08:17am 08 November 2026
NEWS
ബലാത്സംഗക്കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകൻ ജീവനൊടുക്കി
13/04/2025  04:05 PM IST
nila
ബലാത്സംഗക്കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകൻ ജീവനൊടുക്കി

കൊല്ലം: ബലാത്സംഗക്കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകൻ ജീവനൊടുക്കി. എറണാകുളം പിറവം സ്വദേശി  പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയാണ് മനു. കേസിൽ പ്രതിയായതോടെ ഹൈക്കോടതിയിലെ സീനിയർ ഗവൺമെൻ്റ് പ്ലീഡർ പദവി ഉൾപ്പെടെ മനു രാജിവെച്ചിരുന്നു. 

ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായിരുന്ന മനു എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ച കണക്കിലെടുത്തായിരുന്നു ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. 

നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്.  2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ അഞ്ചു വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരമാണ് യുവതി മനുവിനെ സമീപിച്ചത്. അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്. കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്.

കേസിന്റെ ആവശ്യങ്ങൾക്കായാണ് കൊല്ലത്ത് ഇദ്ദേഹം വാടക വീട് എടുത്തിരുന്നത്. ഈ വാടകവീട്ടിലാണ് മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img