09:19am 10 November 2026
NEWS
സർക്കാർ ആശുപത്രിയിലെ ചികിത്സയെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന എൽ.ഡി.എഫ് കൺവീനർ തള്ളി
08/07/2025  10:37 AM IST
സുരേഷ് വണ്ടന്നൂർ
സർക്കാർ ആശുപത്രിയിലെ ചികിത്സയെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന എൽ.ഡി.എഫ് കൺവീനർ തള്ളി

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം വിവാദമായി. ഡെങ്കിപ്പനി ബാധിച്ചപ്പോൾ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്ന മന്ത്രിയുടെ പ്രസ്താവനയാണ് സർക്കാരിനെ വെട്ടിലാക്കിയത്. വിവാദം കത്തിയതോടെ, മന്ത്രിയുടെ വാദങ്ങളെ തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി.

മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിനെക്കുറിച്ച് പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോടായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. "എവിടെയാണോ നല്ല ചികിത്സ ലഭിക്കുന്നത് അവിടേക്ക് ആളുകൾ പോകും. 2019ൽ ഡെങ്കിപ്പനി ബാധിച്ചപ്പോൾ താൻ ചെങ്ങന്നൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, മരിക്കാൻ സാദ്ധ്യത വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് ശുപാർശ ചെയ്തു. അവിടെ ചെന്നപ്പോൾ ബോധമില്ലായിരുന്നു. അവിടത്തെ ചികിത്സകൊണ്ടാണ് താൻ രക്ഷപ്പെട്ടത്. അമൃത ആശുപത്രി മോശമാണോ? സർക്കാർ ആശുപത്രികളിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കും. സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണ്," മന്ത്രി പറഞ്ഞു.
എന്നാൽ, ഈ പ്രസ്താവന വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. "2019ൽ ഡെങ്കി വന്നപ്പോൾ അമൃത ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഞാൻ ബോധമില്ലാതെ കിടന്നപ്പോൾ കുടുംബാംഗങ്ങളാണ് തീരുമാനമെടുത്തത്. സർക്കാർ ആശുപത്രിപോലെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളുമുണ്ട്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞെങ്കിൽ അങ്ങോട്ടുപോകുമായിരുന്നു," അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. "മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവമാണ്. മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയതുകൊണ്ടാണ് എനിക്ക് ജീവൻ രക്ഷിക്കാനായത്," ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇതോടെ, സർക്കാരിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മന്ത്രിയുടെ ഈ പരാമർശം സർക്കാരിന് തലവേദനയായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img