04:36am 19 July 2026
NEWS
വക്കീലൻമാരുടെ 'റീൽസ്' കളി ഇനി നടക്കില്ല; സോഷ്യൽ മീഡിയക്ക് കർശന നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ
​കോടതി മുറികളിലെ ചിത്രീകരണത്തിനും സ്വയം പ്രമോഷനും വിലക്ക്; ലംഘിച്ചാൽ നടപടി.

18/07/2026  08:50 AM IST
സുരേഷ് വണ്ടന്നൂർ
വക്കീലൻമാരുടെ റീൽസ് കളി ഇനി നടക്കില്ല; സോഷ്യൽ മീഡിയക്ക് കർശന നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ ​കോടതി മുറികളിലെ ചിത്രീകരണത്തിനും സ്വയം പ്രമോഷനും വിലക്ക്; ലംഘിച്ചാൽ നടപടി.

​ന്യൂഡൽഹി: അഭിഭാഷകർ, നിയമവിദ്യാർത്ഥികൾ, ഇന്റേണുകൾ എന്നിവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ( കോടതി നടപടികൾ എഡിറ്റ് ചെയ്ത് റീൽസുകളായും ഷോർട്ട് വീഡിയോകളായും പ്രചരിപ്പിക്കുന്നതിനും, ഓൺലൈൻ വഴി കക്ഷികളെ ആകർഷിക്കാൻ ശ്രമിക്കുന്നതിനും എതിരെ കൗൺസിൽ ശക്തമായ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് 37 പേജുള്ള സമഗ്രമായ സർക്കുലറാണ് ബി.സി.ഐ പുറത്തിറക്കിയത്.
​നിയമപരമായ അറിവുകൾ പങ്കുവെക്കുന്നതിനും അക്കാദമിക ചർച്ചകൾക്കും സോഷ്യൽ മീഡിയ ഉപയോഗിക്കാമെങ്കിലും, അത് കോടതികളുടെ അന്തസ്സിനെയോ പ്രൊഫഷണൽ ധാർമ്മികതയെയോ ബാധിക്കരുതെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.

​പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്:


​കോടതി മുറികളിലെ റീൽസ് വിലക്ക്: കോടതി മുറികൾ, കോറിഡോറുകൾ, ബാർ റൂമുകൾ, ചേമ്പറുകൾ എന്നിവയ്ക്കുള്ളിൽ വെച്ച് പ്രൊമോഷണൽ റീൽസുകളോ ചിത്രങ്ങളോ എടുക്കാൻ പാടില്ല. ഔദ്യോഗിക വസ്ത്രമായ ഗൗണും ബാൻഡും ധരിച്ച് വ്യക്തിഗത ബ്രാൻഡിംഗിനായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതും നിയമവിരുദ്ധമാണ്.

​ഓൺലൈൻ പരസ്യങ്ങൾക്ക് വിലക്ക്:

 നിയമവ്യവഹാരം ഒരു പൊതുസേവനമാണ്, അല്ലാതെ വെറും വാണിജ്യ ബിസിനസ്സല്ലെന്ന് സർക്കുലർ ഓർമ്മിപ്പിക്കുന്നു. വിജയം ഉറപ്പുനൽകുന്ന പോസ്റ്റുകൾ, തള്ളലുകൾ നിറഞ്ഞ തംബ്‌നെയിലുകൾ, ക്ലിക്ക് ബെയ്റ്റുകൾ, കക്ഷികളുടെ സാക്ഷ്യപത്രങ്ങൾ (Testimonials) എന്നിവ വഴി പരസ്യം നൽകുന്നത് കർശനമായി നിരോധിച്ചു.
​അനധികൃത റെക്കോർഡിംഗ് പാടില്ല: കോടതികളുടെ പ്രത്യേക അനുമതിയില്ലാതെ വിർച്വലോ ഫിസിക്കലോ ആയ നടപടികൾ റെക്കോർഡ് ചെയ്യാനോ, ലൈവ് സ്ട്രീമിംഗ് ദൃശ്യങ്ങൾ മുറിച്ചെടുത്ത് പ്രചരിപ്പിക്കാനോ പാടില്ല.
​എഐ ദുരുപയോഗത്തിനെതിരെ ജാഗ്രത: ഡീപ് ഫെയ്ക്കുകൾ, വോയ്സ് ക്ലോണിംഗ്, വ്യാജ വിധികൾ നിർമ്മിക്കൽ, എഐ ജനറേറ്റഡ് നിയമോപദേശങ്ങൾ എന്നിവ വഴി ജഡ്ജിമാരെയോ മറ്റ് അഭിഭാഷകരെയോ ഡിജിറ്റലായി അനുകരിക്കുന്നത് നിയമവ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുമെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.
നിയമവിദ്യാർത്ഥികൾക്കും ഇന്റേണുകൾക്കും ബാധകം
​നിയന്ത്രണങ്ങൾ നിയമവിദ്യാർത്ഥികൾക്കും ബാധകമാക്കിയിട്ടുണ്ട്. എൽ.എൽ.ബി, എൽ.എൽ.എം കോഴ്സുകളിൽ പ്രവേശനം നേടുമ്പോഴും ഇന്റേൺഷിപ്പ് ആരംഭിക്കുമ്പോഴും വിദ്യാർത്ഥികൾ ഇനി മുതൽ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണം. ഔദ്യോഗിക രഹസ്യങ്ങൾ സൂക്ഷിക്കുമെന്നും കോടതി ദൃശ്യങ്ങൾ പ്രചരിപ്പിക്കില്ലെന്നും ഉറപ്പുനൽകുന്നതാകണം ഇത്. ലോ കോളേജുകൾ ഇക്കാര്യത്തിൽ കൃത്യമായ റെക്കോർഡുകൾ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img