02:45pm 28 October 2026
NEWS
പി.എസ്.സി. വിവാദം: സി.പി.എം നിലപാടിനോട് വിയോജിപ്പ്; എൽ.ഡി.എഫിൽ ഭിന്നത ശക്തം
27/10/2026  08:20 AM IST
nila
പി.എസ്.സി. വിവാദം: സി.പി.എം നിലപാടിനോട് വിയോജിപ്പ്; എൽ.ഡി.എഫിൽ ഭിന്നത ശക്തം

തിരുവനന്തപുരം: പി.എസ്.സി. ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ രാഷ്ട്രീയപ്രചാരണവും സമരവും ശക്തമാക്കാനുള്ള സി.പി.എം നീക്കത്തിൽ എൽ.ഡി.എഫിൽ ഭിന്നത. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന നടപടികൾ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായെന്ന വിലയിരുത്തലിലാണ് സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ. അതിനാൽ, ഭരണഘടനാ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന സി.പി.എമ്മിന്റെ ആരോപണത്തെ പിന്തുണയ്ക്കാൻ മറ്റു കക്ഷികൾ തയ്യാറാകുന്നില്ല.

പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയോടുള്ള എതിർപ്പിൽ ഇടതുമുന്നണിയിലെ കക്ഷികൾക്ക് ഏകാഭിപ്രായമുണ്ട്. എന്നാൽ, ഈ എതിർപ്പ് നിലനിർത്തുമ്പോഴും പി.എസ്.സി.യെ പൂർണമായി ന്യായീകരിക്കുന്ന സി.പി.എം പ്രചാരണരീതിയോട് യോജിക്കാനാവില്ലെന്നാണ് ഘടകകക്ഷികളുടെ നിലപാട്.

നവംബർ ആദ്യവാരം എൽ.ഡി.എഫ്. യോഗം ചേരാനാണ് തത്ത്വത്തിൽ ധാരണയായിരിക്കുന്നത്. സർക്കാരിനെതിരായ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിനും വിവിധ വിഷയങ്ങളിൽ സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനുമാണ് സി.പി.എം. യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, പി.എം. ശ്രീ പദ്ധതി, ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കണമെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കം മാറ്റിവെച്ച് എൽ.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കാനാണ് സി.പി.ഐ.യുടെ നീക്കം. അതേസമയം, പി.എസ്.സി. ക്രമക്കേടും കിഫ്ബിക്കെതിരായ ആരോപണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.എം. സ്വീകരിക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്ന് സി.പി.ഐ. നേതാക്കൾ വ്യക്തമാക്കുന്നു. പി.എസ്.സി. വിവാദം മാത്രം മുൻനിർത്തി സമരം സംഘടിപ്പിച്ചാൽ അതിന്റെ ഭാഗമാകേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.യിലെ ഒരു വിഭാഗം.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി., വിജിലൻസ് അന്വേഷണങ്ങളിലും സി.പി.എമ്മിന് മുന്നണിക്കുള്ളിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല. ഈ വിഷയങ്ങളിൽ സി.പി.എമ്മിനൊപ്പം നിലകൊള്ളാൻ മറ്റ് ഘടകകക്ഷികൾ തയ്യാറായിട്ടില്ലെന്നതും മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img