
സനാതനധർമ്മത്തെ അവഹേളിച്ചാൽ സഹിക്കില്ലെന്ന ഭീഷണിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ മുതിർന്ന അഭിഭാഷകൻ രാകേഷ് കിഷോർ, കോടതിനടപടികൾ നടക്കുന്നതിനിടെ കയ്യിലിരുന്ന കടലാസ് കെട്ട് വലിച്ചെറിഞ്ഞ്, ഷൂ കൂടി എറിയാൻ ശ്രമിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി നീക്കേണ്ടിവന്ന സംഭവം നമ്മുടെ രാജ്യം എവിടേക്കാണ് വളരുന്നതെന്ന ചോദ്യം ഉയർത്തുന്നു. തന്റെ ചെയ്തിക്ക് ഇയാൾ കാരണമായി പറഞ്ഞത് കഴിഞ്ഞമാസം മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയത്തിൽ വിഷ്ണുവിഗ്രഹം സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ഹർജി പരിഗണിക്കവേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ ഭഗവാനോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് ഗവായി ഹർജിക്കാരനോട് പറഞ്ഞു എന്നതാണത്രെ.
ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരേ അങ്ങേയറ്റം വിഷലിപ്തമായ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തീവ്ര 'ഹിന്ദുത്വ'വാദികൾ നടത്തിയിരുന്നു. തന്റെ പരാമർശം സമൂഹമാധ്യമങ്ങൾ വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയുമായിരുന്നുവെന്നും തനിക്ക് എല്ലാ മതങ്ങളോടും ബഹുമാനമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നതാണ്. തനിക്ക് നേരെ അതിക്രമം ഉണ്ടാകുമ്പോൾ അക്ഷോഭ്യനായിരുന്ന ചീഫ് ജസ്റ്റിസ് ആക്രമണം നടത്തിയ ആളുടെ പേരിൽ കേസ് എടുക്കേണ്ടതില്ലെന്ന് വിവേകപൂർവ്വം നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ മാന്യത. അതേസമയം പോലീസ് വിട്ടയച്ച ശേഷവും, ഈ 71 കാരൻ പ്രതികരിച്ചത് തനിക്ക് കുറ്റബോധമില്ലെന്നും, മാപ്പുപറയില്ലെന്നും സനാതനധർമ്മത്തോടുള്ള അനാദരം ഇന്ത്യ പൊറുക്കില്ല എന്നുമാണ്.
ഈ ദിവസങ്ങളിൽ തന്നെയാണ് ഡൽഹി മുഖ്യമന്ത്രി രേഖാഗുപ്ത 'സമൂഹത്തിൽ അറിവിന്റെ ജ്വാല തെളിച്ചത് നമ്മുടെ ബ്രാഹ്മണ സമൂഹമാണ്. അവർ വേദങ്ങളെ മാത്രമല്ല, ആയുധങ്ങളേയും ആരാധിക്കുന്നു, അവയിലൂടെ മാത്രമേ സമൂഹത്തേയും രാജ്യത്തേയും സംരക്ഷിക്കാൻ കഴിയൂ. അതുകൊണ്ട് എല്ലാ സർക്കാരുകളും ബ്രാഹ്മണരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കണം' എന്നു പറഞ്ഞത്. രേഖഗുപ്ത മുഖ്യമന്ത്രിയായശേഷം ആദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ. അംബേദ്കറുടെ ചിത്രം നീക്കുകയായിരുന്നു.
പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസാണ് ബി.ആർ. ഗവായ്. ബി.ആർ. അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബുദ്ധമതം പിന്തുടരുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവർത്തകയുമായ കമൽ തായ ഗവായ് താനൊരു അംബേദ്കറിസ്റ്റ് ആണ് എന്നു തുറന്നുപറയാറുള്ള ആളാണ്.
ചീഫ് ജസ്റ്റിസിന് നേരേയുണ്ടായ അതിക്രമം ശിക്ഷാർഹമാണെങ്കിലും അതുണ്ടാക്കുന്ന സാമൂഹികാഘാതങ്ങൾ ശിക്ഷാവിധിയിലൂടെ മാത്രം പരിഹരിക്കാവുന്നതല്ല. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിക്കപ്പെട്ട മൈത്രി (Fraternity) എന്ന മൂല്യത്തിന് കഴിഞ്ഞ ഒരു ദശകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷതങ്ങളിൽ ഒടുവിലത്തേതാണ് ചീഫ് ജസ്റ്റിസിനെതിരായ അതിക്രമം. രാജ്യത്തെ ചാതുർവർണ്ണ്യകാലത്തേക്ക് തിരിച്ചുകൊണ്ടുപോകുക എന്നതാണ് തീവ്ര 'ഹിന്ദുത്വ' വാദികളുടെ ആത്യന്തികലക്ഷ്യം. ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ജനങ്ങളിൽ ഒരു വിഭാഗവും വേർതിരിവിന്റെ പ്രചാരകരും പ്രയോക്താക്കളുമായപ്പോൾ രാഷ്ട്രത്തിന്റെ തന്നെ സാമൂഹിക അടിത്തറയാണ് ആക്രമിക്കപ്പെട്ടത്.
ഭരണഘടനാപരമായ സാഹോദര്യം വീണ്ടെടുക്കുക എന്നതാണ് ഇന്ത്യൻ ജനതയുടെ പ്രാഥമിക ചുമതല. ഒരു ഭരണഘടനയും സ്വയം പ്രവർത്തിക്കുന്നില്ല. അതിന് പ്രവർത്തിക്കാനാവശ്യമായ കാലാവസ്ഥ ഉണ്ടാക്കുന്നത് ജനങ്ങളാണ്.










