12:22am 18 November 2026
NEWS
പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഡിജിറ്റൽ അറസ്റ്റ്; അഭിഭാഷകന് നഷ്ടമായത് നാല് കോടി രൂപ
17/11/2026  01:17 PM IST
nila
പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഡിജിറ്റൽ അറസ്റ്റ്; അഭിഭാഷകന് നഷ്ടമായത് നാല് കോടി രൂപ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ കേസിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് ഡിജിറ്റൽ അറസ്റ്റിലാക്കിയ അഭിഭാഷകനിൽ നിന്ന് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് ഏകദേശം നാല് കോടി രൂപ. സിബിഐ, എൻഐഎ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ തട്ടിപ്പുസംഘം 20 ദിവസത്തോളം ഭീഷണിയുടെയും നിരീക്ഷണത്തിന്റെയും മുൾമുനയിൽ നിർത്തിയാണ് പണം കൈക്കലാക്കിയത്. ന്യൂയോർക്കിൽ താമസിക്കുന്ന ഡൽഹി സ്വദേശിയായ അതുൽ തൽവാറാണ് തട്ടിപ്പിനിരയായത്.

1982 മുതൽ ന്യൂയോർക്കിൽ താമസിക്കുന്ന അതുൽ തൽവാർ ജൂലൈ 31നാണ് ഇന്ത്യയിലെത്തിയത്. നോയിഡ സെക്ടർ 30ലുള്ള കുടുംബവീടിന്റെ നവീകരണ ജോലികൾക്ക് മേൽനോട്ടം വഹിക്കാനായി ഗുരുഗ്രാമിലെ സഹോദരനൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഒക്ടോബർ 17ന് തട്ടിപ്പുസംഘം ആദ്യമായി ഫോണിൽ ബന്ധപ്പെട്ടത്.

മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ആദ്യ ഫോൺ കോൾ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അതുൽ തൽവാറിന്റെ ആധാർ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ ആധാർ ഉപയോഗിച്ച് ആരംഭിച്ച ബാങ്ക് അക്കൗണ്ടിലൂടെ 53 കോടി രൂപയുടെ ഇടപാട് നടന്നതായും ഇതിൽ അഞ്ച് കോടി രൂപ കമ്മിഷനായി ലഭിച്ചെന്നും തട്ടിപ്പുകാർ അവകാശപ്പെട്ടു. ആരോപണങ്ങൾ നിഷേധിച്ചതോടെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നാലെ സിബിഐ അസിസ്റ്റന്റ് ഡയറക്ടറുടെ പേരിലുള്ളതെന്ന് അവകാശപ്പെട്ട രഹസ്യ കത്ത് വാട്സാപ്പിലൂടെ അയച്ചുനൽകി. ഓഡിയോ, വിഡിയോ കോളുകളിലൂടെ നിരന്തര നിരീക്ഷണം ആരംഭിച്ചതോടെ തൽവാറിന്റെ സ്വതന്ത്രമായ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വീട്ടിലെത്തുന്നവരുടെ വിവരങ്ങൾ പോലും തട്ടിപ്പുകാർ ചോദിച്ചറിഞ്ഞു. ഒക്ടോബർ 18ന് വീടിന് സമീപത്തുനിന്ന് ഭീകരബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നതായുള്ള വ്യാജ ദൃശ്യങ്ങൾ കൂടി കാണിച്ചതോടെ അദ്ദേഹം കൂടുതൽ ഭീതിയിലായി.

ഒക്ടോബർ 19 മുതൽ സിബിഐ, എൻഐഎ ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോളിലൂടെ ഓൺലൈൻ വിചാരണയും ആരംഭിച്ചു. ഇതിനിടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പുകാർ കൈക്കലാക്കി. അന്വേഷണത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് സിറ്റി ബാങ്കിലെ റിട്ടയർമെന്റ് അക്കൗണ്ടിലുള്ള പണം പിൻവലിച്ച് കൈമാറാൻ നിർദേശിച്ചു. പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് ഐടി വിദഗ്ധന്റെ സഹായവും ഒരുക്കി. പിന്നാലെ ക്രിപ്‌റ്റോകറൻസി അക്കൗണ്ട് ആരംഭിക്കാനും നിർബന്ധിച്ചു.

നികുതി അടയ്ക്കാനെന്ന പേരിൽ ഏകദേശം 1.5 കോടി രൂപയാണ് ആദ്യം കൈക്കലാക്കിയത്. ശേഷിച്ച രണ്ടര കോടി രൂപയോളം ക്രിപ്‌റ്റോകറൻസി വഴിയും തട്ടിയെടുത്തു. നവംബർ ഏഴായപ്പോഴേക്കും ആകെ നഷ്ടം നാല് കോടിയോളമായി. അന്വേഷണം പൂർത്തിയാകുന്നതോടെ പണം തിരികെ നൽകുമെന്നായിരുന്നു തട്ടിപ്പുകാരുടെ ഉറപ്പ്.

എന്നാൽ നവംബർ ഏഴ് കഴിഞ്ഞിട്ടും പണം മടങ്ങിയെത്തിയില്ല. സംശയം പ്രകടിപ്പിച്ചതോടെ തട്ടിപ്പുകാർ ബന്ധപ്പെടുന്നതും അവസാനിപ്പിച്ചു. ഇതോടെയാണ് താൻ സൈബർ തട്ടിപ്പിന് ഇരയായെന്ന് അതുൽ തൽവാർ തിരിച്ചറിഞ്ഞത്. തുടർന്ന് ഗൗതം ബുദ്ധ് നഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നവംബർ 11ന് ന്യൂയോർക്കിലേക്ക് മടങ്ങിയ അദ്ദേഹം യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐക്കും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബർ സെക്യൂരിറ്റി ഡിസിപി ശൈവ്യ ഗോയൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img