിയ പിണറായി സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കവിഭാഗത്തിന് രാജ്യത്താദ്യമായി 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയത് കേരളത്തിലാണ്.  96 ശതമാനം ജീവനക്കാരും മുന്നോക്കസമുദായങ്ങളിൽ നിന്നു മാത്രമുള്ള സംസ്ഥാനത്തെ ദേവസ്വംബോർഡിലാണ് 10 ശതമാനം മുന്നോക്ക സംവരണം ഈ സർക്കാർ ഏർപ്പെടുത്തിയത്. പിണറായി സർക്കാരിന്റെ ഈ പാത പിന്തുടർന്നാണ് കേന്ദ്രസർക്കാർ 10 ശതമാനം മുന്നോക്ക സംവരണം രാജ്യത്താകെ നടപ്പിലാക്കിയത്. ഇടതുസർക്കാർ കേരളത്തിൽ കൊണ്ടുവന്ന 10 ശതമാനം മുന്നോക്ക സംവരണത്തിന്റെ പാത പിന്തുടർന്നാണ് കേന്ദ്രത്തിൽ ഇത് നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചതായി അന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേന്ദ്രം 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചപ്പോൾ അത് ആദ്യം നടപ്പിലാക്കിയ സംസ്ഥാനവും കേരളമാണ്.

ഇടത് മുന്നണി സർക്കാരിലും മന്ത്രിസഭയിലുമെല്ലാം മഹാഭൂരിപക്ഷംപേരും മുന്നോക്ക-സവർണ്ണവിഭാഗത്തിൽപ്പെട്ടവരാണെന്നുള്ള ആക്ഷേപം മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങൾക്കുണ്ട്. ഇടത് പാർട്ടികളുടെ നേതൃസ്ഥാനങ്ങളിൽ ഭൂരിപക്ഷവും മുന്നോക്ക സവർണ്ണ വിഭാഗങ്ങൾ കൈയടക്കി വച്ചിരിക്കുകയാണെന്നുള്ള ആക്ഷേപവും ശക്തമാണ്. ഈഴവരാദി പിന്നോക്ക വിഭാഗങ്ങളാണ് ഇടതുപക്ഷത്തിന്റെ അടിത്തറയെന്ന കാര്യം സി പി എം ബോധപൂർവ്വം വിസ്മരിച്ചു. ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഈ മുന്നണിയുടെ സംവരണനയത്തെപ്പറ്റി ഇപ്രകാരമാണ് പറയുന്നത്: ''പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരണമെന്ന നയത്തിൽ എൽ  ഡി എഫ് ഉറച്ചുനിൽക്കുന്നു. ഓരോ സമുദായത്തിലും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്ക് തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മുന്നോക്ക സമുദായങ്ങളിൽ പിന്നോക്ക നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം തുടരുകയും ചെയ്യും''. 

പിന്നോക്ക സമുദായങ്ങളുടെ സംവരണം സംരക്ഷിക്കുന്നതിനും ജനസംഖ്യാടിസ്ഥാനത്തിൽ സംവരണശതമാനം വർദ്ധിപ്പിക്കുന്നതിനും ജാതിസെൻസസ് നടപ്പിലാക്കിയേ മതിയാവൂ. ഇതിനെ സംബന്ധിച്ച് ഒരക്ഷരവും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഇല്ല. വളരെ ബോധപൂർവ്വം പാർട്ടി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഇടത് മുന്നണിയുടെ അടിത്തറയായ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഈ നയത്തിൽ വളരെ ശക്തമായ പ്രതിഷേധമാണുള്ളത്.

