
ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധി പുനർനിർണയിച്ചതിൽ അഭിഭാഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നു മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്നാണ് ബാർ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധി പുനർനിർണയിച്ചത് അശാസ്ത്രീയമായാണ് എന്നാണ് അഭിഭാഷകരുടെ നിലപാട്. കറുകച്ചാൽ പൊലീസ് സ്റ്റേഷൻ മാറ്റി കാഞ്ഞിരപ്പള്ളി കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയതാണ് അഭിഭാഷക പ്രതിഷേധത്തിന് കാരണമായത്.
ചങ്ങനാശേരി ബാർ അസോസിയേഷൻറെ നേതൃത്വത്തിലാണ് സമരം.സമരപരിപാടികളുടെ ഭാഗമായി അഭിഭാഷകരും അഭിഭാഷക ക്ലർക്കുമാരും കോടതി നടപടികളിൽ നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചിരുന്നു. കറുകച്ചാൽ പൊലീസ് സ്റ്റേഷൻ കാഞ്ഞിരപ്പള്ളി കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയ നടപടികളിൽ കറുകച്ചാൽ, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകൾ അഭിഭാഷക പ്രതിഷേധത്തിനു പിന്തുണനൽകുവാനും തീരുമാനിച്ചിട്ടുണ്ട്.