നമ്മുടെ രാജ്യത്തെ മുസ്ലീംങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏറ്റവും കടുത്ത അനീതികളെയും അക്രമങ്ങളേയും സംബന്ധിച്ച് സി പി എം പരിപാടിയിൽ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശങ്ങൾ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് പാർട്ടിപരിപാടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും, ഇക്കൂട്ടരെ കൂടെ നിർത്താനും സി പി എം ശ്രമിക്കേണ്ടതാണ്. നിർഭാഗ്യവശാൽ ന്യൂനപക്ഷങ്ങളെ അകറ്റുന്നതിനുള്ള നടപടികളാണ് സി പി എം നേതാക്കളിൽ നിന്നുപോലും ഉണ്ടാകുന്നത്. മലപ്പുറത്തെ സംബന്ധിച്ച് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ശ്രീ പിണറായി വിജയന്റെ 'ഹിന്ദു' പത്രത്തിലെ അഭിമുഖവും, യു ഡി എഫ് അധികാരത്തിൽ വന്നാൽ ജമായത്ത് ഇസ്ലാമി ആയിരിക്കും ഭരണം നടത്തുകയെന്ന സി പി എം നേതാവ് എ.കെ.ബാലന്റെയും, ഈ രീതിയിലുള്ള മറ്റുചില നേതാക്കളുടെയും പ്രസ്താവനകൾ മുസ്ലീം ന്യൂനക്ഷത്തെ കൂട്ടത്തോടെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇടയാക്കിയിട്ടുണ്ട്. മുസ്ലീംങ്ങൾക്കും, മുസ്ലീംലീഗിനും എതിരായിട്ടുള്ള എസ്. എൻ.ഡി.പി യൂണിയൻ നേതാവ് ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനെതിരായ വികാരമാണുണ്ടാക്കിയത്. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ ശ്രീ പിണറായി വിജയനും പാർട്ടിയും തളളിക്കളയാത്തത് ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ നിന്നും അകറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ശക്തമായി ഉണ്ടായിട്ടുമുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പിൽ എൽഡിഎഫി-നുണ്ടായ പരാജയത്തിന്റെ മുഖ്യകാരണങ്ങളിൽ പ്രധാനപ്പെട്ടത് സിപിഎം ന്റെ തെറ്റായ സംവരണനയം തന്നെയാണ്. ബി ജെ പി പോലും ജാതിസെൻസസിനും, അതിന്റെ അടിസ്ഥാനത്തിലുള്ള സംവരണശതമാനം  കൂട്ടലിനും തയ്യാറായിട്ടുണ്ടെങ്കിലും സിപിഎം ഇപ്പോഴും മൗനംപാലിക്കുകയാണ്. സി പി എം-ന്റെയും ഇടതുമുന്നണിയുടെയും സംവരണനയം സംസ്ഥാനത്തെ ബഹുഭൂരിപക്ഷ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളെ ഇടത് മുന്നണിയിലൽ നിന്നും അകറ്റിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ പ്രധാന പിന്നോക്കവിഭാഗമായ ഈഴവ സമുദായത്തിന്റെ ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടിൽ ചിലയിടങ്ങളിൽ 35 ശതമാനത്തിന്റെ വരെ  കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. സി പി എം ന്റെ തെറ്റായ സംവരണനയമാണ് ഇടത് മുന്നണിയോടുള്ള പിന്നോക്ക ജനവിഭാഗത്തിന്റെ എതിർപ്പിന്റെ അടിസ്ഥാന കാരണം. ഇതംഗീകരിക്കാനും തിരുത്താനുമാണ് സിപിഎം തയ്യാറാകേണ്ടത്.

ജനങ്ങളാൽ വെറുക്കപ്പെടുന്ന പല സിറ്റിങ് എം.എൽ മാരേയും തെരഞ്ഞെടുപ്പിൽ വീണ്ടും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ നേതൃത്വം നടത്തിയ നീക്കമാണ് ഈ ദയനീയ പരാജയത്തിന്  മറ്റൊരു കാരണം. തികച്ചും രാഷ്ട്രീയമായാണ് അസംബ്ലിതെരഞ്ഞെടുപ്പിൽ വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുനത്. പാർട്ടിയിലെ പുതിയ കേഡർമാരെ തെരഞ്ഞെടുപ്പുരംഗത്ത് അവതരിപ്പിക്കാനായിരന്നു പാർട്ടി നേതൃത്വം ശ്രമിക്കേണ്ടിയിരുന്നത്. തങ്ങൾക്ക് മതിപ്പില്ലാത്ത സ്വത്വങ്ങളെത്തന്നെ വീണ്ടും തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതിനെതിരായ ജനവിധി കൂടിയാണിത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാതെയാണ് ഇടത് മുന്നണി പരാജയപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ  അസംബ്ലിതെരഞ്ഞെടുപ്പുകളേക്കാൾ 5 ശതമാനം വരെ വോട്ട് ഇടത് മുന്നണിക്ക് കൂടുതലായി ലഭിക്കാറുണ്ടെന്ന് ഒരു പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ചൂണ്ടിക്കാട്ടിയത് ഓർക്കുന്നു. പ്രാദേശികമായി ജനങ്ങളുമായി കൂടുതൽ ബന്ധമുള്ള പ്രവർത്തകർ ഇടത് മുന്നണിക്കാണുള്ളത് എന്നതാണ് ഇതിന് കാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അസംബ്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ പരാജയമായിരിക്കും ഉണ്ടാവുകയെന്ന അഭിപ്രായം ഇപ്പോൾ തികച്ചും ശരിയാവുകയും ചെയ്തിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനത്തിലും കൂടുതൽ വോട്ടുകൾ എൽ ഡി എഫി-ന് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇടതുമുന്നണിയും സിപിഎമ്മും  പഠിക്കേണ്ട വളരെ വിലപ്പെട്ട പാഠങ്ങളാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത്. തെറ്റായ നയങ്ങൾ തിരുത്താൻ പാർട്ടി ഉടൻ തയ്യാറാവണം. ന്യൂനപക്ഷങ്ങളേയും, പിന്നോക്ക ജനവിഭാഗങ്ങളേയും കൂടെ നിർത്താനുള്ള തന്ത്രവും അടവുകളുമാണ് പാർട്ടി സ്വീകരിക്കേണ്ടത്. 

സംസ്ഥാനത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങളെയാകെ വിസ്മരിച്ചുകൊണ്ട് സവർണ്ണ വിഭാഗത്തിന്റെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമീപനം മാറ്റിയെ മതിയാവൂ. ഇടത് മുന്നണിയുടെ സവർണ്ണ പ്രീണനംകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ഒരു ഗുണവും ഈ മുന്നണിക്കുണ്ടായിട്ടില്ല. മുന്നോക്ക-സവർണ്ണ വോട്ടുകളിൽ മഹാഭൂരിപക്ഷവും കോൺഗ്രസ്സിനും ബിജെപിക്കുമാണ് ലഭിച്ചത്. വളരെ തുച്ഛമായ വോട്ടുകൾ മാത്രമാണ് നായർ സമുദായവും, സവർണ്ണ ക്രിസ്ത്യൻ വിഭാഗവുമടക്കമുള്ള മുന്നോക്ക വിഭാഗങ്ങളിൽ നിന്നും ഇടത് മുന്നണിക്ക് ലഭിച്ചത്. ഇടത് മുന്നണിയുടെ അടിത്തറയായ പിന്നോക്കാദി ജനവിഭാഗങ്ങളെ കൂടെ നിർത്തിയിരുന്നെങ്കിൽ ഈ ദുസ്ഥിതി പാർട്ടിക്കുണ്ടാകുമായിരുന്നില്ല. 

തെറ്റ് തിരുത്തലിന് അടിയന്തിരമായും പാർട്ടി തയ്യാറായില്ലെങ്കിൽ പശ്ചിമബംഗാളിലെ ദയനീയസ്ഥിതി ആയിരിക്കും ഇവിടെയും ഉണ്ടാവുക. കേരളത്തിലെ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനം ആരുടെയും സ്വകാര്യസ്വത്തല്ല. ആയിരക്കണക്കിന് പേർ സ്വന്തം ജീവൻ നൽകി കെട്ടിപ്പടുത്ത മഹാപ്രസ്ഥാനമാണിത്. ഇതിനെ ചോരയിൽ മുക്കിക്കൊല്ലാൻ ഒരു നേതാവിനെയും ലക്ഷക്കണത്തിന് വരുന്ന ഇടതുപക്ഷ ജനവിഭാഗങ്ങൾ അനുവദിക്കാനും പോകുന്നില്ല. ഈ വസ്തുത ഈ വൈകിയവേളയിലെങ്കിലും സി പി എം-ഇടത് നേതാക്കൾ മനസ്സിലാക്കിയാൽ അവർക്ക് നന്ന്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img